ബാങ്കോക്ക്: മധ്യ ലാവോസിലെ ഉള്‍ക്കാട്ടിലെ വെള്ളപ്പൊക്കത്തില്‍പ്പെട്ട ഗുഹയില്‍ പത്ത് ദിവസമായി കുടുങ്ങിക്കിടന്ന ഏഴ് ഗ്രാമീണരില്‍ നാല് പേരെക്കൂടി ശനിയാഴ്ച അന്താരാഷ്ട്ര രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. വെള്ളിയാഴ്ച രാത്രി ആദ്യ സംഘാംഗത്തെ വിജയകരമായി രക്ഷപെടുത്തിയിരുന്നു. ഇതോടെ ആകെ രക്ഷപെട്ടവരുടെ എണ്ണം അഞ്ചായി. ശേഷിക്കുന്ന രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ലാവോസിന്റെ തലസ്ഥാനമായ വിയന്റിയാനില്‍ നിന്നും ഏകദേശം 120 കിലോമീറ്റര്‍ വടക്ക് മാറിയുള്ള സൈസോംബോണ്‍ പ്രവിശ്യയിലെ കുന്നിന്‍ പ്രദേശത്താണ് ഈ അപകടം നടന്നത്. പരുക്കന്‍ മലനിരകളും നിബിഡ വനങ്ങളും നിറഞ്ഞ ഈ പ്രവിശ്യ ലാവോസിലെ ഏറ്റവും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലൊന്നാണ്. ഈ മേഖലയിലെ ചുണ്ണാമ്പുകല്ല് നിറഞ്ഞ ഗുഹകള്‍ക്കുള്ളില്‍ സ്വര്‍ണം അടക്കമുള്ള വിലയേറിയ ധാതുക്കള്‍ ശേഖരിക്കാനായി ഗ്രാമീണര്‍ പതിവായി പോകാറുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് എട്ടംഗ ഗ്രാമീണ സംഘം ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ചത്. എന്നാല്‍ ഈ പ്രദേശത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ മലവെള്ളപ്പാച്ചിലിന് കാരണമാവുകയും ചെളിയും വെള്ളവും കുത്തിയൊലിച്ച് ഗുഹയുടെ പുറത്തേക്കുള്ള ഏക വഴി അടയുകയുമായിരുന്നു. സംഘത്തിലെ ഒരാള്‍ പ്രളയജലം ഇരച്ചുകയറുന്നതിന് തൊട്ടുമുമ്പ് അത്ഭുതകരമായി പുറത്തുകടന്ന് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ലോകമറിഞ്ഞ വന്‍ രക്ഷാദൗത്യത്തിന് തുടക്കമായത്. ലാവോസിലെ പ്രാദേശിക സന്നദ്ധ സംഘടനയായ റെസ്‌ക്യൂ വോളണ്ടിയര്‍ ഫോര്‍ പീപ്പിള്‍ ആണ് പ്രാഥമിക വിവരങ്ങള്‍ പുറത്തുവിട്ടത്.
ബുധനാഴ്ചയാണ് ഗുഹയുടെ പ്രവേശന കവാടത്തില്‍ നിന്നും ഉള്ളിലെ ഒരു പാറക്കെട്ടില്‍ അഞ്ച് ഗ്രാമീണരെ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്. ഖംല, മുഎദ്, ഈ, ഇങ്, ലെയ്ന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ കണ്ടെത്തിയെങ്കിലും ഇടുങ്ങിയതും ചെളിനിറഞ്ഞതുമായ ഗുഹാ മാര്‍ഗങ്ങളിലൂടെ ഉടനടി പുറത്തെത്തിക്കുക അസാധ്യമായിരുന്നു. തുടര്‍ന്ന് ശനിയാഴ്ചയോടെ ഗുഹയ്ക്കുള്ളിലെ വെള്ളം പമ്പ് ചെയ്ത് കളയുകയും ജലനിരപ്പ് അല്പം താഴ്ന്നതോടെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ശേഷിക്കുന്ന നാലുപേരെക്കൂടി സ്‌ട്രെച്ചറുകളിലും ഓക്‌സിജന്‍ മാസ്‌കുകളിലും ഫോയില്‍ പുതപ്പുകളിലും പൊതിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റികയായിരുന്നു. വിയന്റീനിലെ ആശുപത്രികളില്‍ ഇവര്‍ക്കായി പ്രത്യേക വൈദ്യസഹായം ഉറപ്പാക്കിയിട്ടുണ്ട്.
2018 ല്‍ ലോകമെമ്പാടും ശ്രദ്ധ നേടിയ തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹാ രക്ഷാപ്രവര്‍ത്തനത്തെ പൂര്‍ണമായും അനുസ്മരിപ്പിക്കുന്നതാണ് ലാവോസിലെ ഈ ദൗത്യം. 2018 ല്‍ തായ് കുട്ടികളെ രക്ഷപെടുത്താന്‍ നേതൃത്വം നല്‍കിയ അതേ ബ്രിട്ടീഷ്, ഓസ്ട്രേലിയന്‍ കേവ് ഡൈവര്‍മാര്‍ തന്നെയാണ് ലാവോസിലും രക്ഷകരായി എത്തിയത്. ലാവോസ്, തായ്‌ലന്‍ഡ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ഓസ്ട്രേലിയ, ഫ്രാന്‍സ്, ജപ്പാന്‍, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഇവിടെയും അണിനിരന്നു.
അപകടത്തില്‍പ്പെട്ട സംഘത്തിലെ അവസാന രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍. നിലവില്‍ അഞ്ച് പേരെ കണ്ടെത്തിയ പാറക്കെട്ടില്‍ നിന്നും വീണ്ടും 20 മുതല്‍ 25 മീറ്റര്‍ വരെ ആഴത്തിലുള്ള ഉള്‍ഭാഗങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കാനാണ് തായ് രക്ഷാ സംഘമായ മെറ്റ താം റെസ്‌ക്യൂ കലാസിന്‍ തലവന്‍ കെങ്കാജ് ബോങ്കാവോങ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ ഭാഗങ്ങളില്‍ പൂര്‍ണമായും വെള്ളം ഒഴുക്കോടെ നിറഞ്ഞിരിക്കുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. കൂടാതെ പ്രദേശത്ത് കനത്ത മഴ തുടരുമെന്ന പ്രവചനം രക്ഷാപ്രവര്‍ത്തകരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
