ബംഗ്ലാദേശില്‍ അഞ്ചാം തവണയും അധികാരത്തിലേറിയിരിക്കുകയാണ് ഷെയ്ഖ് ഹസീന. ഞായറാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് അവര്‍ വിജയം ഉറപ്പിച്ചത്. ഏറ്റവും കൂടുതല്‍ കാലം തിരഞ്ഞെടുക്കപ്പെട്ട പദവിയില്‍ ഇരുന്ന വനിതാ ഭരണാധികാരി എന്ന ലോക റെക്കോര്‍ഡിട്ട 76 കാരിയായ ഷെയ്ഖ് ഹസീനയ്ക്ക് തുടര്‍ച്ചയായി ഇരുന്ന വനിതാ ഭരണാധികാരി എന്ന ലോകറെക്കോര്‍ഡ് മറികടക്കാന്‍ ഇനി അധിക ദൂരമില്ല.
ഐസ്‌ലാന്‍ഡിന്റെ പ്രസിഡണ്ട് ആയിരുന്ന വിഗ്ഡിസ് ഫിന്‍ബോഗഡോട്ടിര്‍ ആണ് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന വനിത.16 വര്‍ഷമാണ് (5844 ദിവസം) ഇവര്‍ അധികാരത്തിലിരുന്നത്. ഐസ്‌ലാന്റിന്റെ നാലാമത്തെ പ്രസിഡന്റായി 1980 ല്‍ അധികാരത്തിലേറിയ ഇവര്‍ 1996 വരെ ഈ പദവിയില്‍ തുടര്‍ന്നു. 2009 ല്‍ ആരംഭിച്ച ഷെയ്ഖ് ഹസീനയുടെ യാത്ര ഇപ്പോഴും തുടരുകയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതകൂടി ഇതിനുണ്ടായിരുന്നു. ഷെയ്ഖ് ഹസീനയുടെ നീണ്ട ഭരണ കാലത്ത് നിരവധി പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റിലായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ കാലം കൂടിയായിരുന്നു അതെന്ന് പറയാം.
ബംഗ്ലാ ദേശീയ നേതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍- ബീഗം ഫസിലത്തുന്നീസ മുജീബ് ദമ്പതികളുടെ മൂത്ത മകളാണ് ഷെയ്ഖ് ഹസീന. 1947 സെപ്റ്റംബര്‍ 28ന് കിഴക്കന്‍ ബംഗാളിലെ തുംഗിപുരയിലായിരുന്നു അവരുടെ ജനനം. 1975 ലെ പട്ടാള അട്ടിമറിയില്‍ ഹസീനയും ഭര്‍ത്താവും കുട്ടികളും സഹോദരി രഹാനയും ഒഴികെ പിതാവ് മുജീബൂര്‍ റഹ്മാന്‍ ഉള്‍പ്പെടെ കുടുംബത്തിലെ മിക്കവരും കൊല്ലപ്പെട്ടു. 1975 ഓഗസ്റ്റ് 15 നായിരുന്നു ഈ സംഭവം. ഈ സമയം യൂറോപ്പ് സന്ദര്‍ശനത്തിലായിരുന്ന ഹസീനയും വസീദും, രഹാനയും പടിഞ്ഞാറന്‍ ജര്‍മനിയിലെ ബംഗ്ലാദേശ് അംബാസിഡറുടെ വീട്ടില്‍ അഭയം തേടി.
അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇവര്‍ക്ക് രാഷ്ട്രീയ അഭയം നല്‍കി. അങ്ങനെ ആറ് വര്‍ഷക്കാലത്തോളം അവര്‍ ഇന്ത്യയില്‍ തങ്ങി. അന്നത്തെ പട്ടാള സര്‍ക്കാര്‍ തലവനായ സിയാ ഉര്‍ റഹ്മാന്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നതിന് ഹസീനയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 1981 ല്‍ അവാമി ലീഗ് പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടതോടെ തന്റെ രാജ്യം സന്ദര്‍ശിക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ 1981 മെയ് 17 ന് അവര്‍ ബംഗ്ലാദേശില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഹസീന തന്റെ രാഷ്ട്രീയ എതിരാളിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(ബിഎന്‍പി)യുടെ തലവനായ ഖാലിദ സിയയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി. രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കാനുള്ള ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി. 1990ലെ ഈ പ്രക്ഷോഭത്തിലൂടെ അന്നത്തെ സൈനിക ഭരണാധികാരിയായ ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദിനെ താഴെയിറക്കാനും കഴിഞ്ഞു.
എന്നാല്‍ സിയയും ഹസീനയും തമ്മിലുള്ള സഖ്യം അധികം നാള്‍ നീണ്ടുനിന്നില്ല. 1996 ല്‍ അവാമി ലീഗ് പാര്‍ട്ടിയെ മുന്‍നിരയില്‍ നിന്ന് നയിച്ച ഹസീന അധികാരത്തിലെത്തി. പിന്നീട് 2009 ല്‍ വീണ്ടും അവര്‍ അധികാരം പിടിച്ചെടുത്തു. അത് വീണ്ടും തുടരുന്നു. എന്നാല്‍ പതിയെ പതിയെ ഷെയ്ഖ് ഹസീനയുടെ ഭരണം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങിയെന്നാണ് രാഷ്ട്രീയ എതിരാളികള്‍ വിലയിരുത്തുന്നത്. ഹസീനയുടെ ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളും ആക്ടിവിസ്റ്റുകളും കൂട്ടമായി അറസ്റ്റ് ചെയ്യപ്പെട്ടു.
മുന്‍ പ്രധാനമന്ത്രി കൂടിയായ സിയയെ 2018 ല്‍ അഴിമതി ആരോപണത്തിന്റെ പേരില്‍ ജയിലിലാക്കുകയും ചെയ്തു. വ്യാജ ആരോപണത്തിന്റെ പേരിലാണ് സിയയെ ജയിലിലടച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിയയെ ധാക്കയിലെ സ്വന്തം വീട്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവും സിയയ്ക്ക് മേലുണ്ടായിരുന്നു. സിയയുടെ മകനായ താരിഖ് റഹ്മാനാണ് ബിഎന്‍പിയുടെ ആക്ടിംഗ് ചെയര്‍മാന്‍. എന്നാല്‍ നിരവധി ആരോപണങ്ങളെത്തുടര്‍ന്ന് ഇപ്പോള്‍ അദ്ദേഹവും പ്രവാസ ജീവിതം നയിക്കുകയാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ മിര്‍സ ഫക്റൂല്‍ ഇസ്ലാം ആലംഗീര്‍ ഉള്‍പ്പടെ നിരവധി നേതാക്കള്‍ ഇപ്പോഴും തടവിലാണ്. ഇക്കഴിഞ്ഞ ഒക്ടോബറിലെ ശക്തമായ പ്രതിഷേധ പ്രക്ഷോഭത്തിന് പിന്നാലെയാണ് നേതാക്കള്‍ ജയിലിലായത്.
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഹസീന സര്‍ക്കാര്‍ 10,000ലധികം പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തതെന്ന് ബിഎന്‍പിയും മറ്റ് അവകാശ സംഘടനകളും ആരോപിക്കുന്നു. രാജിവെയ്ക്കണമെന്നും തിരഞ്ഞെടുപ്പ് നടത്താന്‍ നിക്ഷ്പക്ഷ അധികാരിയെ അനുവദിക്കണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം ഹസീന തള്ളിയിരുന്നു. കൂടാതെ ഒക്ടോബറില്‍ ധാക്കയില്‍ 14 പേര്‍ കൊല്ലപ്പെട്ട പ്രക്ഷോഭത്തിന് പ്രതിപക്ഷം നേതൃത്വം നല്‍കിയെന്ന് ഷെയ്ഖ് ഹസീന ആരോപിക്കുകയും ചെയ്തു.
അതേസമയം രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കുന്നുവെന്നാണ് ഹസീനയുടെയും കൂട്ടാളികളുടെയും പ്രധാന ആരോപണം. ഷെയ്ഖ് ഹസീനയുടെ കഴിഞ്ഞ 15 വര്‍ഷത്തെ ഭരണം സ്വേച്ഛ്യാധിപത്യത്തിന് സമാനമാണെന്നാണ് വിമര്‍ശകരുടെ വാദം. എന്നാല്‍ ബംഗ്ലാദേശ് സമ്പദ് വ്യവസ്ഥയിലേക്കുള്ള കാര്യമായ ഇടപെടലും റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ സ്വീകരിച്ച നടപടിയും ഷെയ്ഖ് ഹസീനയുടെ ആഗോള പ്രശസ്തി വര്‍ധിപ്പിക്കുകയാണുണ്ടായത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1