കാനഡയുമായുള്ള ചർച്ചയിൽ വഴിത്തിരിവ്; വാഹന ഇറക്കുമതി തീരുവ കുറയ്ക്കാൻ യുഎസ്

AUGUST 19, 2026, 9:39 PM

വാഷിങ്ടൺ/ഒട്ടാവ: കാനഡയുമായി ധാരണയിലെത്തുന്നതിന്റെ ഭാഗമായി കാനഡയിൽ നിർമിക്കുന്ന കാറുകൾക്കും ട്രക്കുകൾക്കും പ്രധാന ലോഹങ്ങൾക്കും ചുമത്തിയിരിക്കുന്ന ഇറക്കുമതി തീരുവയിൽ ഇളവ് വരുത്താൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്. വിഷയവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബുധനാഴ്ച മുതൽ കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവകൾ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വ്യാപാര ചർച്ചകളിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് ഇത് ശനിയാഴ്ചയിലേക്ക് മാറ്റി.

അമേരിക്കയും കാനഡയും തമ്മിൽ ഉടൻ വ്യാപാര കരാറിലെത്താൻ സാധ്യതയുണ്ടെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇരു രാജ്യങ്ങളും ധാരണയിലേക്ക് നീങ്ങുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രതികരിച്ചു.

vachakam
vachakam
vachakam

കരാർ ഔദ്യോഗികമായി നിലവിൽ വരുന്നതുവരെ ചർച്ചകൾക്ക് ശനിയാഴ്ച പുലർച്ചെ 12.01 വരെയാണ് സമയപരിധി. ഈ സമയത്ത് ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് പുതിയ തീരുവകൾ നിലവിൽ വരാനാണ് നിശ്ചയിച്ചിരിക്കുന്നത്.

വ്യാഴാഴ്ച വൈറ്റ് ഹൗസിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി കൂടിക്കാഴ്ച നടത്തുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

കാറുകൾക്കും ട്രക്കുകൾക്കും തീരുവ 15 ശതമാനമായി കുറച്ചേക്കും

vachakam
vachakam
vachakam

നിലവിൽ കാനഡയിൽ നിർമിക്കുന്ന കാറുകൾക്കും ട്രക്കുകൾക്കും ചുമത്തുന്ന 25 ശതമാനം ഇറക്കുമതി തീരുവ 15 ശതമാനമായി കുറയ്ക്കാനാണ് നിർദേശത്തിലുള്ളതെന്ന് വിഷയവുമായി അടുത്ത വൃത്തം അറിയിച്ചു.

നിലവിലെ തീരുവ കാനഡയിലെ വാഹന നിർമാണ മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് വ്യവസായ രംഗത്തെ പ്രമുഖർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തീരുവ 10 ശതമാനമായി കുറയ്ക്കണമെന്നാണ് കാനഡ ആവശ്യപ്പെടുന്നതെന്ന് രണ്ട് വാഹന നിർമാണ മേഖലയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

അമേരിക്കയിൽ നിർമിച്ച ഭാഗങ്ങളുടെ മൂല്യത്തിന് ഇളവ് അനുവദിച്ചതിന് ശേഷമായിരിക്കും 15 ശതമാനം തീരുവ കണക്കാക്കുക. അതിനാൽ യഥാർഥത്തിൽ അടയ്ക്കേണ്ട തീരുവ ഇതിലും കുറവായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

vachakam
vachakam
vachakam

കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിയുടെ നിലവിലെ തീരുവയും 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറയ്ക്കാൻ നിർദേശമുണ്ട്. എന്നാൽ നിശ്ചിത അളവിലുള്ള ഇറക്കുമതിക്ക് മാത്രമായിരിക്കും ഈ ഇളവ് ലഭിക്കുക.

പ്രതിവർഷം നാല് ദശലക്ഷം മെട്രിക് ടൺ വരെ സ്റ്റീൽ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ബാധകമാക്കാനും അതിന് മുകളിലുള്ള ഇറക്കുമതിക്ക് നിലവിലെ 50 ശതമാനം തീരുവ തുടരാനുമാണ് സാധ്യതയെന്ന് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചാണ് കഴിഞ്ഞ വർഷം സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ എന്നിവയ്ക്ക് അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിയത്. ഇതിന് മറുപടിയായി കാനഡയും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തിയിരുന്നു.

വ്യാപാര ചർച്ചകളുടെ പുരോഗതി സംബന്ധിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി രാജ്യത്തെ പത്ത് പ്രവിശ്യകളിലെ മുഖ്യമന്ത്രിമാരുമായി ബുധനാഴ്ച ചർച്ച നടത്തി.

ചർച്ച വളരെ പ്രധാനപ്പെട്ടതും ക്രിയാത്മകവുമായിരുന്നുവെന്ന് അമേരിക്കയുമായുള്ള വ്യാപാരത്തിന്റെ ചുമതലയുള്ള കനേഡിയൻ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. എന്നാൽ ഇനിയും ചില വിഷയങ്ങളിൽ ധാരണയിലെത്താനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ മദ്യ ഉൽപ്പന്നങ്ങൾ വീണ്ടും കടകളിൽ വിൽപ്പനയ്ക്ക് എത്തിക്കണമെന്ന് കാർണി പ്രവിശ്യകളോട് ആവശ്യപ്പെട്ടതായി നോവ സ്കോട്ടിയ പ്രീമിയർ ടിം ഹൂസ്റ്റൺ പറഞ്ഞു. കഴിഞ്ഞ വർഷം ട്രംപ് കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് മിക്ക കനേഡിയൻ പ്രവിശ്യകളും അമേരിക്കൻ മദ്യ ഉൽപ്പന്നങ്ങളുടെ വിതരണം നിർത്തിയിരുന്നു.

എന്നാൽ അന്തിമ വ്യാപാര കരാർ ഉണ്ടാകുന്നതിനെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തിൽ തുടർനടപടികളെന്നും ഹൂസ്റ്റൺ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam