ലോകമെമ്പാടുമുള്ള ദമ്പതികള്‍ക്ക് മാതാപിതാക്കളാകാനുള്ള വഴിതുറന്ന ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) സാങ്കേതികവിദ്യയിലൂടെ പിറന്ന ലോകത്തിലെ ആദ്യത്തെ കുഞ്ഞ് ലൂയീസ് ജോയ് ബ്രൗണിന് ഇപ്പോള്‍ 48 വയസ്സ് തികഞ്ഞിരിക്കുകയാണ്. 1978 ജൂലൈ 25 നാണ് ഇംഗ്ലണ്ടില്‍ ലൂയീസ് പിറന്നുവീണത്. ഈ ചരിത്രപരമായ നേട്ടം മെഡിക്കല്‍ രംഗത്ത് ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു.
മക്കളില്ലാതെ വര്‍ഷങ്ങളോളം കാത്തിരുന്ന ലെസ്ലിക്കും ജോണ്‍ ബ്രൗണിനും ഐവിഎഫ് ചികിത്സയിലൂടെയാണ് ലൂയീസ് പിറന്നത്. ഫലോപിയന്‍ ട്യൂബിലെ തടസ്സങ്ങള്‍ കാരണം ലെസ്ലിക്ക് സ്വാഭാവിക ഗര്‍ഭധാരണം സാധ്യമായിരുന്നില്ല. തുടര്‍ന്ന് ബ്രിട്ടീഷ് ഗവേഷകനായ റോബര്‍ട്ട് എഡ്വാര്‍ഡ്‌സും ഗൈനക്കോളജിസ്റ്റ് പാട്രിക് സ്റ്റെപ്‌ടോയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത പുതിയ ചികിത്സാരീതിയിലൂടെ അവര്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
പരീക്ഷണമുറിയില്‍ നിന്ന് ലോകത്തിന്റെ വെളിച്ചത്തിലേക്ക്
ലെസ്ലി ബ്രൗണില്‍ നിന്ന് പൂര്‍ണ വളര്‍ച്ചയെത്തിയ അണ്ഡമെടുത്ത് ലാബോറട്ടറിയില്‍ വെച്ച് ഭര്‍ത്താവിന്റെ ബീജവുമായി സംയോജിപ്പിക്കുകയും തുടര്‍ന്ന് രൂപപ്പെട്ട ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയുമായിരുന്നു. 1978 ല്‍ സിസേറിയനിലൂടെ ലൂയീസ് ജനിച്ച വാര്‍ത്ത അന്ന് ലോകമാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രചരിച്ചത്.
ഇന്ന് നാല്‍പത്തിയെട്ടുകാരിയായ ലൂയീസ് ബ്രൗണ്‍, കാമറോണ്‍, എയ്ഡന്‍ എന്നീ രണ്ട് ആണ്‍മക്കളുടെ അമ്മ കൂടിയാണ്. കൂടാതെ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫെര്‍ട്ടിലിറ്റി സൊസൈറ്റിയുടെ അംബാസഡറായി പ്രവര്‍ത്തിച്ചുവരുന്ന അവര്‍ വന്ധ്യതാ ചികിത്സാരംഗത്ത് അവബോധം സൃഷ്ടിക്കുന്നതില്‍ സജീവമാണ്. ഐവിഎഫ് വഴി ജനിച്ചുവെന്നതൊഴിച്ചാല്‍, ശാസ്ത്രത്തിന്റെ ചെറിയൊരു സഹായത്തോടെ ഈ ലോകത്തേക്ക് എത്തിയ സാധാരണക്കാരിയായ ഒരു സ്ത്രീയാണ് താനെന്ന് ലൂയീസ് ബ്രൗണ്‍ പറയുന്നു.
എന്താണ് ഐ.വി.എഫ്.? ജീവന്റെ പുതിയ വാതില്‍
സ്വാഭാവികമായി നടക്കേണ്ട അണ്ഡ-ബീജ സംയോജനം ശരീരത്തിന് പുറത്ത്, ലാബില്‍ കൃത്രിമമായി സാധ്യമാക്കുന്ന പ്രക്രിയയാണ് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അല്ലെങ്കില്‍ ഐ.വി.എഫ് ലാബില്‍ കൃത്യമായി വളര്‍ത്തിയെടുക്കുന്ന ഭ്രൂണത്തെ പിന്നീട് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു.
അണ്ഡവാഹിനിക്കുഴലിലെ തടസ്സം, എന്‍ഡോമെട്രിയോസിസ്, ബീജത്തിന്റെ ചലനക്കുറവോ എണ്ണക്കുറവോ ഉള്ള അവസ്ഥകള്‍ എന്നിവയിലൊക്കെ ഐ.വി.എഫ് പ്രയോജനപ്പെടുത്താറുണ്ട്. മറ്റ് ചികിത്സാരീതികളായ ഐ.യു.ഐ പരാജയപ്പെടുന്നവര്‍ക്കും കൃത്യമായ കാരണം കണ്ടെത്താനാകാത്ത വന്ധ്യതയുള്ളവര്‍ക്കും ഡോക്ടര്‍മാര്‍ ഐ.വി.എഫ് നിര്‍ദേശിക്കുന്നു.
സാങ്കേതികവിദ്യയുടെ ഘട്ടങ്ങള്‍
കൂടുതല്‍ അണ്ഡങ്ങളെ ഒരേസമയം പാകമാക്കാന്‍ ഗൊണോഡോട്രോപ്പിന്‍ ഹോര്‍മോണ്‍ ഇഞ്ചക്ഷനുകള്‍ നല്‍കിയാണ് ചികിത്സ ആരംഭിക്കുന്നത്. അള്‍ട്രാസൗണ്ട് വഴി അണ്ഡത്തിന്റെ വളര്‍ച്ച നിരീക്ഷിക്കുകയും പാകമായ അണ്ഡങ്ങള്‍ പ്രത്യേക സൂചി ഉപയോഗിച്ച് പുറത്തെടുക്കുകയും ചെയ്യുന്നു.
ശേഖരിച്ച അണ്ഡങ്ങള്‍ ലാബിലെ കള്‍ച്ചര്‍ മീഡിയത്തിലേക്ക് മാറ്റി ഏറ്റവും ഗുണമേന്മയുള്ള ബീജങ്ങളുമായി സംയോജിപ്പിക്കുന്നു. ബീജ സങ്കലനത്തിന് ശേഷം അഞ്ചുദിവസം വരെ ലാബില്‍ വളരുന്ന ഭ്രൂണങ്ങളില്‍ ഏറ്റവും മികച്ചതിനെ തിരഞ്ഞെടുത്ത് കത്തീറ്റര്‍ വഴി ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ബാക്കി വരുന്ന മികച്ച ഭ്രൂണങ്ങളെ ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ശീതീകരിച്ചു സൂക്ഷിക്കാനും സാധിക്കും.
English Summary
Louise Joy Brown, the world’s first baby born through In Vitro Fertilization (IVF) on July 25, 1978, in England to Lesley and John Brown, turned 48 years old—a landmark moment highlighting a medical breakthrough developed by Dr. Robert Edwards and Dr. Patrick Steptoe that revolutionized fertility care. Today, Louise is a mother of two sons and an ambassador for the International Federation of Fertility Societies, representing a procedure that assists couples facing blocked fallopian tubes, low sperm counts, endometriosis, or unexplained infertility. The multi-step IVF process involves stimulating egg production with hormone injections, retrieving mature eggs via ultrasound guidance, fertilizing them with high-quality sperm in a laboratory, and transferring the healthiest blastocyst embryo into the uterus while enabling additional viable embryos to be frozen for future use.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
