ന്യൂയോര്‍ക്ക്: യു.എസ് കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റ് ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ടൈലര്‍ റോബിന്‍സണിനെതിരായ ശാസ്ത്രീയ തെളിവുകളെ ചോദ്യം ചെയ്ത് പ്രതിഭാഗം അഭിഭാഷകര്‍. പ്രോവോയിലെ യൂട്ടാ കോടതിയില്‍ നടക്കുന്ന പ്രാഥമിക വാദം കേള്‍ക്കലിന്റെ മൂന്നാം ദിനത്തിലാണ് ഡിഎന്‍എ സാമ്പിളുകളുടെ വിശ്വസനീയതയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നത്.
പ്രതിയെ വിചാരണ ചെയ്യാന്‍ തക്കവണ്ണമുള്ള തെളിവുകള്‍ പ്രോസിക്യൂഷന്റെ പക്കലുണ്ടോ എന്ന് ജഡ്ജി ടോണി ഗ്രാഫ് വിലയിരുത്തുകയാണ്. സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്ത റൈഫിളില്‍ പ്രതിയുടെ ഡിഎന്‍എ സാന്നിധ്യം സ്ഥിരീകരിച്ചതായി എഫ്.ബി.ഐ അനലിസ്റ്റ് അമാന്‍ഡ ബാക്കര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ തോക്ക് പൊതിയാന്‍ ഉപയോഗിച്ച തോര്‍ത്തില്‍ പ്രതി റോബിന്‍സണിന്റെയും അദ്ദേഹത്തിന്റെ സഹമുറിവാടകക്കാരനായ ലാന്‍സ് ട്വിഗ്‌സിന്റെയും ഡിഎന്‍എ കണ്ടെത്തിയിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശാസ്ത്രീയ പരിശോധനാ രീതികളെ വിശദമായി ചോദ്യം ചെയ്ത പ്രതിഭാഗം, തെളിവുകളുടെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ചു.
കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ സഹമുറിവാടകക്കാരന്‍ ലാന്‍സ് ട്വിഗ്‌സിന് നിയമപരിരക്ഷ നല്‍കിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ ട്വിഗ്‌സിനെതിരെ കേസെടുക്കില്ലെന്ന ഉറപ്പിലാണ് റിക്കോര്‍ഡ് ചെയ്ത മൊഴികള്‍ പ്രോസിക്യൂഷന്‍ ശേഖരിച്ചത്. കൊലപാതകത്തില്‍ ട്വിഗ്‌സിന് പങ്കുള്ളതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബറില്‍ യൂട്ടാ വാലി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വെച്ചാണ് ചാര്‍ലി കിര്‍ക്ക് വെടിയേറ്റു മരിക്കുന്നത്. സംഭവ ദിവസം, കിര്‍ക്കിനെ വധിച്ചതായി റോബിന്‍സണ്‍ ട്വിഗ്‌സിന് മെസ്സേജ് അയച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഗൗരവമേറിയ വധശിക്ഷാ വകുപ്പുകള്‍ നേരിടുന്ന റോബിന്‍സണ്‍ ഇതുവരെ കുറ്റം സമ്മതിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. വാദകേള്‍ക്കല്‍ വെള്ളിയാഴ്ച വരെ തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
