അമേരിക്ക ഫസ്റ്റ് എന്ന ട്രംപിസം ലോകത്തെ ഒരു റിയാലിറ്റി ഷോ പോലെ കാണുകയും, രാജ്യങ്ങളെ കോര്‍പ്പറേറ്റ് യൂണിറ്റുകളായി കണക്കാക്കി ലാഭം നഷ്ടം എന്ന ലളിത ഗണിതത്തിലേക്ക് അതിനെ ചുരുക്കുകയും ചെയ്യുന്ന ഒരു വ്യക്തി ചിന്തയായിട്ടാണ് പലരും വിലയിരുത്തുന്നത്. അമേരിക്ക ഇനി ലോകത്തിന്റെ കാവല്‍ക്കാരനാകേണ്ടതില്ല, സ്വന്തം ജനതയുടെ ക്ഷേമം മാത്രം നോക്കിയാല്‍ മതി എന്ന വാദം, വോട്ടര്‍മാരെ ആവേശത്തിലാക്കുന്ന ഒരു പൊള്ളവാഗ്ദാനമാണെന്നാണ് പറയുന്നത്. കാരണം, ലോകകാര്യങ്ങളില്‍ നിന്ന് അമേരിക്ക പിന്മാറുക എന്നത് ധീരമായ സ്വാതന്ത്ര്യപ്രഖ്യാപനമല്ല മറിച്ച് സ്വന്തം ശക്തിയുടെ അടിത്തറ തകര്‍ക്കുന്ന ഒരു രാഷ്ട്രീയ അബദ്ധമാണെന്നാണ് പറയപ്പെടുന്നത്.
ആധുനിക അമേരിക്കയെ ഒരു ഒറ്റപ്പെട്ട രാജ്യമായി കാണുന്നതിലുപരി, ലോകത്തിന്റെ നടുവില്‍ നിലകൊള്ളുന്ന ഒരു വലിയ മഹാനഗരമായി കാണുന്നതാണ് ശരി. ഒരു മഹാനഗരം ചുറ്റുമുള്ള പ്രദേശങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുപോലെ തന്നെ, ലോകം അമേരിക്കയെ ആശ്രയിക്കുന്നതുപോലെ, അമേരിക്കയും ലോകത്തിന്റെ മറ്റു ഭാഗങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ പരസ്പര ആശ്രയത്വം മുറിച്ചെറിയാന്‍ ശ്രമിക്കുന്നത്, പുറത്തുനിന്നുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയും വേണ്ടെന്ന് പറഞ്ഞ് ഒരു നഗരം ഒറ്റയ്ക്ക് ജീവിക്കാന്‍ ശ്രമിക്കുന്നതു പോലെയുള്ള പ്രതീതിയാണ് നല്‍കുന്നത്. അത് ഒടുവില്‍ ആ നഗരത്തെ തന്നെയാണ് തകര്‍ക്കുക എന്നും വിലയിരുത്തപ്പെടുന്നു.
അമേരിക്ക ഇപ്പോഴും ലോകത്തിലെ ഏറ്റവും നൂതനമായ സമ്പദ്വ്യവസ്ഥകളിലൊന്നാണെന്നത് സത്യമാണ്. പക്ഷേ ഈ നവീകരണത്തിന്റെ പിന്നില്‍ എന്താണ് പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യമാണ് പ്രധാനപ്പെട്ടത്. ക്വാണ്ടിറ്റേറ്റീവ് ലഘൂകരണം പോലുള്ള നയങ്ങളിലൂടെ അമേരിക്ക വലിയ തോതില്‍ പണം സമ്പദ്വ്യവസ്ഥയിലേക്ക് ഒഴുക്കുന്നു. സാധാരണ ഭാഷയില്‍ പറഞ്ഞാല്‍, പണം അച്ചടിച്ച് വിപണിയില്‍ വിടുന്നു. ഇതിലൂടെ ഓഹരി വിപണികള്‍ ഉയരുന്നു, പുതിയ കമ്പനികള്‍ പിറക്കുന്നു, നിക്ഷേപങ്ങള്‍ ഒഴുകുന്നു. എന്താണ് വിജയിക്കുന്നത് എന്ന് അറിയാന്‍ എല്ലാം പരീക്ഷിക്കുന്ന ഒരു സമീപനം.
ഈ സംവിധാനം ഇത്രയും കാലം തകരാതെ പ്രവര്‍ത്തിച്ചത്, ഡോളര്‍ ലോകത്തിന്റെ റിസര്‍വ് കറന്‍സിയായതിനാലാണ്. ഡോളര്‍ അമേരിക്കയില്‍ മാത്രം ചുറ്റുന്നില്ല. അത് ലോകം മുഴുവന്‍ സഞ്ചരിക്കുന്നു. അതിനാല്‍ തന്നെ, അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതി ഉല്‍പ്പന്നം ഡോളര്‍ തന്നെയാണെന്ന് പറയാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും അമേരിക്കയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും ഇതേ കാരണത്താലാണ്. അത് ദേശസ്‌നേഹത്തിന്റെ വിളിയല്ല. മറിച്ച് അവസരങ്ങളുടെ ആകര്‍ഷണമാണ്.
പണവും ഗവേഷണവും വിപണിയും ഒരിടത്ത് കൂടിച്ചേരുമ്പോള്‍, ആളുകളും അവിടേക്ക് ഒഴുകും. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ വിപണിയായി അമേരിക്ക തുടരുന്നതും ഈ മഹാനഗര സ്വഭാവത്തിന്റെ ഫലമാണ്. എന്നാല്‍ ഈ ശക്തി നിലനില്‍ക്കുന്നത് രണ്ട് കാര്യങ്ങളിലാണ്. അതില്‍ ഒന്ന് പരിധിയില്ലാത്ത ധനസൃഷ്ടിയാണ്. മറ്റൊന്ന് ലോകത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രക്രിയകള്‍ അമേരിക്കയുമായി ചേര്‍ന്നുനില്‍ക്കുന്നു എന്നതാണ്. ഈ ബന്ധങ്ങളില്‍ ഏതെങ്കിലും ഒന്ന് തകരുമ്പോള്‍, മുഴുവന്‍ സംവിധാനവും കുലുങ്ങും.
അമേരിക്ക ഇന്ന് നേരിടുന്ന പല സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളും യാദൃശ്ചികമായി ഉണ്ടായതല്ല, അവയുടെ വേരുകള്‍ രാജ്യത്തിന്റെ മഹാനഗര സ്വഭാവത്തില്‍ തന്നെ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. നിര്‍മ്മാണ മേഖലയിലെ ജോലികള്‍ പതുക്കെ ഇല്ലാതാകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍, അതിന് മറുപടി വളരെ ലളിതമാണ്. ആഗോള സമ്പദ്വ്യവസ്ഥയില്‍ മൂലധനം ദേശസ്‌നേഹത്താല്‍ നയിക്കപ്പെടുന്നില്ല. ലാഭമാണ് അതിന്റെ ഏക മാനദണ്ഡം. തൊഴില്‍ ചെലവ് കുറഞ്ഞതും ഭൂമിയും വിഭവങ്ങളും വിലകുറഞ്ഞതുമായ പ്രദേശങ്ങളിലേക്ക് ഉല്‍പ്പാദനം മാറുക എന്നത് ഒരു ആഗോള സാമ്പത്തിക നിയമം പോലെയാണ്.
അമേരിക്ക പോലുള്ള ഒരു സാമ്പത്തിക കേന്ദ്രത്തില്‍, ഫാക്ടറികള്‍ നിലനിര്‍ത്തുന്നതിനെക്കാള്‍ അവ വിദേശത്തേക്ക് മാറ്റുന്നതാണ് കമ്പനികള്‍ക്ക് കൂടുതല്‍ ലാഭകരം. അതിന്റെ ഫലമായി, ഒരുകാലത്ത് രാജ്യത്തിന്റെ അടിത്തറയായിരുന്ന നിര്‍മ്മാണ തൊഴിലാളി വര്‍ഗ്ഗം ഇന്ന് തൊഴിലില്ലായ്മയുടെയും അനിശ്ചിതത്വത്തിന്റെയും പിടിയിലായി. അസമത്വം വര്‍ധിക്കുന്നതും ഇതേ ഘടനയുടെ മറ്റൊരു മുഖമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍, മെച്ചപ്പെട്ട ജീവിതം തേടി, അമേരിക്കന്‍ മഹാനഗരത്തിലേക്ക് ഒഴുകിയെത്തുന്നു. എന്നാല്‍ എല്ലാവര്‍ക്കും ഒരുപോലെ അവസരങ്ങള്‍ ലഭിക്കണമെന്നില്ല. വിദ്യാഭ്യാസം, സാമൂഹിക ബന്ധങ്ങള്‍, സാമ്പത്തിക പിന്തുണ എന്നിവ ഇല്ലാതെ പലരും കുടുങ്ങിപ്പോകുന്നു. വലിയ നഗരങ്ങളില്‍ കാണുന്നതുപോലെ, ഒരുവശത്ത് അതിവിസ്മയകരമായ സമ്പത്തും ആഡംബരവും നിലനില്‍ക്കുമ്പോള്‍, മറുവശത്ത് സ്ഥിരതയില്ലാത്ത ജോലികളും കുറഞ്ഞ വരുമാനവും ജീവിതച്ചെലവിന്റെ കടുത്ത സമ്മര്‍ദവും അനുഭവിക്കുന്ന വലിയൊരു ജനവിഭാഗം രൂപപ്പെടുന്നു. അമേരിക്കയിലെ വര്‍ധിച്ചുവരുന്ന വരുമാന വ്യത്യാസം ഈ മഹാനഗര യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമാണെന്നാണ് വിലയിരുത്തുന്നത്.
ഉദാഹരണം പറഞ്ഞാല്‍, ഒരു മാക്ബുക്ക് കൈയില്‍ എടുത്താല്‍, ഔദ്യോഗികമായി അത് ഒരു അമേരിക്കന്‍ ഉല്‍പ്പന്നമാണ്. പക്ഷേ അത് അമേരിക്കയില്‍ നിര്‍മ്മിച്ചതല്ല, പൂര്‍ണമായി അവിടെ വികസിപ്പിച്ചതുമല്ല. ഡിസൈന്‍, മാര്‍ക്കറ്റിംഗ്, ധനകാര്യ നിയന്ത്രണം എന്നിവയാണ് അമേരിക്കയില്‍ നടക്കുന്നത്. യഥാര്‍ത്ഥ ഉല്‍പ്പാദനവും എന്‍ജിനീയറിംഗും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നടക്കുന്നത്. അമേരിക്ക സൃഷ്ടിച്ച ആഗോള ഘടനയുടെ ഫലമാണ് ഈ ഉല്‍പ്പന്നം. മഹാനഗരത്തില്‍ മുകളില്‍ കാണുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. അടിത്തട്ടിലെ വലിയ ഭാരം പുറത്താണ്.
ഇതില്‍ നിന്ന് പെട്ടെന്ന് പിന്മാറുക എന്നത്, ഒരു ഭീമന്‍ ബഹുരാഷ്ട്ര കമ്പനി ''ഇനി ഞാന്‍ ഒറ്റയ്ക്ക് മതി എന്ന് പറഞ്ഞ് ആഗോള വിപണികളില്‍ നിന്ന് പിന്മാറുന്നതുപോലെയാണ്. തുടക്കത്തില്‍ മുകളില്‍ എല്ലാം നന്നായി തോന്നാം. വലിയ ഓഫീസുകള്‍, വലിയ ശമ്പളങ്ങള്‍, വലിയ പദ്ധതികള്‍. പക്ഷേ വിതരണ ശൃംഖലകള്‍ തകരുമ്പോള്‍, വിപണികള്‍ നഷ്ടപ്പെടുമ്പോള്‍, ആഘാതം ആദ്യം അനുഭവപ്പെടുന്നത് ആസ്ഥാനത്തായിരിക്കും.
ട്രംപിന്റെ സമീപനം ഇതേ പ്രശ്‌നം ആവര്‍ത്തിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ചെലവ് കുറയ്ക്കല്‍, ജീവനക്കാരെ കുറയ്ക്കല്‍, ലാഭകരമല്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കല്‍ ഒരു കമ്പനിയ്ക്ക് ഇത് യുക്തിസഹമായേക്കാം. എന്നാല്‍ ഒരു മഹാനഗരമായ രാജ്യത്തിന് ഇത് അപകടകരമാണ്. അന്താരാഷ്ട്ര സഹകരണത്തിലൂടെ നിര്‍മ്മിക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്നത് വിതരണ ശൃംഖലകളെ തകര്‍ക്കും. കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുന്നത് തൊഴിലാളി ശക്തിയെ കുറയ്ക്കും. ആഗോള കാര്യങ്ങളില്‍ നിന്ന് പിന്മാറുന്നത്, അമേരിക്കയെ തന്നെ ഒറ്റപ്പെടുത്തുകയും അതിന്റെ ശക്തിയുടെ അടിത്തറ തകര്‍ക്കുകയും ചെയ്യും.
അതേസമയം ഒരു വശത്ത് അമേരിക്ക ലോകകാര്യങ്ങളില്‍ നിന്ന് പിന്മാറണം, മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ തന്റേതല്ല എന്ന വാദം ഉയര്‍ത്തുമ്പോള്‍ തന്നെ. മറുവശത്ത്, മിഡില്‍ ഈസ്റ്റില്‍ ശക്തിപ്രദര്‍ശനം, ഉപരോധങ്ങള്‍, സൈനിക ഭീഷണികള്‍, ആണവ കരാറുകള്‍ തുടങ്ങിയ കാര്യങ്ങളാല്‍ തിരക്കിലാണ്. ഈ വൈരുദ്ധ്യമാണ് ട്രംപിസത്തിന്റെ മുഖം. ഇറാനുമായുള്ള ഏറ്റുമുട്ടല്‍, അമേരിക്കക്ക് ആഗോള ഇടപെടലുകളില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറാന്‍ കഴിയില്ലെന്ന സത്യത്തിന്റെ ഏറ്റവും പുതിയ തെളിവാണ്.
ഇറാന്‍ വിഷയത്തില്‍ സ്വീകരിച്ച കടുത്ത നിലപാട്, അമേരിക്കയെ കൂടുതല്‍ സുരക്ഷിതമാക്കിയോ എന്ന് ചോദിച്ചാല്‍ കൃത്യമയാി ഉത്തരം പറയാന്‍ ആവില്ല. പുതിയ സംഘര്‍ഷങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും വലയത്തിലേക്കാണ് തള്ളിവിട്ടത് എന്നാണ് പറയാനാവുക. ആഗോള വിശ്വാസ്യത ക്ഷയിക്കുകയും, സഖ്യകക്ഷികള്‍ പോലും സംശയത്തോടെ നോക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, അമേരിക്ക ഒറ്റയ്ക്ക് ശക്തിയോടെ നില്‍ക്കും എന്ന ധാരണ കൂടുതല്‍ ചോദ്യം ചെയ്യപ്പെടുന്നു. ഒരു മഹാനഗരം പോലെ, അമേരിക്കയുടെ ശക്തി അതിന്റെ ബന്ധങ്ങളിലാണ്. ആ ബന്ധങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ അവശേഷിക്കുന്നത് ശക്തിയല്ല, ഒറ്റപ്പെടലാണ്.അതിനാല്‍, ട്രംപിസവും മാഗ സിദ്ധാന്തവും അമേരിക്കയെ രക്ഷിക്കുമെന്ന വാഗ്ദാനം ഒരു രാഷ്ട്രീയ മിഥ്യ മാത്രമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
