വാഷിംഗ്ടണ്‍: വിദേശ നിര്‍മ്മിത ഡ്രോണുകളുടെയും അവയുടെ അനുബന്ധ ഘടകങ്ങളുടെയും ഇറക്കുമതിക്ക് വന്‍തോതില്‍ തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഡ്രോണുകളെ അമിതമായി ആശ്രയിക്കുന്നത് രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നിര്‍ണായക നീക്കം. സുരക്ഷാ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രമുഖ സഖ്യരാജ്യങ്ങളില്‍ നിന്നുള്ള ഡ്രോണ്‍ ഇറക്കുമതിക്കും പുതിയ തീരുവ ബാധകമായിരിക്കും.
ദേശീയ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന പ്രത്യേക ശേഷിയുള്ള വലിയ ഡ്രോണുകള്‍ക്ക് നൂറ് ശതമാനം അധിക നികുതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. താരതമ്യേന ചെറിയ വലുപ്പമുള്ള ഡ്രോണുകള്‍ക്ക് 25 ശതമാനം തീരുവ നല്‍കേണ്ടി വരും. യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലന്‍ഡ്, തായ്‌വാന്‍, ലീഷെന്‍സ്റ്റീന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഡ്രോണുകള്‍ക്ക് 15 ശതമാനവും യുകെയില്‍ നിന്നുള്ളവയ്ക്ക് 10 ശതമാനവുമാണ് തീരുവ നിശ്ചയിച്ചിരിക്കുന്നത്.
അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് നടത്തിയ പ്രത്യേക പഠനത്തിന്റെ വെളിച്ചത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ഉത്തരവില്‍ ഒപ്പുവെച്ചത്. നിലവില്‍ പ്രാദേശികമായി ആവശ്യത്തിന് ഡ്രോണുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ അമേരിക്കന്‍ വ്യവസായ മേഖലയ്ക്ക് സാധിക്കുന്നില്ല. വിദേശ ഡ്രോണുകളുടെ കടന്നുകയറ്റം അപകടകരമായ രീതിയില്‍ വര്‍ദ്ധിച്ചതും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ആഭ്യന്തര ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തീരുവയെ ഒരു പ്രധാന ആയുധമാക്കുന്നത്.
പുതിയ നികുതി നിരക്കുകള്‍ ഉത്തരവ് പുറത്തിറങ്ങി 21 ദിവസത്തിനകം നിലവില്‍ വരും. എന്നാല്‍ സുരക്ഷാ ഭീഷണി കുറഞ്ഞ അനുബന്ധ ഘടകങ്ങള്‍ക്ക് പുതിയ നികുതി ബാധകമാകാന്‍ 180 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ പ്രത്യേക പട്ടികയില്‍ നിന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഒഴിവാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും 180 ദിവസത്തിന് ശേഷമേ പുതിയ തീരുവ ബാധകമാകൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
