306 വര്‍ഷത്തെ ചരിത്രം തിരുത്തി 18 കാരന്‍; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസറായി നഥാന്‍ തോമസ്

AUGUST 4, 2026, 4:45 AM

കോളജ് ക്ലാസ് മുറിയിലേക്ക് നടന്നു കയറിയ അധ്യാപകനെ കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ കരുതിയത് തങ്ങളുടെ പുതിയ സഹപാഠിയാണെന്നാണ്. എന്നാല്‍ മിനിറ്റുകള്‍ക്കകം കംപ്യൂട്ടിങ് പ്രോഗ്രാമിംഗിലെ സങ്കീര്‍ണ്ണമായ പാഠങ്ങള്‍ ലളിതമായി വിശദീകരിച്ചു തുടങ്ങിയപ്പോള്‍ വിദ്യാര്‍ഥികള്‍ അത്ഭുതപ്പെട്ടു. അമേരിക്കയിലെ മിയാമി ഡേഡ് കോളജിലെ ഈ 18-കാരനായ അധ്യാപകന്‍ നഥാന്‍ തോമസാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസര്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുന്നത്.

18 വയസ്സും 346 ദിവസവും പ്രായമുള്ളപ്പോഴാണ് നഥാന്‍ ഔദ്യോഗികമായി പ്രൊഫസറായി ചുമതലയേല്‍ക്കുന്നത്. 1746-ല്‍ അന്തരിച്ച കോളിന്‍ മക്ലോറിന്‍ എന്ന 19-കാരന്റെ പേരിലുണ്ടായിരുന്ന 306 വര്‍ഷം പഴക്കമുള്ള ചരിത്ര റെക്കോര്‍ഡാണ് നഥാന്‍ ഇതോടെ തകര്‍ത്തത്. ഇതോടൊപ്പം 2008-ല്‍ ആലിയ സബൂര്‍ സ്ഥാപിച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രൊഫസര്‍ എന്ന റെക്കോര്‍ഡിനേക്കാള്‍ 16 ദിവസം കുറഞ്ഞ പ്രായത്തിലാണ് നഥാന്‍ ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.

വേറിട്ട വിദ്യാഭ്യാസ യാത്ര

സാധാരണ കുട്ടികളുടെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു നഥാന്റെ യാത്ര. പത്താം വയസ്സില്‍ തന്നെ കോളജ് തല കോഴ്സുകള്‍ ആരംഭിച്ച നഥാന്‍, പതിനാലാം വയസ്സില്‍ ഫ്‌ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലേക്ക് മാറി. ഭൂരിഭാഗം കുട്ടികളും പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുന്ന പതിനെട്ടാം വയസ്സില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ബിരുദങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നഥാന്‍ അധ്യാപന രംഗത്തേക്ക് പ്രവേശിച്ചത്.

ഗണിതശാസ്ത്രത്തോടുള്ള തീവ്രമായ പ്രണയവും എഞ്ചിനീയര്‍മാരായ മാതാപിതാക്കളുടെ പിന്തുണയുമാണ് തന്നെ ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് നഥാന്‍ പറയുന്നു. സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ വളരെ ലളിതമായി അവതരിപ്പിക്കാനുള്ള അമ്മയുടെ ശൈലിയാണ് തന്റെ അധ്യാപന രീതിക്ക് വഴികാട്ടിയായതെന്നും നഥാന്‍ ഓര്‍ക്കുന്നു.

പ്രായമല്ല ലക്ഷ്യമാണ് പ്രധാനം

ക്ലാസ് മുറിയില്‍ എല്ലാവരുടെയും ലക്ഷ്യം ഒന്നാണെന്നും അവിടെ പ്രായത്തിന് യാതൊരു പ്രസക്തിയുമില്ലെന്നുമാണ് നഥാന്റെ നിലപാട്. ഒരു വിദ്യാര്‍ഥിക്ക് സങ്കീര്‍ണ്ണമായ ആശയം വ്യക്തമാകുമ്പോള്‍ അവരുടെ മുഖത്തുണ്ടാകുന്ന തിളക്കമാണ് തനിക്ക് ഏറ്റവും വലിയ സംതൃപ്തി നല്‍കുന്നതെന്ന് ഈ യുവ പ്രൊഫസര്‍ വ്യക്തമാക്കുന്നു. മറ്റുള്ളവരെ പഠിപ്പിക്കുന്നതിലൂടെ സ്വന്തം അറിവ് വര്‍ധിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്നും നഥാന്‍ വിശ്വസിക്കുന്നു.

അധ്യാപനത്തോടൊപ്പം സ്വന്തം പഠനം തുടരാനാണ് നഥാന്റെ തീരുമാനം. നിലവില്‍ യൂണിവേഴ്സിറ്റി ഓഫ് മിയാമി സ്‌കൂള്‍ ഓഫ് ലോയില്‍ നിയമപഠനം നടത്തുന്ന നഥാന്‍, 2028-ല്‍ പഠനം പൂര്‍ത്തിയാക്കി സ്വത്തവകാശ നിയമ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. പഠനത്തിന് പുറമെ ബാസ്‌ക്കറ്റ്ബോള്‍, ടെന്നീസ് തുടങ്ങിയ കായിക വിനോദങ്ങളിലും സജീവമാണ് ഈ മിടുക്കന്‍.

മറ്റുള്ളവരുടെ സമയക്രമവുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യാതെ, സ്വന്തം ലക്ഷ്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് നഥാന്‍ തോമസ് പുതുതലമുറയോട് ആഹ്വാനം ചെയ്യുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam