നികുതി ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും എന്ന വി.ഡി. സതീശന്റെ ആത്മവിശ്വാസം പോലെ തന്നെ പ്രധാനമാണ് പ്രതിപക്ഷം എടുത്തുകാട്ടുന്ന സാമ്പത്തിക പ്രശ്‌നങ്ങളും അതിൽ ഉൾക്കൊണ്ടിരിക്കുന്ന ജന താൽപര്യങ്ങളും. ജനവിശ്വാസമാണ് ഒരു പതിറ്റാണ്ടിനു ശേഷം യു.ഡി.എഫിനെ അധികാരത്തിൽ എത്തിച്ചതെങ്കിൽ, അതേ ജനവിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഒരു വിശ്വസ്ത സ്ഥാപനമായി തന്റെ സർക്കാരിനെ മാറ്റേണ്ട കടമ സതീശനുള്ളതു തന്നെ.
പതിഞ്ഞ താളത്തിലല്ല പുതിയ സർക്കാരിന്റെ തുടക്കം. തൊടുന്നത് ഒരോന്നും വിവാദത്തിന്റെ പെരുമ്പറ മുഴക്കുകയാണ്. അതിൽ, സതീശൻ മുൻപ് എന്തിനെയെല്ലാം കുറിച്ച് എന്തെല്ലാം പറഞ്ഞിട്ടുണ്ട്, ഇപ്പോൾ എന്ത് പറയുന്നു എന്ന ധാർമിക വിഷയം കേരളീയ സമൂഹത്തിന് മുന്നിൽ നിലനിൽക്കുമ്പോഴും ജനങ്ങളുടെ നിത്യജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളിൽ എത്രത്തോളം കൂടിയലോചനകൾ നടക്കുന്നു എന്നതാണ് പ്രധാനം.
മദ്യനയമായാലും വിദ്യാഭ്യാസ നയമായാലും ചർച്ചചെയ്യാൻ സമയം വേണ്ടത്രയുണ്ട് എന്നിരിക്കെ, ഒരോ തീരുമാനങ്ങളും വിവാദത്തിൽ കൊണ്ടെത്തിച്ച ശേഷം പുനരാലോചനയ്ക്ക് വിടുന്നത് എന്തിനെന്നാണ് ചോദ്യം! ഉയർന്നുവരാവുന്ന എതിർപ്പുകൾ സംബന്ധിച്ച് ധാരണ ഇല്ലാത്ത ആളല്ല, പ്രതിപക്ഷ നേതാവായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി.
അപ്പോൾ ഇതെല്ലാം സതീശൻ നടത്തുന്ന ടെസ്റ്റ് ഡോസുകൾ ആയി വേണം മനസ്സിലാക്കാൻ.
എതിർപ്പുകളുടെ വീര്യം അറിഞ്ഞശേഷം അതിനെ പൊതു സമൂഹത്തിലേക്ക് എറിഞ്ഞു കൊടുത്ത്, അതിൽ ഒരു നയം കണ്ടെത്തുക എന്ന പരീക്ഷണം.
വീര്യം കുറഞ്ഞ വിവാദം
മദ്യ കമ്പനികൾക്ക് പൂർണമായും വാതിൽ കൊട്ടി അടച്ചു കൊണ്ടല്ല സതീശൻ വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി എന്ന ബജറ്റ് നിർദ്ദേശം ഇപ്പോൾ യു.ഡി.എഫ് നയം വരും വരെ മാറ്റിവെച്ചത്. തീരുമാനം പിൻവലിക്കാതെ തന്നെ ഫിനാൻസ് ബിൽ അവതരിപ്പിക്കുമോ എന്നതാണ് പ്രധാന ചോദ്യം.
മദ്യ കമ്പനികളിൽ നിന്ന് എന്ത് കിട്ടി എന്ന ഇടതുപക്ഷത്തിന്റ തരം താഴ്ന്ന ചോദ്യം സതീശന് നിയമസഭയിൽ ഊർജ്ജമാവുകയാണ് ചെയ്തത്. കുറഞ്ഞപക്ഷം തങ്ങൾ ഭരിച്ചിരുന്നപ്പോൾ തങ്ങളുടെ പാർട്ടി നേതാക്കൾ മദ്യനയത്തിൽ എന്തെല്ലാമാണ് കള്ള് കമ്പനികളുമായി നടത്തിയിരുന്ന ഇടപാടുകൾ എന്നെങ്കിലും അറിഞ്ഞിട്ട് വേണമായിരുന്നു മുൻ എക്‌സൈസ് മന്ത്രിയുടെയും മറ്റും പരിഹാസം.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് നൽകിയതിൽ സർക്കാരിന് 'എത്ര കിട്ടി' എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് രേഖകൾ നിരത്തിയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ബക്കാഡി കമ്പനിയുമായി ആദ്യം ചർച്ച നടത്തിയത് യു.ഡി.എഫ് അല്ലെന്നും, രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് ആറുമാസത്തിനകം തന്നെ കമ്പനിയുടെ അപേക്ഷയിൽ അടിയന്തര തീരുമാനമെടുക്കാൻ നിർദ്ദേശിച്ചത് അന്നത്തെ എക്‌സൈസ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദൻ ആണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചതും അതിനായി വിദേശ മദ്യനയത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയതും എൽ.ഡി.എഫ് സർക്കാരാണ്. ബക്കാഡി കമ്പനിയുടെ അപേക്ഷയുടെ പുറത്തായിരുന്നു ഈ നീക്കങ്ങളെല്ലാം നടന്നത്. എന്നാൽ അന്ന് നിയമസഭാ തിരഞ്ഞെടുപ്പ് വന്നതുകൊണ്ട് മാത്രമാണ് എൽ.ഡി.എഫിന് അതിൽ അന്തിമ അനുമതി നൽകാൻ കഴിയാതെ പോയതെന്നും സതീശൻ എടുത്തുകാട്ടി.
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ മറ്റ് ആരോപണങ്ങളും മുഖ്യമന്ത്രി പൂർണ്ണമായും തള്ളിപ്പറഞ്ഞു. പൊതുമേഖലാ സ്ഥാപനം സ്വകാര്യവത്കരിക്കുന്ന ഒരു വാചകം പോലും ബജറ്റിൽ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കെ.എസ്.ആർ.ടി.സിയെ സ്വയംപര്യാപ്തമാക്കുമെന്നും സപ്ലൈകോയിൽ സപ്ലൈ ചെയിൻ മനേജ്‌മെന്റ് മോഡൽ നടപ്പാക്കി അതിനെ ലാഭത്തിലാക്കുമെന്നും അറിയിച്ചു.
മുൻപ് ലാഭത്തിലായിരുന്ന കെ.എസ്.ഇ.ബിയെ എൽ.ഡി.എഫ് സർക്കാർ കടത്തിലാക്കിയെന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയതടക്കം കോടികളാണ് പ്രതിദിന നഷ്ടമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ.എസ്.ഇ.ബിയെ വീണ്ടും ലാഭത്തിലാക്കുമെന്നും വൈദ്യുതി ചാർജ് കൂട്ടി പാവപ്പെട്ടവന്റെ തലയിൽ ഭാരമേൽപ്പിക്കുന്നത് സർക്കാരിന്റെ നയമല്ലെന്നും പറയുമ്പോൾ ഇനിയുള്ള ദിവസങ്ങൾ നിർണായകമാവുകയാണ്.
ജെൻസി പ്രേമം
സംസ്ഥാനത്തെ വാഹനപ്രേമികൾക്കും യുവാക്കൾക്കും വലിയ ആശ്വാസം പകർന്നുകൊണ്ട് വാഹന മോഡിഫിക്കേഷനുകളിൽ (രൂപമാറ്റം) നിയമപരമായ ഇളവുകൾ അനുവദിക്കാനുള്ള വാഗ്ദാനം സർക്കാർ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തുന്നു. വാഹനപ്രേമികളായ കൗമാരക്കാരുടെയും 'ജെൻ സി' യുവാക്കളുടെയും വലിയൊരു കാത്തിരിപ്പിനാണ് പുതിയ പ്രഖ്യാപനത്തോടെ വഴിതെളിയുന്നത്.
നടത്തുമെന്ന് പറഞ്ഞാൽ ഈ സതീശൻ നടത്തിയിരിക്കും എന്ന മാസ്സ് ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. ജൂലൈ 1 മുതൽ ആരംഭിക്കുന്ന നൂറുദിന പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക ചർച്ചകൾ നടന്നതും തുടർനടപടികൾക്കായി ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിയതും.
ബജറ്റിന്റെ നല്ല പങ്കും 40 വയസ്സിൽ താഴെയുള്ളവർക്ക് പ്രതീക്ഷയും പ്രത്യാശയും നൽകുന്ന ഒന്നായി അവതരിപ്പിക്കപ്പെട്ടപ്പോൾ, കാണേണ്ടത് മാറുന്ന തലമുറയ്‌ക്കൊപ്പം മാറാൻ മനസ്സ് കാണിക്കുന്ന ഒരു ഭരണ നേതൃത്വം എത്തിയിരിക്കുന്നു എന്നു തന്നെയാണ്. എന്നാൽ, അതിനെ പതിവ് രാഷ്ട്രീയ വിവാദച്ചുഴികളിൽ കറക്കിയെറിയാൻ അവസരം നൽകാതിരിക്കേണ്ടത് ഭരിക്കുന്നവർ തന്നെയാണ്. സതീശന് ഭരണ പരിചയക്കുറവ് ഇനി ഒരു ന്യായീകരണമല്ല.
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
