തെറി, പരാജിതന്റെ ആയുധം

SEPTEMBER 23, 2026, 5:44 AM

എന്റെ പ്രിയശിഷ്യനും സുഹൃത്തുമായ ജിജോ ജോൺ പുത്തേഴത്ത് മരണാനന്തരം ശരിയല്ലാത്ത കാരണങ്ങളാൽ വാർത്താതാരമായിരിക്കുന്നു. മലയാള മനോരമയുടെ സ്‌പെഷൽ കറസ്‌പോണ്ടന്റ് എന്ന നിലയിൽ  അച്ചടിമാധ്യമത്തിൽ സജീവമായും ശ്രദ്ധേയമായും പ്രവർത്തിച്ചിരുന്ന ജിജോയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുമുമ്പേ സൈബർ ആക്രമണം തുടങ്ങിക്കഴിഞ്ഞിരുന്നു. അസഭ്യവാക്കുകൾ ഉപയോഗിച്ച് അപകീർത്തികരമായ അധിക്ഷേപപ്രചാരണം നടത്തിയതിന് മലയാള മനോരമയുടെ പരാതിയിൽ കുറേപ്പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

അസഭ്യസന്ദേശങ്ങൾ എന്തെന്നറിയാൻ ഞാൻ സൈബറിടങ്ങളിൽ തെരച്ചിൽ നടത്തിയില്ല. എന്റെ സുഹൃത്തിന്റെ പാവനസ്മരണയോടുള്ള കുറ്റകരമായ അനാദരമായി ആ ജിജ്ഞാസയെ ഞാൻ കാണുന്നു. അവഗണിക്കുന്നതും പ്രത്യാക്രമണത്തിന്റെ ഭാഗമാണ്. ലൈക്കടിച്ചും ഷെയർ ചെയ്തും അധമവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന ചീത്ത സ്വഭാവം മലയാളികൾക്കുണ്ട്.

മരണാനന്തരം മൃതനെക്കുറിച്ച് ആക്ഷേപകരമായി ഒന്നും പറയരുതെന്ന അഭിപ്രായം എനിക്കില്ല. ഹിറ്റ്‌ലർ എത്രവട്ടം മരിച്ചാലും അയാളെക്കുറിച്ച് നല്ലതൊന്നും പറയാനുണ്ടാകില്ല. സ്റ്റാലിൻ അന്തരിച്ചപ്പോൾ എക്‌സ്പ്രസിൽ വി. കരുണാകരൻ നമ്പ്യാർ എഴുതിയ മുഖപ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നുഃ ''ഈ ആത്മാവിന് പുനർജന്മമില്ലാത്ത നിത്യശാന്തിയുണ്ടാകട്ടെ.''  ജീവിതത്തിൽ ചിരിച്ചിട്ടില്ലാത്ത സ്റ്റാലിൻ ഈ വാചകം വായിച്ച് ചിരിച്ചിട്ടുണ്ടാകും.

vachakam
vachakam
vachakam

വിമാനം വീണ് കൊല്ലപ്പെട്ട സഞ്ജയ് ഗാന്ധിയെക്കുറിച്ച് എഴുതിയപ്പോൾ ദൈവം നമ്മുടെ നാടിനെ രക്ഷിച്ചു എന്ന് ഞാനെഴുതി. എന്റെ പരുഷമായ ഭാഷ പലരേയും അസ്വസ്ഥരാക്കി. അടിയന്തരാവസ്ഥയിലൂടെ ജീവിച്ച ഒരാൾക്ക് അങ്ങനെയേ എഴുതാൻ കഴിയുമായിരുന്നുള്ളു.

ജിജോ ജോൺ പുത്തേഴത്ത് മരണാനന്തരം അധിക്ഷേപിക്കപ്പെടേണ്ടതായ തരത്തിലുള്ള ധമവ്യക്തിയായിരുന്നുവോ? അയാളുടെ മാധ്യമപ്രവർത്തനം അത്രമേൽ അധമമായിരുന്നുവോ? സി.പി.ഐ.എമ്മിന് അസ്വാസ്ഥ്യമുളവാക്കുന്ന തരത്തിലുള്ള വാർത്തകൾ മലയാള മനോരമയുടെ രാഷ്ട്രീയതാത്പര്യങ്ങൾക്കനുസൃതമായി ജിജോ നൽകിയിരുന്നു എന്നുള്ളത് ശരിയാണ്. അത് അദ്ദേഹത്തിന്റെ അവകാശവും സ്വാതന്ത്ര്യവും. തൊഴിൽപരമായ സാമർഥ്യവും.

ആക്രമണത്തിനു പിന്നിൽ ചില രാഷ്ട്രീയപാർട്ടികളുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. അധിക്ഷേപം ആസൂത്രിതമെന്ന് പൊലീസ് പറയുന്നു. ആസൂത്രിത ഗൂഢാലോചന സംശയിച്ചാൽ സൂചിമുന കാണിക്കുന്ന ദിശ എങ്ങോട്ടെന്ന് നമുക്ക് മനസിലാകും. ഒരിക്കൽ സവിശേഷമായ സന്ദർഭത്തിൽ ഞാൻ സ്വദേശാഭിമാനിയോട് ചേർത്തു നിർത്തിയ മാധ്യമപ്രവർത്തകൻ ഇന്ന് ചെങ്കുപ്പായമിട്ട സൈബർ പോരാളികളുടെ സർവസൈന്യാധിപനാണ്.

vachakam
vachakam
vachakam

പത്രാധിപരും പത്രപ്രവർത്തകനും ആയിരുന്നതിനുശേഷമാണ് കാൾ മാർക്‌സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുമായി ചരിത്രത്തിന്റെ പടികൾ കയറിയതെന്ന പാഠം കാണാമറയത്തിരുന്ന് കല്ലെറിയുന്ന പോരാളികൾക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണം. സെൻസർഷിപ് ഒഴിവാക്കേണ്ടതായ വിപത്താണെന്ന് സുധീരം പ്രസ്താവിച്ചയാളാണ് മാർക്‌സ്. മാധ്യമങ്ങളോടുള്ള ശത്രുതാപരമായ സമീപനം മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് രീതിയല്ല. 

ജനാധിപത്യത്തിൽ അവശ്യം വേണ്ടതായ അഭിപ്രായപ്രകടന സ്വാതന്ത്ര്യം പത്രങ്ങളിൽ പരിമിതപ്പെട്ടു വരുന്ന കാലത്താണ് ഇന്റർനെറ്റിന്റെ യുഗം പിറന്നത്. അടിയന്തരാവസ്ഥയിലെ സെൻസർഷിപ്പിന്റെ ദുർവഹഭാരം സഹിച്ചയാളെന്ന നിലയിൽ സ്വാതന്ത്ര്യത്തിന്റെ പുതിയ ചക്രവാളങ്ങൾ വികസ്വരമാകുന്നത് വമ്പിച്ച പ്രതീക്ഷയ്ക്ക് കാരണമായി. ഭൂമിയിലെ സെൻസർക്ക് സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ കഴിയില്ലെന്നതായിരുന്നു വലിയ ആശ്വാസം.

ഇന്റർനെറ്റിൽ അധിഷ്ഠിതമായ നവമാധ്യമത്തിന് സോഷ്യൽ മീഡിയ എന്ന് പേരിട്ടതാണ് ആദ്യത്തെ തെറ്റ്. എല്ലാ അർഥത്തിലും അത് ആന്റി സോഷ്യൽ മീഡിയയായി മാറി. മറഞ്ഞിരുന്ന് കല്ലെറിയുന്ന കുട്ടിച്ചാത്തന്മാരുടെ വിഹാരരംഗമായി അത്. സ്വാതന്ത്ര്യം സീമ വിടുമ്പോൾ നിയമത്തിന്റെ കരങ്ങൾക്ക് നീളംവയ്ക്കും. ജിജോ ജോൺ പുത്തേഴത്തിനെ മര്യാദയില്ലാതെ അധിക്ഷേപിച്ച ആഭാസന്മാർ സൈബർ കുറ്റവാളികളെന്ന നിലയിൽ പൊലീസിന്റെ പിടിയിലായി.

vachakam
vachakam
vachakam

ഞാൻ പ്രകടിപ്പിച്ച സ്വാതന്ത്ര്യത്തോടുള്ള പക്ഷപാതിത്വം സുപ്രീം കോടതിയും പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സൈബർ ആക്രമണക്കേസുകളിൽ പൊലീസ് മിതത്വം പാലിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞത്. ആ നിർദേശം പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പറയുന്നവരുടെകൂടെ വൈമനസ്യത്തോടെയെങ്കിലും ഞാനും ചേരുന്നു.

അത്യാധുനികമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അധിക്ഷേപം നടത്തുമ്പോഴും ഭാഷ പഴഞ്ചനായി തുടരുന്നുവെന്നത് സൈബർ പോഴന്മാരുടെ ബലഹീനതയാണ്. അശക്തനായ പരാജിതന്റെ ആയുധമാണ് തെറി എന്ന് സി.ജെ. തോമസ് എഴുതിയിട്ടുണ്ട്. സൈബർ ചെമ്പടയ്ക്ക് ചേരുന്ന നിർവചനമാണത്. തെറിയുടെ പദാവലി നവീകരിച്ച് സംശുദ്ധമായ ഭാഷയിൽ തെറി പറയുമ്പോഴാണ് അതിനു കരുത്തുണ്ടാകുന്നത്. അശ്‌ളീലത്തിൽനിന്ന് വേറിട്ട സഭ്യതയുടെ കലയാണത്.

എത്ര നല്ല തെറിയായാലും പരേതന്റെ കർണപുടങ്ങൾ അത് സ്വീകരിക്കില്ല. ബൂമെറാങ്‌പോലെ അത് എറിയുന്നവനിലേക്ക് തിരിച്ചുചെല്ലും. കുടുംബത്തെ വിഷമിപ്പിക്കാം. പക്ഷേ കുടുംബം അതിനെ അതിജീവിക്കും. ആക്രമിക്കുന്നവൻ സ്വയം നാണം കെട്ട് അധമനാകും. നാണക്കേടിന്റെ പങ്ക് തെറിവാളികളുടെ കുടുംബത്തിലും എത്തിച്ചേരും. ആക്രമിക്കപ്പെടുന്നയാൾ സ്വീകരിക്കാൻ തയാറാകുന്നില്ലെങ്കിൽ തെറി പാഴായിപ്പോകുമെന്ന് ശ്രീബുധൻ പറഞ്ഞിട്ടുണ്ട്. അന്യന്റെ പറമ്പിലേക്ക് വലിച്ചെറിഞ്ഞ മാലിന്യം സ്വന്തം ഇറയത്തുതന്നെ കിടന്ന് അസഹനീയമായ ദുർഗന്ധം വമിക്കുന്നു. എതിർപ്പുള്ള മാധ്യമങ്ങളെയും വിയോജിപ്പുള്ള മാധ്യമപ്രവർത്തകരെയും കൈകാര്യം ചെയ്യുന്ന രീതി ഇതല്ല. 

ജനതയ്ക്ക് അവർ അർഹിക്കുന്ന ഭരണം ലഭിക്കുന്നുവെന്ന് പറയുമ്പോലെ സ്വാതന്ത്ര്യം അർഹിക്കുന്നവർക്കു മാത്രമാണ് ലഭ്യമാകുന്നത്. ഇൻഫർമേഷൻ സൂപ്പർ ഹൈവേയിലെ അപകടസൂചനകൾ ശ്രദ്ധിക്കാതെയും ഗതാഗതനിയമങ്ങൾ പാലിക്കാതെയും പായുന്നവർ നവനീതമായ സ്വാതന്ത്ര്യം കാണെക്കാണെ നഷ്ടപ്പെടുത്തുന്നവരാണ്. തെരുവിൽ ആരോടെന്നില്ലാതെ എല്ലാവരോടും തെറി പറഞ്ഞു നടക്കുന്ന ആഭാസന്മാരേക്കാൾ ഒട്ടും മേന്മ കൂടുതലുള്ളവരല്ല സൈബർ വെളിയിടങ്ങളിൽ തുണി പൊക്കി അലയുന്നവർ. 

പണ്ട് കമ്യൂണിസ്റ്റുകാരുടെ പ്രകടനം കോട്ടയത്ത് നടക്കുമ്പോൾ മനോരമയിലേക്ക് ജനൽച്ചില്ല് പൊട്ടത്തക്ക രീതിയിൽ കല്ലേറ് നടക്കുമായിരുന്നു. ഇന്ന് അതില്ല. പകരം സൈബർ കല്ലേറാണ് ഇപ്പോൾ നടക്കുന്നത്. ഒരു ലോഡ് കല്ലുമായി സൈബർ കവലയിലെ ഇരുട്ടിൽ ഗുണ്ടകൾ പതിയിരിക്കുന്നു. വൃത്തികേടാണ് അവരുടെ കവണയിലെ ആയുധം. എറിയുന്ന കല്ലിനുംവേണം അല്പം ചാരുത. മാമ്മൻ മാപ്പിളയുടെ കാലം മുതൽ പരസ്യമാക്കപ്പെട്ട കമ്യൂണിസ്റ്റ് വിരോധത്തിൽ പ്രവർത്തിക്കുന്ന പത്രമാണ് മലയാള മനോരമ.

കമ്പനിയെ നിങ്ങൾക്ക് ആക്രമിക്കാം. അവരുടെ ഉത്പന്നം ബഹിഷ്‌കരിക്കാം. പണിയെടുക്കുന്ന തൊഴിലാളികളെ വർഗവഞ്ചകരായി കാണരുത്. എവിടെയായാലും തൊഴിലാളികൾ ഉൾപ്പെടുന്ന വർഗം ഒന്നുതന്നെ. അവരെ ഭരണിപ്പാട്ടു പാടി വിരട്ടാൻ നോക്കരുത്. തങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പത്രം ഇറക്കണമെന്ന് ഒരു സമ്മർദഗ്രൂപ്പ് ശഠിച്ചാൽ ഇറങ്ങുന്നത് ജനാധിപത്യത്തിലെ പത്രമായിരിക്കില്ല. റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് റൂമിൽ എഡിറ്ററുടെ കസേരയിൽ കാക്കിയിട്ട പൊലീസ് ഉദ്യോഗസ്ഥൻ ഇരിക്കുന്നതു കണ്ടു. ജനാധിപത്യത്തിലെ അശ്‌ളീലക്കാഴ്ചയാണത്. 

അനഭിലഷണീയരായ ആളുകൾ അതിക്രമിച്ചു കയറി അനാശാസ്യവൃത്തികളിൽ ഏർപ്പെടുന്നു എന്ന കാരണത്താൽ സൈബറിടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിതമാക്കുന്നതിനുള്ള നീക്കത്തിൽ അപകടമുണ്ട്. അശിക്ഷിതർ അസമയത്ത് കള പറിക്കാനിറങ്ങിയാൽ നല്ല സസ്യങ്ങൾക്ക് കേടുണ്ടാകും.

നിയോഗിക്കപ്പെട്ട കൊയ്ത്തുകാരാണ് കളയും വിളയും വേർതിരിക്കേണ്ടത്. സൈബർ ആക്രമണ പരാതികളിൽ നടപടിയെടുക്കുന്നത് അവധാനതയോടെ വേണമെന്ന സുപ്രീം കോടതിയുടെ നിർദേശം മാർഗരേഖയായി കണ്ടുകൊണ്ട് നിയന്ത്രണരേഖ വരയ്ക്കാം. പറുദീസ നഷ്ടപ്പെടുത്താൻ എളുപ്പമാണ്; വീണ്ടെടുപ്പ് ദുഷ്‌കരവും. സ്വാതന്ത്ര്യത്തിന്റെ കഥയും ഇതുതന്നെ. 

ഡോ.സെബാസ്റ്റ്യൻ പോൾ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam