കഥയുടെ തുടക്കം അമേരിക്കയിലാണ്. ഇപ്പോഴെങ്ങും അല്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണ്. അതായത്, 1975 സെപ്തംബര്‍ എട്ട്. അര നൂറ്റാണ്ട് മുന്‍പുള്ള അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ചെയിനി സ്റ്റേറ്റ് കോളജ്. തിയോഡോര്‍ ബെന്‍ എന്ന ജൂനിയര്‍ വിദ്യാര്‍ത്ഥി ബാരി വില്യംസ്, ഫ്രാങ്ക് സ്റ്റീവന്‍സ് എന്നീ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരവും മൃഗീയവും മനുഷ്യത്വരഹിതവുമായ ഹേസിങ്ങ് പ്രകടനത്തിന് ഇരയാകുന്നു.
'ഡോഗ് ലൈന്‍' എന്നറിയപ്പെടുന്ന ഹെയ്സിങ്ങിന്റെ ഇരയായ ബെന്നിന് മറ്റൊരു വിദ്യാര്‍ത്ഥിയെ ഒരു ഇടനാഴിയില്‍ നിന്ന് മുകളിലേക്കും താഴേക്കും കൊണ്ടു പോകേണ്ടി വന്നു. ഒരു സീനിയര്‍ വിദ്യാര്‍ത്ഥി ബെന്നിനെ ചുമരിലേക്ക് ഇടിച്ചു. തലയോട്ടി തകര്‍ന്നു. ബെന്‍ കോമയിലേക്ക് വീണു. നാല് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി. മനപൂര്‍വമല്ലാത്ത നരഹത്യ, ക്രൂരമായ ആക്രമണം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ആ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അന്നത്തെ കോളജ് പ്രസിഡന്റായിരുന്ന വെയ്ഡ് വില്‍സണ്‍ എല്ലാ ഉത്തരവാദിത്തങ്ങളും നിഷേധിച്ചു. കോടതിയില്‍ കേസ് പരാജയപ്പെട്ടു. പ്രതികള്‍ കുറ്റവിമുക്തരായി.
ഹേസിങ്ങ് എന്ന ക്രൂരവിനോദത്തിന്റെ ഇരയായി തിയഡോര്‍ ബെന്‍ അവസാനിച്ചു. പക്ഷെ ഹേസിങ്ങ് എന്ന ക്രൂര വിനോദം അവസാനിച്ചില്ല. പിന്നെയും നിരവധി തിയഡോര്‍ ബെന്നുമാര്‍ അമേരിക്കയില്‍ ആവര്‍ത്തിക്കപ്പെട്ടു. ഭൂകണ്ഡങ്ങള്‍ക്ക് ഇപ്പുറം ഏഷ്യയില്‍ റാഗിങ് എന്ന പേരില്‍ സീനിയര്‍ വിദ്യാര്‍ഥികളാല്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടു, ചിലരുടെ ജീവിതം അവസാനിക്കപ്പെട്ടു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോട്ടയം ഗാന്ധിനഗര്‍ ഗവ. നഴ്സിങ് കോളജ് ഹോസ്റ്റലില്‍ അരങ്ങേറിയത്. റാഗിങ്ങിന്റെ നടുക്കുന്ന ക്രൂര ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഹോസ്റ്റല്‍ നരക ഭീകരത എന്ന് പറഞ്ഞാല്‍ പോലും കുറഞ്ഞു പോകും. റാഗിങ് എന്ന കുറ്റകൃത്യത്തിനെതിരെ കേരള നിയമസഭ 1998 ല്‍ കൊണ്ടുവന്ന നിയമമാണ് കേരള റാഗിങ് നിരോധന നിയമം 1998. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് തടയുക എന്നതായിരുന്നു ലക്ഷ്യം. വളരെ ശക്തമായ നിബന്ധനകളും നിയന്ത്രണങ്ങളും അടങ്ങിയിരിക്കുന്ന 9 വകുപ്പുകള്‍ ഈ നിയമത്തിലുണ്ട്. വിദ്യാര്‍ഥിയോ മാതാപിതാക്കളോ രക്ഷകര്‍ത്താവോ അദ്ധ്യാപകനോ ആണ് റാഗിങ് പരാതി നല്‍കേണ്ടത്.
ഏത് സ്ഥാപനത്തില്‍ വച്ചാണോ റാഗിങ് നടന്നിരിക്കുന്നത് ആ സ്ഥാപന മേധാവിക്കാണ് പരാതി നല്‍കേണ്ടത്. അത് പ്രിന്‍സിപ്പലോ, പ്രധാന അദ്ധ്യാപകനോ അല്ലെങ്കില്‍ ആ ഇന്‍സ്റ്റിറ്റിയൂഷന്റെ ഔദ്യോഗിക ചാര്‍ജുള്ള ഏതെങ്കിലും ഒരു വ്യക്തിയോ ആണ്. പരാതി ലഭിച്ചാല്‍ പ്രസ്തുത പരാതിയിന്മേല്‍ 7 ദിവസത്തിനകം അന്വേഷണം നടത്തേണ്ടതും പരാതി ശരിയെന്ന് ബോധ്യമായാല്‍ ആരോപണവിധേയനായ വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്യുകയും പരാതി പൊലീസിന് കൈമാറുകയും വേണം. റാഗിങ് തെളിയിക്കപ്പെട്ടാല്‍ 2 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. ശേഷം വരുന്ന മൂന്ന് വര്‍ഷങ്ങള്‍ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കില്ല.
കേരള റാഗിങ് നിരോധന നിയമം സെക്ഷന്‍ 7 ല്‍ ഡീംഡ് അബെറ്റ്മെന്റിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. അതായത് ഒരു പരാതി കിട്ടിയാല്‍ നടപടിയെടുക്കേണ്ട സ്ഥാപനത്തിന്റെ അധികാരി കൂടി ഇവിടെ ഭാഗമാകുന്നു. പരാതിയില്‍ നടപടി എടുക്കാത്ത ഉത്തരവാദിത്തപ്പെട്ടവര്‍ക്കും 2 വര്‍ഷം തടവും 10,000 രൂപ പിഴയും വരെയും ലഭിച്ചേക്കാം.
വികാരവും വിവേകവുമുള്ള ജീവിയാണ് മനുഷ്യന്‍. ചിന്തകളിലും പ്രവര്‍ത്തിയിലും വിവേകം നിറയട്ടെ. റാഗിങ് ഒരിക്കലും ശക്തിപരീക്ഷണവും അവകാശവും ഒന്നുമല്ല. പൈശാചികവും നികൃഷ്ടവുമായ സാമൂഹ്യ വിരുദ്ധ കുറ്റകൃത്യം മാത്രമാണ്. ദുര്‍ബല മനസ്സില്‍ നിന്ന് ഉടലെടുക്കുന്ന ഭീരുത്വത്തിന്റെ പ്രതിഫലനമാണ്. പരാതിപ്പെടാന്‍ ആളുകള്‍ മുന്നോട്ട് വന്നാല്‍ തീരാവുന്ന ആയുസ്സേ ഈ റാഗിങ് വൈകൃതത്തിനുള്ളൂ. റാഗിങ് പരാതികള്‍ രമ്യതയില്‍ പരിഹരിക്കാനും ഒത്തു തീര്‍പ്പാക്കാനും സ്ഥാപന അധികാരികള്‍ ശ്രമിച്ചാല്‍ റാഗിങ്ങിന് വിലങ്ങിടാന്‍ കാലമെത്ര കഴിഞ്ഞാലും സാധിക്കില്ല. അതിനാല്‍ തന്നെ വിദ്യാഭ്യാസ സ്ഥാപന മേലധികാരികള്‍ ഈ വിഷയത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. പുതിയ തിയഡോര്‍ ബെന്നുമാരുടെ അദ്ധ്യായങ്ങള്‍ തുറക്കാതിരിക്കണമെങ്കില്‍ ശക്തമായ തീരുമാനങ്ങള്‍ എടുത്തേമതിയാകൂ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1