ന്യൂയോർക്ക് : യു.എസിലെ പ്രമുഖ ഗ്രോസറി ശൃംഖലയായ പബ്ലിക്സിന്റെ സ്റ്റോറുകളിൽ വിറ്റഴിച്ച ഫ്രോസൺ ബ്ലൂബെറികളുടെയും മിക്സ്ഡ് ബെറികളും എഫ്.ഡി.എ (FDA) തിരിച്ചുവിളിച്ചു. ഉൽപ്പന്നം ഉപയോഗിക്കുന്നത് വഴി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കോ ജീവഹാനിക്കോ സാധ്യതയുള്ള സാഹചര്യങ്ങളിലാണ് എഫ്.ഡി.എ ഈ ഉയർന്ന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുന്നത്.
ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജൂലൈ 29-നാണ് നാല് തരം 'ഗ്രീൻവൈസ് ഓർഗാനിക്' ഫ്രോസൺ ബെറികൾ പബ്ലിക്സ് വിപണിയിൽ നിന്ന് തിരിച്ചെടുക്കാൻ തുടങ്ങിയത്. എട്ട് യു.എസ് സംസ്ഥാനങ്ങളിലായി ഇതിനോടകം 12 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) വ്യക്തമാക്കി. എന്നാൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അലാബാമ, ഫ്ലോറിഡ, ജോർജ്ജിയ, കെന്റക്കി, നോർത്ത് കരോലിന, സൗത്ത് കരോലിന, ടെന്നസി, വിർജീനിയ എന്നീ സംസ്ഥാനങ്ങളിലെ പബ്ലിക്സ് സ്റ്റോറുകളിൽ വിതരണം ചെയ്ത 10 ഔൺസ്, 48 ഔൺസ് പാക്കറ്റുകളിലുള്ള ഗ്രീൻവൈസ് ഓർഗാനിക് ബ്ലൂബെറി, മിക്സ്ഡ് ബെറി ഉൽപ്പന്നങ്ങളാണ് റീക്കോൾ ചെയ്തിരിക്കുന്നത്. 2028 ഫെബ്രുവരി 9-ന് മുൻപ് കാലാവധി പൂർത്തിയാകുന്ന ഈ പാക്കറ്റുകൾ വാങ്ങിയവർ ഉടൻ തന്നെ ഇവ വലിച്ചെറിയുകയോ പബ്ലിക്സ് സ്റ്റോറുകളിൽ തിരികെ നൽകി പണം കൈപ്പറ്റുകയോ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ശക്തമായ വയറുവേദന, വയറിളക്കം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയയാണ് ഇ. കോളി. ഗുരുതരമായ സാഹചര്യങ്ങളിൽ ഇത് ഹീമോലിറ്റിക് യുറീമിക് സിൻഡ്രോമിനും അതുവഴി വൃക്കകളുടെ പ്രവർത്തനരഹിതമാകലിനും കാരണമായേക്കാം. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ സാൽമൊണെല്ല ബാധയുടെ പശ്ചാത്തലത്തിൽ വിപണിയിലെത്തിയ മുട്ടകൾ തിരിച്ചു വിളിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
