ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണക്കടത്തു പാതയായ ഹോർമൂസ് കടലിടുക്ക് ഉടൻ തന്നെ അമേരിക്കയുടെ സ്വന്തം ഭൂഭാഗമായി പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ഇറാനെ പൂർണ്ണമായും കീഴടക്കിയ ശേഷമായിരിക്കും ഈ ചരിത്രപരമായ പ്രഖ്യാപനം ഉണ്ടാകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരെയുള്ള സൈനിക നടപടികൾ വിജയകരമായി മുന്നേറുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാനെ ഒരിക്കലും അണുവായുധം നിർമ്മിക്കാൻ അമേരിക്ക അനുവദിക്കില്ല. ലോക സുരക്ഷ ഉറപ്പാക്കാൻ കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ നാവികസേന മേഖലയിൽ ശക്തമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിിച്ചേർത്തു.
സ്വന്തം അനുമതിയില്ലാതെ ഒരു കപ്പൽ പോലും ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വാഷിംഗ്ടൺ. യുഎസ് നാവികസേനയുടെ കവചം കടന്ന് മറ്റാർക്കും ഇവിടേക്ക് പ്രവേശിക്കാൻ സാധിക്കില്ല. അന്താരാഷ്ട്ര തലത്തിൽ ഇന്ധന വില ഉയരാനുള്ള സാധ്യത ഉണ്ടെങ്കിലും ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാൻ ഇത് അത്യാവശ്യമാണെന്ന് അദ്ദേഹം സമർത്ഥിച്ചു.
എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി. പ്രസ്താവനകളിലൂടെയോ ട്രവീറ്റുകളിലൂടെയോ വിമാനവാഹിനിക്കപ്പലുകൾ കൊണ്ടോ ഹോർമൂസ് കടലിടുക്ക് പിടിച്ചെടുക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസെം ഗരീബാബാദി പറഞ്ഞു. ഹോർമൂസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാനിൽ തന്നെയായിരിക്കും.
ഹോർമൂസ് കടലിടുക്ക് എന്നെന്നും ഇറാന്റെ ഭാഗമായി നിലനിൽക്കുമെന്നും ഗരീബാബാദി വ്യക്തമാക്കി. കപ്പൽ ഗതാഗതം എപ്പോൾ തുറക്കണമെന്നും അടയ്ക്കണമെന്നും തീരുമാനിക്കുന്നത് ടെഹ്റാൻ മാത്രമായിരിക്കും. അമേരിക്കൻ സൈന്യത്തിന്റെ ഭീഷണികൾക്ക് മുന്നിൽ ഭയന്ന് പിന്മാറുന്ന ചരിത്രം ഇറാനില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് രൂക്ഷമായതോടെ മേഖലയിലെ സമുദ്ര ഗതാഗതം പൂർണ്ണമായും നിലച്ച മട്ടിലാണ്. ലോകത്തെ ആകെ ക്രൂഡോയിൽ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയാണിത്. തർക്കം നീണ്ടുപോയാൽ ആഗോളതലത്തിൽ വൻ ഊർജ്ജ പ്രതിസന്ധിക്കും എണ്ണവില വർധനവിനും സാധ്യതയുണ്ട്.
അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് അമേരിക്കയുടെ നീക്കമെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനമുയരുന്നുണ്ട്. വൻശക്തി രാജ്യങ്ങളുടെ പോര് ഏഷ്യൻ രാജ്യങ്ങളിലെ വിപണികളെയും ബാധിച്ചേക്കാം. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ഈ പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ഗുരുതരമായ നയതന്ത്ര പ്രതിസന്ധിക്ക് വഴിതുറക്കും.
English Summary: US President Donald Trump has stated that the US will soon declare the strategic Strait of Hormuz as American territory after defeating Iran. However Tehran rejected Trump claims stating that the waterway remains under Iranian control and cannot be seized through speeches or threats.
Tags: Malayalam News: News Malayalam: Latest Malayalam News: Vachakam News: USA News: USA News Malayalam: Donald Trump: Strait of Hormuz: Iran US War: US Foreign Policy
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
