ഡാളസ്: പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന തത്വത്തിൽ പ്രകടമാകുന്ന ഐക്യം മനുഷ്യസമൂഹവും അതിലൂടെ സഭകളും മാതൃകയായി സ്വീകരിക്കുമ്പോൾ സഭൈക്യത്തെ കുറിച്ച് ദൈവം നമ്മിൽ നിന്ന് എന്ത് ആഗ്രഹിക്കുമോ അത് പൂർത്തീകരിക്കപ്പെടുമെന്നു വേദപുസ്തകപണ്ഡിതനും കൺവെൻഷൻ പ്രാസംഗീകനുമായ സി.എസ്.ഐ കോൺഗ്രഗേഷൻ ഓഫ് ഡാളസ് വികാരി റവ. രജിവ് സുകു അച്ചൻ ഉദ്ബോധിപ്പിച്ചു.
നവംബർ 10 ഞായറാഴ്ച രാവിലെ മാർത്തോമ സി.എസ്.ഐ, സി.എൻ.ഐ സഭകൾ സഭൈക്യ പ്രാർത്ഥന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വിശുദ്ധ കുർബാന മദ്ധ്യേ'സഭകളുടെ ഐക്യം ദൈവരാജ്യ സാക്ഷ്യത്തിനായി' എന്ന വിഷയത്തെ കുറിച്ച് ധ്യാന പ്രസംഗം നടത്തുകയായിരുന്നു റവ. രജീവ് സുകു അച്ചൻ.
വ്യത്യസ്ത ചരിത്രവും പാരമ്പര്യവും അനുഷ്ഠാനങ്ങളും ഉള്ള സഭകൾ ഐക്യത്തിന്റെ ആത്മാവിൽ സമൂഹത്തിൽ സാക്ഷ്യം നിർവ്വഹിക്കുവാൻ വിളിക്കപ്പെട്ടിരുന്നെന്ന് മനസ്സിലാക്കി സഭയിലും സമൂഹത്തിലും ഐക്യം പ്രകടവും സജീവവുമാക്കണം. സഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ക്രിസ്തുവിലുള്ള ഐക്യം സാക്ഷ്യപ്പെടുത്തുന്നതിനും ദൗത്യ നിർവ്വഹണത്തിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനും ദൈവത്തിന്റെ സന്നിധിയിൽ നമ്മുടെ ഉച്ചനീചത്വങ്ങളോ നിറമോ ആരോഗ്യം ശരീരഘടന ഒന്നും വ്യത്യാസമില്ലെന്നും അച്ചൻ പറഞ്ഞു.
ദൈവത്തിനു വേണ്ടി പ്രവർത്തിക്കുവാൻ ദൈവത്തിന്റെ കൈകൾ ആയിത്തീരുവാൻ ദൈവത്തിന്റെ കാലുകളായി ദൈവത്തിന്റെ കണ്ണുകളായി മാറുവാൻ ദൈവത്തിന്റെ ഹൃദയം ആയിത്തീരുവാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ എന്നും അച്ചൻ ആശംസിച്ചു.
ഡാളസ് സെന്റ് പോൾസ് മാർത്തോമാ റവ. ഷൈജു സി. ജോയ് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി അജുമാത്യു നന്ദി പറഞ്ഞു. തുടർന്ന് അതിഥികളായി എത്തിച്ചേർന്ന സി.എസ്.ഐ കോൺഗ്രഗേഷൻ ഓഫ് ഡാളസ് വിശ്വാസികൾക്ക് ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്