ബെയ്ജിങ്: അമ്മയെ കാണാന്‍ ഭംഗിയില്ലെന്ന കാരണം പറഞ്ഞ് സ്വന്തം വിവാഹത്തിന് ക്ഷണിക്കാതിരുന്ന മകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ചൈനയിലെ പ്രമുഖ സ്ഥാപനമായ ഹേനാന്‍ മൈനിങ് ക്രെയിന്‍ കമ്പനി ലിമിറ്റഡിലാണ് അസാധാരണമായ ഈ സംഭവം നടന്നത്. സ്ഥാപനത്തിന്റെ സ്ഥാപകനായ കുയി പെയ്ജുന്‍ ആണ് അമ്മയെ അപമാനിച്ച ജീവനക്കാരനെ ഉടനടി ജോലിയില്‍ നിന്ന് പുറത്താക്കിയത്.
ജൂലൈ 21 ന് സ്ഥാപനത്തിലെ ജീവനക്കാരുടെ മക്കള്‍ക്കായി സംഘടിപ്പിച്ച ചടങ്ങിലാണ് കുയി പെയ്ജുന്‍ മുന്‍പ് നടന്ന ഈ സംഭവം പരസ്യമാക്കിയത്. മാതാപിതാക്കളെ ആദരിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നത് ഒരു മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്വന്തം മാതാപിതാക്കളെ പോലും ബഹുമാനിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് സമൂഹത്തില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ യാതൊരുവിധ ബഹുമാനവും അര്‍ഹതയില്ലെന്ന് അദ്ദേഹം ചടങ്ങില്‍ വ്യക്തമാക്കി.
ജീവനക്കാരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കുയി ഈ സംഭവം ശ്രദ്ധിക്കുന്നത്. യുവാവിന്റെ അമ്മ ചടങ്ങുകളില്‍ പങ്കെടുക്കാതെ മാറി ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട കുയി കാരണം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന മറുപടി ലഭിച്ചത്. അമ്മയെ കാണാന്‍ ഭംഗിയില്ലാത്തതിനാല്‍ മറ്റുള്ളവരുടെ മുന്നില്‍ വരാന്‍ ലജ്ജയാണെന്നായിരുന്നു മകന്റെ പ്രതികരണം.
എന്നാല്‍ യുവാവിന്റെ കുടുംബ പശ്ചാത്തലം വ്യക്തമായി അറിയാമായിരുന്ന കുയിക്ക് ഈ മറുപടി സഹിക്കാനായില്ല. രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ച യുവാവിനെ അമ്മ എത്രത്തോളം കഷ്ടപ്പെട്ടാണ് വളര്‍ത്തിയതെന്ന് നന്നായി അറിയാമായിരുന്ന അദ്ദേഹം, ജീവനക്കാരനെ അപ്പോള്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.
സംഭവം ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ വൈറലാവുകയും കുയി പെയ്ജുന്റെ നിലപാടിനെ പ്രശംസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തുകയും ചെയ്തു. ജോലി നഷ്ടപ്പെട്ട യുവാവ് പിന്നീട് ഓഫീസിലെത്തി മുട്ടുകുത്തി മാപ്പപേക്ഷിച്ചെങ്കിലും കമ്പനി ഉടമ തീരുമാനം തിരുത്താന്‍ തയ്യാറായില്ല. തുടര്‍ന്ന്, യുവാവിനെ പിരിച്ചുവിട്ട ശേഷം അദ്ദേഹത്തിന്റെ അമ്മയ്ക്ക് കുയി സ്ഥാപനത്തില്‍ ജോലി നല്‍കിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
