സ്പേസ് എക്സില്‍ 100 കോടി ഡോളറിന്റെ നിക്ഷേപവുമായി ഓസ്ട്രേലിയന്‍ കോടീശ്വരി ജിന റെന്‍ഹാര്‍ട്ട്; കമ്പനി മൂല്യം 2.5 ട്രില്യണ്‍ ഡോളറിലെത്തി

JUNE 15, 2026, 7:34 PM

സിഡ്നി: ആഗോള ഓഹരി വിപണിയില്‍ ചരിത്ര മുന്നേറ്റം നടത്തുന്ന ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സില്‍ വന്‍ നിക്ഷേപവുമായി ഓസ്ട്രേലിയയിലെ ഏറ്റവും സമ്പന്നയായ ജിന റെന്‍ഹാര്‍ട്ട്. കമ്പനിയില്‍ താന്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയ വിവരം അവര്‍ ഔദ്യോഗികമായി പുറത്തുവിട്ടു.

വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് പ്രകാരം 100 കോടിയിലധികം യു.എസ് ഡോളറിന്റെ ഓഹരികളാണ് ജിന റെന്‍ഹാര്‍ട്ട് സ്വന്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ സ്പേസ് എക്സിന്റെ ആകെ വിപണി മൂല്യം 2.5 ട്രില്യണ്‍ ഡോളറിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. വെള്ളിയാഴ്ച 150 ഡോളറില്‍ വ്യാപാരം ആരംഭിച്ച ഓഹരി വില തിങ്കളാഴ്ചത്തെ ആദ്യ പൂര്‍ണ വ്യാപാര ദിനത്തില്‍ 20 ശതമാനത്തോളം ഉയര്‍ന്ന് 192.50 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പ്രമുഖ ഇരുമ്പ് അയിര് കയറ്റുമതി കമ്പനിയായ ഹാന്‍കോക്ക് പ്രോസ്‌പെക്റ്റിംഗിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ് 72 കാരിയായ ജിന റെന്‍ഹാര്‍ട്ട്. ബ്ലൂംബെര്‍ഗ് സൂചിക പ്രകാരം 3,690 കോടി ഡോളറിന്റെ ആസ്തിയുള്ള റെന്‍ഹാര്‍ട്ടിന്റെ, ഖനന മേഖലയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ നിക്ഷേപമാണ് ഇപ്പോള്‍ സ്പേസ് എക്സില്‍ നടത്തിയിരിക്കുന്നത്.

'ചരിത്രത്തില്‍ വളരെ ചുരുക്കം ആളുകള്‍ മാത്രം ചെയ്ത് കാണിച്ച കാര്യങ്ങളാണ് ഇലോണ്‍ മസ്‌ക് യാഥാര്‍ത്ഥ്യമാക്കിയത്. അദ്ദേഹം ഭാവി ഭാവനയില്‍ കാണുക മാത്രമല്ല, അതിനെ പ്രാവര്‍ത്തികമാക്കാന്‍ ശേഷിയുള്ള കമ്പനികള്‍ കെട്ടിപ്പടുക്കുകയും ചെയ്തു. ബഹിരാകാശം, കണക്റ്റിവിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളില്‍ ഒരേപോലെ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും സമന്വയിപ്പിക്കുന്ന ലോകത്തിലെ ഏക കമ്പനിയാണ് സ്പേസ് എക്സ്.'എന്ന് ജിന റെന്‍ഹാര്‍ട്ട് വ്യക്തമാക്കി.

അമേരിക്കന്‍ വിപണി കേന്ദ്രീകരിച്ച് ജിന റെന്‍ഹാര്‍ട്ട് നടത്തുന്ന സമീപകാല നിക്ഷേപങ്ങളുടെ തുടര്‍ച്ചയാണ് ഈ പുതിയ നീക്കം. 2026 ന്റെ ആദ്യ പാദത്തില്‍ പ്രമുഖ യു.എസ് ആയുധ നിര്‍മ്മാണ കമ്പനികളായ ആര്‍.ടി.എക്‌സ്, നോര്‍ത്രോപ് ഗ്രമ്മന്‍, എല്‍3 ഹാരിസ് ടെക്‌നോളജീസ്, ലോക്ഹീഡ് മാര്‍ട്ടിന്‍ എന്നിവയിലായി റെന്‍ഹാര്‍ട്ടിന്റെ കമ്പനി 10 കോടി ഡോളറോളം നിക്ഷേപിച്ചിരുന്നു. ഇതിന് പുറമെ അമേരിക്കന്‍ മൈനിംഗ് കമ്പനിയായ റേര്‍ എര്‍ത്ത്‌സ് അമേരിക്കാസില്‍ 3.4 കോടി ഡോളറിന്റെ ആറ് ശതമാനം ഓഹരി പങ്കാളിത്തവും അവര്‍ക്കുണ്ട്.

ഹാന്‍കോക്ക് പ്രോസ്‌പെക്റ്റിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗാരി കോര്‍ട്ടെ വ്യക്തമാക്കിയത് അനുസരിച്ച്, റെന്‍ഹാര്‍ട്ടിന്റെ അപൂര്‍വ്വ ധാതു നിക്ഷേപങ്ങളും സ്പേസ് എക്സിന്റെ സാങ്കേതികവിദ്യയും തമ്മില്‍ ഭാവിയില്‍ പരസ്പരം പ്രയോജനപ്പെടുന്ന പങ്കാളിത്തത്തിന് സാധ്യതയുണ്ടെന്നാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തയായ പിന്തുണക്കാരിയാണ് ജിന റെന്‍ഹാര്‍ട്ട്. ട്രംപിന്റെ 2022 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും 2024 ല്‍ മാരലാഗോയില്‍ നടന്ന തിരഞ്ഞെടുപ്പ് വിജയ ആഘോഷത്തിലും അവര്‍ പങ്കെടുത്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam