നിയന്ത്രിക്കാന്‍ ശ്രമിക്കരുത്! അഞ്ച് വര്‍ഷത്തിനകം എഐ മനുഷ്യബുദ്ധിയെ മറികടക്കുമെന്ന് ഇലോണ്‍ മസ്‌ക്

JULY 23, 2026, 10:40 AM

ന്യൂയോര്‍ക്ക്: നിര്‍മിതബുദ്ധിയുടെ വികസനം തടയാന്‍ മനുഷ്യര്‍ ശ്രമിക്കരുതെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ദി ഇക്കണോമിസ്റ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സാനി മിന്റണ്‍ ബെഡ്ഡോസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പുതിയ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്.

നിര്‍മിത ബുദ്ധിയും റോബോട്ടുകളും വിനാശകരമായി മാറാനുള്ള ചെറിയ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, എഐ നല്‍കുന്ന ശോഭനമായ ഭാവിയിലാണ് താന്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഐയുടെ വികസനം നിര്‍ത്താന്‍ ഒരു സ്റ്റോപ്പ് ബട്ടണ്‍ ലഭ്യമാണെങ്കില്‍പ്പോലും അത് അമര്‍ത്തരുത്. ലോകത്തിലെ എല്ലാവര്‍ക്കും അളവറ്റ സമൃദ്ധിയും സൗകര്യങ്ങളും നല്‍കാന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്നാണ് മസ്‌കിന്റെ വിലയിരുത്തല്‍.

ആഗോളതലത്തില്‍ ആണവ യുദ്ധം പോലുള്ള വലിയ ദുരന്തങ്ങള്‍ സംഭവിച്ചില്ലെങ്കില്‍, ഏകദേശം അഞ്ച് വര്‍ഷത്തിനുള്ളില്‍ എഐ മനുഷ്യന്റെ ബുദ്ധിശക്തിയെ പൂര്‍ണ്ണമായും മറികടക്കുമെന്ന് മസ്‌ക് പ്രവചിക്കുന്നു. ഇത് ആര്‍ക്കും തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന അത്ഭുതകരമായ ഒരു പുതിയ യുഗത്തിലേക്ക് ലോകത്തെ നയിക്കും. എന്നാല്‍ മുന്‍കാലങ്ങളില്‍ നിര്‍മിത ബുദ്ധിയെക്കുറിച്ച് മസ്‌ക് നടത്തിയ പ്രതികരണങ്ങള്‍ ഇത്രത്തോളം ശുഭാപ്തി വിശ്വാസം നിറഞ്ഞതായിരുന്നില്ല. 2014 ല്‍ നിര്‍മിത ബുദ്ധിയെ പിശാചിനെ ആവാഹിക്കുന്നതിനോട് ഉപമിച്ച അദ്ദേഹം, 2018 ല്‍ ഇത് ആണവായുധങ്ങളേക്കാള്‍ അപകടകരമാണെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൊലയാളി റോബോട്ടുകള്‍ ലോകത്തെ നശിപ്പിക്കാനുള്ള സാധ്യത 10 മുതല്‍ 20 ശതമാനം വരെയാണെന്ന തന്റെ മുന്‍ നിലപാടില്‍ അദ്ദേഹം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ട്. വരുന്ന ഒരു ദശാബ്ദത്തിനുള്ളില്‍ നിര്‍മിത ബുദ്ധിയുടെ പൂര്‍ണ നിയന്ത്രണം മനുഷ്യര്‍ക്ക് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് മസ്‌ക് മുന്നറിയിപ്പ് നല്‍കുന്നു. തന്നേക്കാള്‍ ബുദ്ധിമാനായ ഒരു എഐ സിസ്റ്റത്തെ പൂര്‍ണ്ണമായി നിയന്ത്രിക്കാനാകുമെന്ന് കരുതുന്നത് അഹങ്കാരമാണ്. മോശം ഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക മാത്രമാണ് മനുഷ്യര്‍ക്ക് മുന്നിലുള്ള വഴി. എഐക്ക് കൃത്യമായ മാനവിക മൂല്യങ്ങളുണ്ടെന്നും, അവ മനുഷ്യരോട് കരുതലോടെ പെരുമാറുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് ഇതിനുള്ള പരിഹാരം.

ഇത്തരം സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുന്‍നിര എഐ കമ്പനികളുടെ മേധാവികള്‍ നിരന്തരം ആശയവിനിമയം നടത്തണമെന്ന് മസ്‌ക് നിര്‍ദേശിച്ചു. ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് സിഇഒ ഡെമിസ് ഹസ്സാബിസുമായി ഈ വിഷയത്തില്‍ താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വരാനിരിക്കുന്ന മാറ്റങ്ങളെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കില്ലെന്നും, അതിനാല്‍ ഈ സാങ്കേതിക വിപ്ലവത്തിന്റെ യാത്ര ആസ്വദിക്കുക എന്നതാണ് നിലവിലെ മികച്ച തത്ത്വചിന്തയെന്നും പറഞ്ഞാണ് മസ്‌ക് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam