ഇന്ത്യയിൽ എല്ലാ വർഷവും നവംബർ 16 ദേശീയ പത്രദിനമായാണ് ആചരിക്കാറുള്ളത്. പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ രൂപീകരണദിനം തന്നെയാണ് പത്രദിനമായി ആചരിക്കുന്നത്. ഇന്ത്യയിൽ പ്രസ് കൗൺസിൽ ആദ്യമായി രൂപീകരിക്കപ്പെട്ടത് 1966 നവംബർ 16നാണ്.
1965ൽ പാർലമെന്റ് പാസാക്കിയ പ്രസ്സ് കൗൺസിൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സമിതിക്കു സർക്കാർ രൂപം കൊടുത്തത്. സാധാരണ നിലയിൽ വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരാണ് കൗൺസിൽ അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെടാറുള്ളത്. മാധ്യമസ്വാതന്ത്ര്യ സംരക്ഷണത്തിനായി വിപുലമായ അധികാരങ്ങൾ നിയമം കൗൺസിലിനു നൽകിയിട്ടുണ്ട്. മാധ്യമങ്ങളെ സംബന്ധിച്ച പരാതികൾ പരിശോധിച്ചു നടപടികൾ സ്വീകരിക്കാനുള്ള അവകാശവും കൗൺസിലിനുണ്ട്.
എന്നാൽ എട്ടിലപ്പടി, പയറ്റിലിപ്പടി എന്നു തമിഴൻമാർ പറയുന്ന പോലെയാണ് പ്രസ്സ് കൗൺസിലിന്റെ അവസ്ഥയും. നിയമം പത്രഉടമകളുടെ മുന്നിൽ ചെലവാകില്ല. അതിനാൽ പ്രസ്സ് കൗൺസിൽ കുരയ്ക്കുന്ന പട്ടിയെപ്പോലെ നിലനിന്നു പോകുന്നു. ആർക്കും ഒരു ഉപദ്രവവും അതുകൊണ്ടില്ല. ജസ്റ്റിസ് മാർക്കണ്ഡേയ കാട്ട്ജുവിനെപ്പോലെ ചിലർ അധ്യക്ഷ പദവിയിലിരുന്നപ്പോൾ വമ്പൻ പ്രഖ്യാപനങ്ങൾ കൊണ്ടു കളംനിറഞ്ഞു നിന്നിരുന്നു. എന്നാൽ അതൊന്നും പ്രസ്സ് കൗൺസിലിനെ ഒരു ശക്തമായ ദേശീയ ഏജൻസിയാക്കി മാറ്റുകയുണ്ടായില്ല.
യഥാർത്ഥത്തിൽ ഇന്ത്യൻ പ്രസ്സ് കൗൺസിൽ ഒരു തവണ മരിച്ചു വീണ്ടും ഉയിർത്തെഴന്നേറ്റ ഒരു സ്ഥാപനമാണ്. 1975ൽ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ ഭരണഘടന തന്നെ സസ്പെൻഷനിലായി. പൗരാവകാശങ്ങളൊന്നും നിയമപരമായി നിലനിൽക്കുകയില്ല എന്നാണ് സുപ്രീം കോടതി തന്നെ വിധിച്ചത്. ഭരണഘടനയുടെ സംരക്ഷണമാണ് സുപ്രീം കോടതിയുടെ സുപ്രധാന ചുമതലകളിലൊന്ന്. അതിനൊന്നും തങ്ങൾക്കു പറ്റുകയില്ല എന്നാണ് ബഹുമാന്യരായ അന്നത്തെ ജഡ്ജിമാർ നിശ്ചയിച്ചത്.
ഇന്ദിരാഗാന്ധി മാധ്യമങ്ങളോടു കുനിയാൻ പറഞ്ഞപ്പോൾ അവർ ഇഴയാൻ തുടങ്ങി എന്ന് അന്നത്തെ പ്രതിപക്ഷ നേതാക്കളിൽ പ്രധാനിയായിരുന്ന ലാൽകൃഷ്ണ അഡ്വാനി പറഞ്ഞിരുന്നു. സുപ്രീം കോടതിയെ കുറിച്ച് അദ്ദേഹത്തിനു അങ്ങനെയൊരു പരാതി ഉണ്ടായിരുന്നുവോ എന്നറിയില്ല. കോടതി കുനിയുമ്പോൾ മാധ്യമങ്ങൾ ഇഴയുന്നതിൽ എന്താണ് അത്ഭുതം? .
എന്നാൽ പറഞ്ഞുവന്ന കാര്യം അതല്ല. അടിയന്തിരാവസ്ഥ വന്നപ്പോൾ പൗരാവകാശങ്ങൾ മാത്രമല്ല സർക്കാർ റദ്ദാക്കിയത്. ഒരു ദശാബ്ദം മുമ്പ് സർക്കാർ തന്നെ നിയമാനുസൃതം നിയമിച്ച പ്രസ്സ് കൗൺസിൽ ഇന്ദിരാഗാന്ധി പിരിച്ചുവിട്ടു. മാധ്യമങ്ങളേ ഇല്ലാത്ത നാട്ടിൽ എന്തിനൊരു പ്രസ്സ് കൗൺസിൽ എന്ന ചോദ്യം ന്യായം. അതിനു സർക്കാർ വക ചെല്ലും ചെലവും കൊടുക്കേണ്ട കാര്യവുമില്ല. അതിനാൽ രണ്ടു വർഷക്കാലം ഇന്ത്യയിൽ അങ്ങനെയൊരു സ്ഥാപനമേ ഉണ്ടായിരുന്നില്ല.
1978ൽ മൊറാർജി സർക്കാരാണ് വീണ്ടും നിയമം കൊണ്ടുവന്നതും പ്രസ്സ് കൗൺസിൽ പുന:സ്ഥാപിച്ചതും. അതുകൊണ്ട് എന്തു കാര്യമുണ്ടായി എന്നൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ല. വേണ്ടപ്പെട്ടവർക്കു സ്ഥാനമാനങ്ങളും സർക്കാർ വാഹനവും ബംഗ്ളാവും കൊടുക്കാൻ കഴിഞ്ഞു എന്നതു തന്നെ നേട്ടമായി കരുതുന്ന നാട്ടിൽ വേറെന്തു ചോദിക്കാനാണ്?
അതിനാൽ ഇന്ത്യയിൽ മാധ്യമങ്ങളെക്കുറിച്ചു പറയുമ്പോൾ ആരും പ്രസ്സ് കൗൺസിലിനെക്കുറിച്ചു പറയാറില്ല. അതേസമയം, മാധ്യമങ്ങളുടെ ദു:സ്ഥിതിയെക്കുറിച്ചു പറയുമ്പോൾ പാവപ്പെട്ട പത്രപ്രവർത്തകരുടെ മേൽ കുതിരകയറാൻ എല്ലാവർക്കും വലിയ ഉത്സാഹമാണ്.
ഉന്നത രാഷ്ട്രീയ നേതാക്കൾ മുതൽ ഛോട്ടാ സഖാക്കൾ വരെ എല്ലാവരും പത്രപ്രവർത്തകരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്നതിൽ വിദഗ്ദ്ധരാണ്. പത്രക്കാരെ കുറ്റം പറയുക മാത്രമല്ല, അവരിൽ ചിലരെ നാടുകടത്തണം എന്ന്്പോലും പലർക്കും അഭിപ്രായമുണ്ട്. ഇഷ്ട്ടമില്ലാത്ത പത്രങ്ങൾക്കും ചാനലുകൾക്കും പരസ്യം നിഷേധിക്കുന്നതും അവരുടെ പ്രസിദ്ധീകരണം തടയുന്നതും അവിടെ ജോലി ചെയ്യുന്നവർക്കെതിരെ കള്ളക്കേസുകൾ ചുമത്തി ഉപദ്രവിക്കുന്നതുമൊക്കെ ഈ നാട്ടിൽ പതിവാണ്.
മുമ്പ് ഇങ്ങനെയുള്ള കയ്യേറ്റങ്ങൾക്കു കോൺഗ്രസ്സ് ഭരണാധികാരികളാണ് മുന്നിൽ നിന്നത്. ഇന്ന് ഭരണകക്ഷിയായ ബി.ജെ.പിയാണ് അതിൽ മുന്നിൽ നിൽക്കുന്നത്. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥ ഇന്ത്യൻ മാധ്യമ ദുരവസ്ഥയുടെ പരമകാഷ്ഠയായിരുന്നു. എന്നാൽ ആ കാലത്തു കോൺഗ്രസുകാർ ഒരു പാഠം പഠിച്ചു. നാട്ടുകാരെ വല്ലാതെ ഉപദ്രവിച്ചാൽ കാര്യങ്ങൾ തിരിച്ചടിക്കും. പത്രക്കാരെ ഉപദ്രവിച്ചാൽ ചോദിക്കാനും പറയാനും ആരുമില്ലെന്നാണ് അധികാരികൾ വിചാരിക്കുന്നത്. എന്നാൽ സത്യത്തിൽ മാധ്യമങ്ങൾ ഒരു കണ്ണാടി മാത്രമാണ്. അവർ നാട്ടിലെ ജനങ്ങളുടെ നിത്യജീവിതവും ആശകളും അഭിലാഷങ്ങളും പരാതികളുമാണ് പ്രതിഫലിപ്പിക്കുന്നത്.
അവർ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെങ്കിൽ അത് നാട്ടുകാർ ഉന്നയിക്കുന്ന ചോദ്യങ്ങളാണ്. സാധാരണ ജനങ്ങൾക്കു തെരഞ്ഞെടുപ്പിന്റെ സമയത്തു മാത്രമാണ് ചോദ്യങ്ങൾ ഉന്നയിക്കാനും അഭിപ്രായങ്ങൾ പറയാനും അവസരം കിട്ടുന്നത്. അതിനാൽ അവരുടെ ചോദ്യങ്ങൾ അധികാരികൾക്ക് എത്തിച്ചു കൊടുക്കാനും അവരുടെ വിശദീകരണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും മാധ്യമങ്ങൾക്കു ചുമതലയുണ്ട്. അവർ അതൊക്കെ വേണ്ടവണ്ണമാണോ കൈകാര്യം ചെയ്യുന്നത് എന്നു ചോദിച്ചാൽ അതിൽ കാര്യമുണ്ട്. പലരും തങ്ങളുടെ തൊഴിലിന്റെ മാന്യതയും സത്യസന്ധതയും കളഞ്ഞു കുളിച്ചവരാണ്. ഈ തൊഴിലിൽ തുടരാൻ പലർക്കും അർഹതയില്ലെന്നതും സത്യം തന്നെ.
പക്ഷേ അവർ ജീവനക്കാർ മാത്രമാണ്. മുതലാളിമാരാണ് മാധ്യമനയം നിശ്ചയിക്കുന്നത്. അതിനാൽ മാധ്യമങ്ങളുടെ നേരെയുള്ള വിമർശനം അതിന്റെ ഉടമകളുടെ നേരെയുള്ള വിമർശനം കൂടിയായി മാറണം. ഇന്ത്യയിൽ ഇന്ന് മാധ്യമങ്ങളിൽ, പ്രത്യേകിച്ചു ദൃശ്യമാധ്യമങ്ങളിൽ, ഒരു വലിയ പങ്കിനെയും നിയന്ത്രിക്കുന്നത് അംബാനി, അദാനി എന്നീ രണ്ടു കോർപ്പറേറ്റ് കമ്പനികളാണ്. എന്നാൽ മാധ്യമ വിമർശനത്തിൽ അവരുടെ പേരൊന്നും ഒരിക്കലും ഉയർന്നുവരാറില്ല. കൊമ്പനാനയായ മുതലാളിയെ പിണക്കിയാൽ കളി മാറും എന്ന് ആർക്കാണ് അറിയാത്തത്? അതിനാൽ മാധ്യമവിമർശനം പാവപ്പെട്ട ജീവനക്കാരന്റെ മേലുള്ള മെക്കിട്ട്കേറലിൽ ഒതുങ്ങുന്നു.
മുമ്പൊക്കെ അവർക്കു ചില തൊഴിൽ സ്വാതന്ത്ര്യമെങ്കിലും ഉണ്ടായിരുന്നു. വേതനം സംബന്ധിച്ച കൃത്യമായ നിയമങ്ങളും സംവിധാനങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. ഇന്ത്യയിൽ മാധ്യമ പ്രവർത്തകരുടെ വേതനം നിശ്ചയിച്ചു വന്നത് സർക്കർ നിയോഗിക്കുന്ന വേജ് ബോർഡുകൾ വഴിയായിരുന്നു. എന്നാൽ മൂന്നു പതിറ്റാണ്ടായി ഇന്ത്യയിൽ ഈ രംഗത്ത് ഒരു വേജ് ബോർഡ് ഉണ്ടായിട്ടില്ല. ഇനി ഉണ്ടായിട്ടും കാര്യമില്ല. കാരണം മാധ്യമ സ്ഥാപനങ്ങളിൽ ഇന്ന് സ്ഥിരം ജീവനക്കാരില്ല.
എല്ലാവരും കോൺട്രാക്ടിലാണ്. ഒന്നും രണ്ടും വർഷത്തെ കോൺട്രാക്ട്. പിന്നെ പണി ഉണ്ടെങ്കിലായി; അല്ലെങ്കിൽ പട്ടിണിയായി. അതാണ് ഇന്നത്തെ ഇന്ത്യൻ മാധ്യമ അവസ്ഥ. ഇങ്ങനെയുള്ള ഒരു അന്തരീക്ഷത്തിലാണ് ഇത്തവണയും നാഷണൽ പ്രസ്സ് ഡേ വന്ന്പോയത്. പതിവ്പോലെ സർക്കാർ വക പരിപാടികളും മന്ത്രിമാരുടെ പ്രസംഗങ്ങളും ഒക്കെ ഉണ്ടായിരുന്നു. അടുത്ത കൊല്ലവും അതൊക്കെ ഉണ്ടാകുമെന്നും തീർച്ച.
എന്നാൽ സ്വതന്ത്രമായ മാധ്യമങ്ങളോ മാധ്യമ പ്രവർത്തനമോ ഇന്ന് ഈ നാട്ടിലുണ്ടോ? ഇനി എന്നെങ്കിലും അതൊക്കെ ഒരു ഓർമയായല്ലാതെ നമുക്ക് അനുഭവിക്കാൻ യോഗമുണ്ടാകുമോ? ലോകം മൊത്തം മാധ്യമസ്വാതന്ത്ര്യം പ്രതിസന്ധിയിലാണ്. ഇവിടെയും അങ്ങനെത്തന്നെ എന്നൊക്കെ പറഞ്ഞു ആശ്വസിക്കാനേ നമുക്കു നിവൃത്തിയുള്ളൂ.
എൻ.പി. ചെക്കുട്ടി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
