പൗരത്വം റദ്ദാക്കാല്‍ അത്ര എളുപ്പമല്ല; കടുത്ത നീക്കങ്ങള്‍ക്കിടയിലും നിയമ-പ്രായോഗിക തടസങ്ങള്‍ ശക്തമെന്ന് റിപ്പോര്‍ട്ട്

JUNE 2, 2026, 7:12 PM

വാഷിങ്ടണ്‍: അമേരിക്കന്‍ പൗരത്വം നേടിയ വിദേശികളുടെ പൗരത്വം റദ്ദാക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ കടുത്ത പ്രഖ്യാപനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ വലിയ നിയമ തടസങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ പബ്ലിക് റേഡിയോ (എന്‍പിആര്‍) നടത്തിയ പുതിയ വിശകലനത്തിലാണ് പൗരത്വവുമായി ബന്ധപ്പെട്ട ഭരണകൂടനടപടികള്‍ നിലവിലെ നിയമവ്യവസ്ഥയ്ക്കുള്ളില്‍ എളുപ്പമല്ലെന്ന് ചൂണ്ടിക്കാണിക്കുന്നത്.

നിലവില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ള കേസുകള്‍ പരിശോധിക്കുമ്പോള്‍, ട്രംപ് ഭരണകൂടത്തിന്റെ ഭീഷണികളേക്കാള്‍ വളരെ പരിമിതമായ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാകുന്നു. അമേരിക്കയിലെ സാധാരണ കുടിയേറ്റക്കാര്‍ക്കോ അഭയാര്‍ഥികള്‍ക്കോ ഉള്ളതിനേക്കാള്‍ ശക്തമായ നിയമപരിരക്ഷയാണ് പൗരത്വം നേടിയവര്‍ക്കുള്ളത്. സാധാരണ കുടിയേറ്റക്കാരുടെ കേസുകള്‍ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിന് കീഴിലുള്ള ഇമിഗ്രേഷന്‍ ജഡ്ജിമാരാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍, പൗരത്വം റദ്ദാക്കാനുള്ള കേസുകള്‍ ഫെഡറല്‍ കോടതികളില്‍ ജഡ്ജിമാര്‍ തന്നെ നേരിട്ട് കേള്‍ക്കണം.

ഇത്തരം കേസുകളില്‍ കുറ്റം തെളിയിക്കാനുള്ള ബാധ്യത പൂര്‍ണ്ണമായും സര്‍ക്കാരിനാണ്. ഇതിനായി വലിയ തോതിലുള്ള സമയവും സര്‍ക്കാര്‍ വിഭവങ്ങളും ആവശ്യമാണ്. തന്മൂലം എല്ലാ കേസുകളിലും പെട്ടെന്ന് പൗരത്വം റദ്ദാക്കുക എന്നത് പ്രായോഗികമല്ല. മുന്‍ ഭരണകൂടങ്ങളുടെ കാലത്തും പൗരത്വം റദ്ദാക്കല്‍ നടപടികള്‍ നടന്നിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം, യുദ്ധക്കുറ്റങ്ങള്‍, വലിയ ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ എന്നിവ പൗരത്വ അപേക്ഷാ വേളയില്‍ മറച്ചുവെച്ചു എന്ന് ബോധ്യപ്പെടുന്ന കേസുകളിലാണ് സാധാരണയായി ഈ നടപടി സ്വീകരിക്കാറുള്ളത്.

മെയ് 19 വരെ ഫയല്‍ ചെയ്ത 34 കേസുകള്‍ എന്‍പിആര്‍ പരിശോധിച്ചപ്പോള്‍ ഇപ്പോഴത്തെ ട്രംപ് ഭരണകൂടവും ഇതേ രീതി തന്നെയാണ് പിന്തുടരുന്നതെന്ന് വ്യക്തമായി. വ്യാജരേഖ ചമയ്ക്കല്‍, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനം, മയക്കുമരുന്ന് കടത്ത് എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയാണ് നിലവില്‍ കേസുകള്‍ അധികവും. പൗരത്വ പ്രക്രിയയില്‍ ആവശ്യമായ മികച്ച ധാര്‍മ്മിക സ്വഭാവം കാണിച്ചില്ല എന്ന വാദമാണ് യു.എസ് നീതിന്യായ വകുപ്പ് കോടതിയില്‍ ഉയര്‍ത്തുന്നത്.

ഉദാഹരണത്തിന് ഫ്‌ളോറിഡയില്‍ താമസിക്കുന്ന മെല്‍ച്ചര്‍ മുനോസ് എന്ന വ്യക്തി പൗരത്വ നടപടികള്‍ക്കിടയില്‍ മയക്കുമരുന്ന് കച്ചവടം നടത്തുകയും അത് മറച്ചുവെക്കുകയും ചെയ്തു എന്ന് ഡിഒജെ കോടതിയില്‍ സ്ഥാപിച്ചു. ഇയാളുടെ പൗരത്വം റദ്ദാക്കിയെങ്കിലും ഗ്രീന്‍ കാര്‍ഡില്‍ നിലവില്‍ ഫ്‌ളോറിഡയില്‍ തുടരുന്ന ഇയാള്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ്.

അതേസമയം, കുറ്റവാളികള്‍ക്കെതിരെയുള്ള കേസുകള്‍ ജയിക്കാന്‍ എളുപ്പമുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ അവ തിരഞ്ഞെടുക്കുന്നതെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ ഭീഷണികള്‍ വെറും കുറ്റവാളികളില്‍ മാത്രം ഒതുങ്ങുന്നതല്ല. പ്രസിഡന്റ് ട്രംപും മറ്റ് ഉദ്യോഗസ്ഥരും തങ്ങളുടെ രാഷ്ട്രീയ എതിരാളികളായ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി, മിനസോട്ട പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍ തുടങ്ങിയവരുടെ പൗരത്വത്തിന് വരെ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. പൗരത്വം റദ്ദാക്കുന്നത് എളുപ്പമുള്ള കാര്യമായി മാറിയാല്‍, അത് പൗരത്വം നേടിയ മറ്റ് ലക്ഷക്കണക്കിന് ആളുകളുടെ രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ കാരണമാകുമെന്ന ആശങ്കയും നിയമലോകം പങ്കുവെക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam