എഐ വിപ്ലവത്തിന് ശേഷം ആദ്യമായി കടപ്പത്ര വിപണിയിലേക്ക്; വമ്പന്‍ തുക സമാഹരിക്കാന്‍ എന്‍വിഡിയ

JUNE 15, 2026, 8:06 PM

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലുണ്ടായ വന്‍ കുതിച്ചുചാട്ടത്തിന് ശേഷം ആദ്യമായി കടപ്പത്ര വിപണിയിലൂടെ വന്‍ തുക സമാഹരിക്കാന്‍ ഒരുങ്ങി പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ. വിപണിയില്‍ നിന്ന് കുറഞ്ഞത് 20 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ എന്‍വിഡിയ യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് സമര്‍പ്പിച്ചെങ്കിലും കൃത്യമായ തുക പുറത്തുവിട്ടിട്ടില്ല.

സമാഹരിക്കുന്ന തുക 25 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 7.5 ബില്യണ്‍ ഡോളറിന്റെ ദീര്‍ഘകാല കടവും ഒരു ബില്യണ്‍ ഡോളറിന്റെ ഹ്രസ്വകാല കടവുമാണ് എന്‍വിഡിയയ്ക്കുള്ളത്. മുന്‍പ് 2021 ലാണ് കമ്പനി അവസാനമായി ബോണ്ട് വില്‍പനയിലൂടെ 5 ബില്യണ്‍ ഡോളര്‍ സമാഹരിച്ചത്.

2022 ല്‍ ചാറ്റ് ജിപിടിയുടെ വരവോടെയാണ് എന്‍വിഡിയയുടെ ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റുകള്‍ക്ക് ആഗോളതലത്തില്‍ വന്‍ ഡിമാന്‍ഡ് ഉണ്ടായത്. ഇതോടെ കമ്പനിയുടെ വരുമാനത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായി. 2022 സാമ്പത്തിക വര്‍ഷത്തില്‍ വെറും 27 ബില്യണ്‍ ഡോളറായിരുന്ന കമ്പനിയുടെ വരുമാനം 2026 സാമ്പത്തിക വര്‍ഷത്തില്‍ 216 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. നിലവിലുള്ള കടങ്ങള്‍ വീട്ടുന്നതിനും പുനക്രമീകരിക്കുന്നതിനും ഉള്‍പ്പെടെയുള്ള പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായിരിക്കും ബോണ്ട് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുകയെന്ന് കമ്പനി വക്താവ് അറിയിച്ചു.

ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ ലാഭം ഉറപ്പാക്കുന്നതിനായി 80 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ തിരിച്ചുവാങ്ങുമെന്നും ഡിവിഡന്റ് നിരക്ക് ഉയര്‍ത്തുമെന്നും എന്‍വിഡിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ടെക് മേഖലയിലെ ബോണ്ട് തരംഗം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രമുഖ ടെക് കമ്പനികളെല്ലാം തന്നെ വലിയ തോതില്‍ മൂലധന സമാഹരണം നടത്തുന്നുണ്ട്. ഈ മാസം ആദ്യം ആല്‍ഫബെറ്റ് ഇക്വിറ്റി വഴി 85 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിട്ടിരുന്നു. കൂടാതെ ആമസോണ്‍ 54 ബില്യണ്‍ ഡോളറും, സൂപ്പര്‍ മൈക്രോ ഹാര്‍ഡ്‌വെയര്‍ വാങ്ങലുകള്‍ക്കായി 7 ബില്യണ്‍ ഡോളറും വിപണിയില്‍ നിന്ന് സമാഹരിച്ചിട്ടുണ്ട്.

പുതിയ വാര്‍ത്തകള്‍ പുറത്തുവന്നതോടെ തിങ്കളാഴ്ച എന്‍വിഡിയയുടെ ഓഹരി മൂല്യം 3.5 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ കമ്പനിയുടെ ഓഹരികളില്‍ 14 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam