ട്രംപിന്റെ നടപടിയില്‍ വിറങ്ങലിച്ച് ഹെയ്തി കുടിയേറ്റക്കാര്‍; അമേരിക്കന്‍ ആരോഗ്യമേഖലയും പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്

AUGUST 19, 2026, 9:37 PM

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ഹെയ്തിക്കാര്‍ക്കുള്ള താല്‍ക്കാലിക സംരക്ഷണ പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് അമേരിക്കയിലെ പതിനായിരക്കണക്കിന് കുടിയേറ്റക്കാരും അവരുടെ പരിചരണത്തിലായിരുന്ന രോഗികളും പ്രതിസന്ധിയിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കം രൂക്ഷമായ സാഹചര്യത്തില്‍ നിയമപരമായ തൊഴില്‍ അനുമതി റദ്ദാക്കപ്പെട്ടതോടെ പല സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാകുകയാണ്.

ന്യൂയോര്‍ക്കിലെ റോക്ക്ലാന്‍ഡ് കൗണ്ടിയിലുള്ള ജാവോണിയോ എന്ന ജീവകാരുണ്യ സ്ഥാപനത്തില്‍ നാല് വര്‍ഷമായി പരിചാരകനായിരുന്ന ടാസി എന്ന ഹെയ്തിക്കാരന്റെ സേവനം അവസാനിച്ചത് ഇതിനൊരു ഉദാഹരണമാണ്. അപൂര്‍വ്വ ജനിതക രോഗമായ വില്യംസ് സിന്‍ഡ്രോം ബാധിച്ച റിചി റോസന്‍ എന്ന 43-കാരനെ പരിചരിച്ചിരുന്നത് ടാസി ആയിരുന്നു. പെട്ടെന്നുണ്ടായ പിരിച്ചുവിടല്‍ മൂലം റിചിക്കും കുടുംബത്തിനും തങ്ങളുടെ പ്രിയപ്പെട്ട പരിചാരകനോട് യാത്രപറയാന്‍ പോലും കഴിഞ്ഞില്ല.

ജാവോണിയോ എന്ന സ്ഥാപനത്തില്‍ മാത്രം ജീവനക്കാരുടെ 7 ശതമാനത്തോളം വരുന്ന രണ്ട് ഡസനടുത്ത് ഹെയ്തിക്കാരായ തൊഴിലാളികളെയാണ് ഒറ്റയടിക്ക് ഒഴിവാക്കേണ്ടി വന്നത്. മണിക്കൂറിന് 20 ഡോളര്‍ നിരക്കില്‍ ഭിന്നശേഷിക്കാര്‍ക്ക് രോഗീപരിചരണം നല്‍കിയിരുന്ന ഇത്തരക്കാരുടെ സേവനം പെട്ടെന്ന് അവസാനിച്ചത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഇത് കേവലം ഒരു കുടിയേറ്റ പ്രശ്‌നം മാത്രമല്ലെന്നും ആരോഗ്യമേഖലയെ ബാധിക്കുന്ന വലിയൊരു പ്രതിസന്ധിയാണെന്നും സ്ഥാപനത്തിന്റെ സി.ഇ.ഒ റാന്‍ഡി റിയോസ് കാസ്‌ട്രോ വ്യക്തമാക്കുന്നു.

പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഫിലിപ്പ് കന്നറിന്റെ കണക്കനുസരിച്ച്, സംരക്ഷണ പദവിയിലുണ്ടായിരുന്ന 3,30,000 ഹെയ്തിക്കാരില്‍ 21,000 പേര്‍ പരിചാരകരായും നഴ്‌സിംഗ് അസിസ്റ്റന്റുമാരായുമാണ് ജോലി ചെയ്തിരുന്നത്. ഏകദേശം 77,000 രോഗികള്‍ക്ക് ഇവര്‍ സേവനം നല്‍കിയിരുന്നു. ഇവരുടെ പെട്ടെന്നുള്ള പുറത്താക്കല്‍ അമേരിക്കയുടെ പരിചരണ മേഖലയെ കൂടുതല്‍ തളര്‍ത്തിയിരിക്കുകയാണ്. 2010-ലുണ്ടായ ഭൂകമ്പത്തിന് ശേഷമാണ് അമേരിക്ക ഹെയ്തിക്കാര്‍ക്ക് താല്‍ക്കാലിക സംരക്ഷണ പദവി അനുവദിച്ചത്. എന്നാല്‍ ഹെയ്തിയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം ഈ ആനുകൂല്യം നിര്‍ത്തലാക്കിയത്.

ക്രമസമാധാന നില തകര്‍ന്ന് ആഭ്യന്തര സംഘര്‍ഷങ്ങളും ദാരിദ്ര്യവും രൂക്ഷമായി തുടരുന്ന ഹെയ്തിയിലേക്ക് മടങ്ങുകയോ, അല്ലെങ്കില്‍ അമേരിക്കയില്‍ തുടര്‍ന്ന് അറസ്റ്റും നാടുകടത്തലും നേരിടുകയോ ചെയ്യുക എന്ന കടുത്ത പ്രതിസന്ധിയിലാണ് ഇപ്പോള്‍ ഈ കുടിയേറ്റക്കാര്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam