'തുഫാൻ' വീശിയടിച്ചോട്ടെ, വേണം മറ്റ് ഭരണതലങ്ങളിലും ഒരു ഇളംതെന്നൽ ടച്ച് !

JUNE 3, 2026, 12:43 PM

പോലീസിൽ സി.പി.എം. വളർത്തിയ ക്രിമിനലുകളും, പാർട്ടിക്കാരായ പോലീസ് വളർത്തിയ സമൂഹവിരുദ്ധരും പൊതുജനങ്ങളുടെ സ്വര്യം കെടുത്തുകയാണിപ്പോൾ. ക്രമസമാധാനനില തകരാറിലാക്കുകയെന്ന ദുരുദ്ദേശ്യം ഇതിനു പിന്നിലുണ്ടാവാം. ഇതിനെല്ലാം ഉപരിയായി മയക്കുമരുന്ന് ലോബിക്കെതിരെയുള്ള 'തുഫാൻ' എന്ന പേരിലുള്ള പോലീസിന്റെ ഓപ്പറേഷൻ കോടികൾ മറിയുന്ന 'ഡാർക്ക് ബിസിനസി'ന്റെ വേര് പിഴുതുമാറ്റുമെന്ന് ഈ അധോലോക റാക്കറ്റിലുള്ളവർ ഭയപ്പെടുന്നു.

വില കൂടിയ കാറുകളും റിസോർട്ടുകളും ഉന്നതങ്ങളിൽ 'പിടിപാട് ' ഉള്ളവരുമായ ഡ്രഗ്‌സ് മാഫിയയെ തകർക്കാൻ ശക്തമായ പോലീസ് എക്‌സൈസ് ജനകീയ കൂട്ടുകെട്ട് രൂപീകരിക്കേണ്ടിവരും. തലസ്ഥാനത്തെ ഒരു ഫ്‌ളാറ്റിൽ എഴുപതോളം കഞ്ചാവ് ചെടികൾ സ്വന്തം ആവശ്യത്തിനെന്ന പേരിൽ നട്ടുവളർത്തിയിരുന്ന ഹരിയാനക്കാരനായ, വെറും 26 വയസ്സുള്ള ഐ.ടി. പ്രൊഫഷണലിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

എന്നാൽ, മയക്കുമരുന്നിന്റെ കറുത്ത കണ്ണികൾ പോലീസിൽ തന്നെ ഉണ്ടെന്നും, അവർ പഴയ ഭരണകക്ഷിയുടെ തണലിലാണ് വളർന്നതെന്നും മറക്കരുത്. സൗജന്യ ആംബുലൻസ് സർവീസ് പോലും മയക്കുമരുന്ന് ലോബി ദുരുപയോഗം ചെയ്യുന്നതായി വാർത്തകളുണ്ട്. മയക്കുമരുന്നിനെതിരെയുള്ള പ്രതിജ്ഞയ്ക്കപ്പുറമായി, നഗരങ്ങളിൽ റസിഡന്റ്‌സ് കൂട്ടായ്മകളുടെയും ഗ്രാമപ്രദേശങ്ങളിൽ ജാതിമതഭേദമില്ലാതെ രൂപീകരിക്കേണ്ട ജനകീയ പ്രസ്ഥാനങ്ങളുടെയും പിന്തുണ പോലീസ് എക്‌സൈസ് സംഘങ്ങൾക്ക് ലഭിച്ചാൽ മാത്രമേ മയക്കുമരുന്നിന്റെ വേരറുക്കാൻ കഴിയൂ.

vachakam
vachakam
vachakam

വേശ്യാവൃത്തിയെക്കാൾ പണമുണ്ടാക്കുന്ന വഴിയെന്ന നിലയിൽ മയക്കുമരുന്ന് കച്ചവടത്തിൽ പങ്കാളികളാകുന്ന സ്ത്രീകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവർ, ജോലിസ്ഥലങ്ങളിൽ പോലും ഡ്രഗ്‌സ് വിഴുങ്ങി ടെൻഷൻ മാറ്റുന്നവർ തുടങ്ങി നാം കരുതലെടുക്കേണ്ട നിരവധി മേഖലകളുണ്ട്. ലാത്തിയും തോക്കും നിയമ നടപടികളും മാത്രം പോരാ ഈ സാമൂഹിക വിപത്തിനെ ചെറുക്കാനെന്ന് ഭരിക്കുന്നവർ മനസ്സിലാക്കുന്നത് നന്ന്. മയക്കു മരുന്ന് കടത്താൻ പുതുവഴികൾ തേടുന്ന മാഫിയയെ ചെറുക്കാൻ പോലീസും എക്‌സൈസും സംയുക്തമായി പുതിയ സാങ്കേതിക വഴികൾ തേടിയേ തീരു.

പോ മോനേ സതീശാ, എന്ന് പറയല്ലേ? 

നിയമസഭയിൽ ഇപ്പോഴും പിണറായി പഴയ മുഖ്യമന്ത്രി പദത്തിന്റെ 'കെട്ട് വിട്ടുപോകാത്ത' രീതിയിലാണ് പെരുമാറുന്നത്. വെറുമൊരു അംഗത്തെ പരാമർശിക്കുമ്പോൾ പോലും 'ബഹുമാനപ്പെട്ട' എന്ന വിശേഷണം പേരിനോടൊപ്പം ചേർക്കണമെന്നാണ് സഭാ ചട്ടം. പണ്ട് മുഖ്യമന്ത്രിയെ പരാമർശിച്ചിരുന്നപ്പോൾ അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.ഡി.സതീശൻ 'ബഹുമാനപ്പെട്ട' എന്ന് കൂട്ടിച്ചേർത്തേ പിണറായിയെ വിശേഷിപ്പിച്ചിരുന്നുള്ളൂ. പക്ഷെ പിണറായി പുതിയ മുഖ്യമന്ത്രിയെ ആദരവോടെ പരാമർശിക്കുന്നതിൽ പിശുക്ക് കാണിക്കുന്നുണ്ട്.

vachakam
vachakam
vachakam

മാത്രമല്ല, തന്റെ പഴയകാല പ്രതാപം പുറത്തെടുക്കാനും കഴിഞ്ഞ  ദിവസം പിണറായി ശ്രമിക്കുകയുണ്ടായി. പരിചയക്കുറവ് മൂലമാകാം ചട്ടം മറന്ന് ചാത്തന്നൂരിൽ നിന്നുള്ള എം.എൽ.എ. (ബി.വി.ഗോപകുമാർ) സഭയിൽ തന്റെ കന്നി പ്രസംഗത്തിനായി എഴന്നേറ്റത് വാക്കൗട്ട് നടത്തുകയായിരുന്ന പിണറായി സഭയിലേക്ക് തിരിച്ചു കയറി ചോദ്യം ചെയ്തു.

ബി.ജെ.പി. അംഗമായ ഗോപകുമാറിനെ പ്രസംഗിക്കാൻ അനുവദിച്ചത് ചട്ടലംഘനമാണെന്നും, സഭാ നിയമങ്ങൾ നല്ലപോലെ അറിയുന്ന സ്പീക്കർ തിരുവഞ്ചൂർ എന്തേ ഇതൊന്നും കാണാത്തതെന്നും പിണറായി ചോദിച്ചു. ചോദ്യമുന്നയിച്ച പിണറായിയും മറുപടി പറഞ്ഞ സ്പീക്കറും ഗൗരവത്തിലൊന്നുമായിരുന്നില്ലെങ്കിലും, തിരുവഞ്ചൂരിന്റെ മറുപടി പിണറായിയെ 'കൊച്ചാ' ക്കുന്നതായി.

ഗോപകുമാർ സഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണെന്നും ചട്ടം ലംഘിച്ചുവെന്നതിന്റെ പേരിൽ അദ്ദേഹത്തിന്റെ കന്നി പ്രസംഗം തടയാത്തതിനെ ബി.ജെ.പി. കോൺഗ്രസ് ഡീലാണെന്ന് പറയരുതേയെന്നുമായിരുന്നു സ്പീക്കറുടെ മറുപടി. പാർലിമെന്ററി കാര്യ മന്ത്രിപോലുമായിരുന്ന ബി.ജെ.പി.യുടെ മുരളീധരൻ ചട്ടം 307 പ്രകാരം പ്രസംഗിക്കാൻ എഴന്നേറ്റപ്പോൾ സ്പീക്കർ ആ ചട്ടം ഇവിടെ ബാധകമല്ലെന്ന മട്ടിൽ സ്പീക്കർ ശാസിച്ചിരുത്തിയതും നിയമസഭ ഇന്നലെ കണ്ട അപൂർവ ദൃശ്യമാണ്.

vachakam
vachakam
vachakam

ധവളപത്രം അവർക്ക്  'ഉമ്മാക്കി'യോ കോക്കാച്ചിയോ? 

സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതിയെന്തെന്ന് വ്യക്തമാക്കുന്ന ധവളപത്രം വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിച്ചേക്കാം. ഈ 'ധവളപത്ര' ത്തെ പഴയ ഭരണമുന്നണി ഗൗരവമായി കാണുന്നില്ലെന്ന് പിണറായിയുടെ വാക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ 'കിഫ്ബി' എന്ന പ്രസ്ഥാനം വഴി സംസ്ഥാന ഖജനാവ് എങ്ങനെ കൊള്ളയടിക്കപ്പെട്ടുവെന്ന 'റിയൽ മാത്തമാറ്റിക്‌സ് ' പിണറായിക്ക് വിനയാകാം.

കിഫ്ബിയിൽ 50 ജീവനക്കാരെങ്കിലും ഒരു ലക്ഷം രൂപയ്ക്കുമേൽ ശമ്പളം പറ്റുന്നവരാണ്. കിഫ്ബിയിൽ നിന്നും 'കിഫ് കോൺ' എന്ന മറ്റൊരു സംരംഭത്തിൽ നിന്നും ഇരട്ട ശമ്പളം പറ്റിക്കൊണ്ടിരിക്കുന്ന മിടുമിടുക്കന്മാരുമുണ്ടത്രെ. 400 കരാർ ജീവനക്കാരുള്ള കിഫ്ബിക്ക് സർക്കാർ പ്രതിമാസം 3300 കോടി നൽകിക്കൊണ്ടിരിക്കുന്ന 'സാമ്പത്തിക ഇന്ദ്രജാല' വും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

സർക്കാർ സർവീസിൽ നിന്ന്  റിട്ടയർ ചെയ്ത കെ.എം. എബ്രാഹാമിനെ പോലെയുള്ളവർ കിഫ്ബിയിൽ നിന്നുള്ള ശമ്പളവും സർക്കാർ പെൻഷനും വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും പറയപ്പെടുന്നുണ്ട്. കിഫ്ബി എന്ന ദുരൂഹ സാമ്പത്തിക സംവിധാനം പഴയ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ സന്തതിയാണ്.  മുഖ്യമന്ത്രി ചെയർമാനായുള്ള ഭരണസമിതിയാണ് കിഫ്ബിക്കുള്ളത്. മസാല ബോണ്ട് തുടങ്ങിയ വിചിത്ര ഇടപാടുകളും കിഫ്ബിക്കുണ്ട്.

ബാങ്ക് പലിശയേക്കാൾ ഉയർന്ന നിരക്കിലാണ് കിഫ്ബി സർക്കാരിന് വായ്പ നൽകുന്നത്. കിഫ്ബിയ്ക്കായി വാടകയ്‌ക്കെടുത്തിരിക്കുന്ന കെട്ടിടം കണ്ടാൽ ശരാശരി മലയാളിയുടെ കണ്ണ് തള്ളും. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത കെട്ടിടത്തിൽ പാർട്ടിയുടെ ഇഷ്ടക്കാർക്കൊരു താവളമെന്നേ കിഫ്ബിയെക്കുറിച്ച് പറയാനാവൂ. ഏതായാലും ധവളപത്രം വരുമ്പോൾ ഈ കള്ളക്കളികൾ പുറത്തായേക്കും.

'ജീ സാബ് ' എന്നെങ്ങനെ പറയും? 

പുതിയ നിയമസഭയിൽ ആദ്യമായി പ്രസംഗിക്കാൻ എഴുന്നേറ്റ അമ്പലപ്പുഴ എം.എൽ.എ. ജി.സുധാകരന് സ്പീക്കർ അനുവദിച്ചത് എട്ടു മിനിറ്റാണ്. എട്ട് മിനിറ്റ് കൊണ്ട് പിണറായിയെയും പിണറായിസത്തെയും ജി.സുധാകരൻ വാക്കുകൾ കൊണ്ടുള്ള ഗുണ്ടിട്ട് തകർത്തു. എന്നാൽ സി.പി.എംന്റെ പോയ ഭരണകാലത്തെ 'കുത്തി' സുധാകരൻ കത്തിക്കയറിയത് മനോരമയിലെ 'നടുത്തള'ത്തിൽ സുജിത് നായർ പൊതിഞ്ഞു പിടിക്കേണ്ട കാര്യമില്ലായിരുന്നു.

ലെനിന്റെ വാക്കുകൾ ഉദ്ധരിച്ച് ഒരു സ്റ്റെപ്പ് മുന്നോട്ടുവച്ചാൽ, അത് തെറ്റാണെന്നറിഞ്ഞാൽ രണ്ട് സ്റ്റെപ്പ് പിന്നോട്ട് വയ്ക്കാൻ സി.പി.എം.ന് എന്തേ കഴിയാതെപോയി എന്ന ജി.എസിന്റെ ചോദ്യം സിൽവർലൈൻ പദ്ധതിയെ സൂചിപ്പിക്കുന്നതായി. ഇതൊന്നും സുജിത് നായർ എന്ന ലേഖകന്റെ റിപ്പോർട്ടിൽ ഇല്ലെങ്കിലും നവമാധ്യമങ്ങളിൽ ജി.എസിന്റെ പ്രസംഗം പൂർണ്ണതോതിൽ തന്നെ സത്യാന്വേഷകർക്ക് ലഭിക്കുമെന്ന കാര്യം ആ ലേഖകൻ ഓർമ്മിക്കണേ. 

കരിമണൽ ഖനനത്തെക്കുറിച്ച് കഴിഞ്ഞ 12 വർഷത്തെ 'ഖനന കാര്യങ്ങൾ' അന്വേഷിക്കണമെന്ന് ജി.എസ്. ആവശ്യപ്പെട്ടതും പിണറായിയുടെ മകൾ നേരിടുന്ന ഇ.ഡി. അന്വേഷണത്തെ പരാമർശിക്കുന്നതായി. ലോകത്തൊരിടത്തും ഒരു തിരുത്തൽ പ്രക്രിയയെയും കൂവിത്തോൽപ്പിക്കാമെന്നു കരുതരുതെന്നും, ഇടതുമുന്നണി മുന്നോട്ടുവച്ച 'നവോത്ഥാന' മെന്ന ആശയം തന്നെ വലിയ കോമഡിയാണെന്നും ജി.എസ് പറഞ്ഞു. 

പണ്ട് ഇടതുമുന്നണി ചെയ്യാതിരുന്ന കാര്യങ്ങൾ ഇപ്പോഴത്തെ യു.ഡി.എഫ്. ഭരണം ചെയ്യണമെന്ന വാശി നിയമസഭയിൽ പഴയ ധനമന്ത്രി പ്രകടിപ്പിച്ചു കണ്ടു. കഴിഞ്ഞ 10 മാസമായി വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു നടപടിയും സ്വീകരിക്കാതിരുന്ന ഇടതുസർക്കാർ ഇപ്പോൾ വിലക്കയറ്റത്തെക്കുറിച്ച് ആശങ്കപ്പെടുന്നതും വലിയ തമാശയാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ ഇടപെടാനുള്ള സപ്ലൈകോയ്ക്ക് 2953 കോടി രൂപയാണ് പഴയ സർക്കാർ കുടിശ്ശിക വരുത്തിയതെന്നതു കൂടി ഇവിടെ ഓർമ്മിക്കണം. 

'സഹകരണത്തിൽ' ആരും ക്ലീനല്ല! 

മലബാറിലെ കടത്തനാടൻ ലേബർ സൊസൈറ്റിയിലെ തട്ടിപ്പ് സംബന്ധിച്ച് സി.പി.എമ്മും ബി.ജെ.പി.യും സമരത്തിനിറങ്ങിയിട്ടുണ്ട്. കോൺഗ്രസുകാർ കോൺഗ്രസുകാരെ കബളിപ്പിച്ച ഇടപാടാണിത്.

എന്നാൽ ബ്രഹ്മഗിരി സൊസൈറ്റിയിൽ സി.പി.എം. നടത്തിയ ബ്രഹ്മാണ്ഡ അഴിമതിയെക്കുറിച്ച് സി.പി.എം.കമാന്നൊരക്ഷരം മിണ്ടുന്നില്ല. കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ കഥകൾ ഇപ്പോഴും കേരളം മറന്നിട്ടില്ല. പാർട്ടിക്കാർ 'കുളം കലക്കിയ' സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ കഠിന പ്രയത്‌നം തന്നെ വേണ്ടിവരും. സഹകരണ വകുപ്പ് മന്ത്രി എം. ലിജു മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പറയുന്നുണ്ട്.

മുഖം നോക്കാതെയോ പാർട്ടി നോക്കാതെയോ ഉള്ള നടപടി സഹകരണമേഖലയിൽ പണം നിക്ഷേപിച്ച എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ഇക്കാര്യത്തിൽ സർക്കാർ സമയബന്ധിതമായി നടപടികൾ സ്വീകരിക്കുമോ? സ്വീകരിച്ചാൽ ജനത്തിന് ആശ്വാസമാകും. ഈ 'രക്ഷാപ്രവർത്തനം' ചുവപ്പുനാടയിൽ കുടുങ്ങിപ്പോയാൽ ജനം ഇപ്പോൾ ഭരിക്കുന്നവർക്ക് നൽകിയ 'സഹകരണം' വട്ടപ്പൂജ്യമാകും.

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam