ന്യൂയോര്‍ക്ക്: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഫ്ളോറിഡയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം മൈക്ക് വാള്‍ട്ട്സിനെ തിരഞ്ഞെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ അനുയായികളില്‍ ഒരാളാണ് മൈക്ക്.
യുഎസ് ആര്‍മിയുടെ ഉന്നത സ്പെഷ്യല്‍ ഫോഴ്സ് യൂണിറ്റായ ഗ്രീന്‍ ബെററ്റില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള മൈക്ക് വാള്‍ട്ട്സ് റിട്ടയേര്‍ഡ് ആര്‍മി കേണല്‍ കൂടിയാണ്. ഇന്ത്യന്‍ കോക്കസ് തലവനായ മൈക്ക് വാള്‍ട്ട്സ് ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമാണ്. 40 അംഗങ്ങള്‍ അടങ്ങുന്ന ഒരു ഉഭയകക്ഷി ഗ്രൂപ്പാണ് സെനറ്റിന്റെ ഇന്ത്യാ കോക്കസ്. പ്രതിരോധം, സുരക്ഷാ സഹകരണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന ഉറച്ച നിലപാടുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം.
അദ്ദേഹം അഫ്ഗാനിസ്ഥാനിലും, മിഡില്‍ ഈസ്റ്റിലുമെല്ലാം ഉണ്ടായിരുന്ന യുഎസ് സൈനിക വിഭാഗങ്ങളോടൊപ്പം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ഡൊണാള്‍ഡ് റംസ്ഫെല്‍ഡിന്റെ സമയത്ത് പെന്റഗണില്‍ അഫ്ഗാന്റെ നയ ഉപദേശകനായും ജോലി ചെയ്തിട്ടുണ്ട്. അഫ്ഗാനില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തെ ശക്തമായ എതിര്‍ത്തയാളാണ് മൈക്ക് വാള്‍ട്ട്സ്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ വീണ്ടും അധികാരത്തിലേറിയത്.
2019 മുതല്‍ യുഎസ് ജനപ്രതിനിധി സഭയില്‍ അംഗമാണ്. ഇന്ത്യയ്ക്ക് എല്ലാ മേഖലയിലും ശക്തമായ പിന്തുണ നല്‍കുന്ന മൈക്ക് വാള്‍ട്ട്സ് കടുത്ത ചൈന വിമര്‍ശകന്‍ കൂടിയാണ്. സാങ്കേതികവിദ്യയില്‍ ഉള്‍പ്പെടെ ചൈനീസ് ആശ്രിതത്വം കുറയ്ക്കണമെന്ന ഉറച്ച നിലപാട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും, കൊറോണ മഹാമാരിയുടെ സമയത്ത് ചൈനയുടെ പങ്ക് സംബന്ധിച്ചുമെല്ലാം മൈക്ക് കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. 2022ല്‍ ബിജിങ്ങില്‍ നടന്ന വിന്റര്‍ ഒളിമ്പിക്സില്‍ അമേരിക്ക പങ്കെടുക്കരുതെന്നും അന്ന് അദ്ദേഹം ആവശ്യം ഉന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്