യു.എസ് സൈന്യത്തോടൊപ്പം പോരാടിയ അഫ്ഗാന്‍ സ്വദേശി ഐ.സി.ഇ കസ്റ്റഡിയില്‍ മരിച്ചു; മരണം അലര്‍ജി മൂലമെന്ന് റിപ്പോര്‍ട്ട്

JULY 7, 2026, 11:02 AM

ന്യൂയോര്‍ക്ക്: യു.എസ് പ്രത്യേക സൈന്യത്തോടൊപ്പം ചേര്‍ന്ന് ഒരു പതിറ്റാണ്ടോളം അഫ്ഗാനിസ്ഥാനില്‍ പോരാടിയ അഫ്ഗാന്‍ സ്വദേശി മുഹമ്മദ് നസീര്‍ പക്തിയാവല്‍ (41) അമേരിക്കയിലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചു. നാടുകടത്തല്‍ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്ത് തൊട്ടടുത്ത ദിവസമാണ് അലര്‍ജി മൂലമുള്ള കടുത്ത ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പക്തിയാവല്‍ മരണപ്പെട്ടത്.

കടുത്ത അലര്‍ജി മൂലം ശ്വാസതടസ്സമുണ്ടാവുകയും അത് ആസ്ത്മ വര്‍ദ്ധിപ്പിക്കുകയും ചെയ്തതാണ് മരണകാരണമെന്ന് ഡെത്ത് സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നു. ഡാളസിലെ ആശുപത്രിയില്‍ വെച്ചുണ്ടായ മരണം ഒരു അപകടമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കന്‍ സൈന്യത്തിന്റെ വിശ്വസ്തനായ പങ്കാളിയായിരുന്ന ഒരാള്‍ക്ക് കസ്റ്റഡിയില്‍ വെച്ച് ഇത്തരമൊരു ദുരന്തം സംഭവിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 2021-ല്‍ യു.എസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറിയപ്പോഴാണ് പക്തിയാവല്‍ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തിയത്. നിയമപരമായ വഴിയിലൂടെ രാജ്യത്ത് പ്രവേശിച്ച അദ്ദേഹം അഭയത്തിനായി അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ അന്തിമ തീരുമാനം വരുന്നതിന് മുന്‍പാണ് ടെക്‌സാസിലെ റിച്ചാര്‍ഡ്‌സണിലുള്ള വീട്ടില്‍ നിന്ന് മക്കളെ സ്‌കൂളില്‍ വിടാന്‍ തയ്യാറെടുക്കുന്നതിനിടെ അദ്ദേഹത്തെ ഐ.സി.ഇ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

ഭക്ഷണത്തിനുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ കൃത്രിമം കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് ഐ.സി.ഇ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഈ കേസുകളില്‍ അദ്ദേഹത്തിനെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടിരുന്നില്ല. കസ്റ്റഡിയിലെടുത്ത സമയത്ത് പക്തിയാവലിന് ആസ്ത്മയുടെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായും, ഇന്‍ഹേലര്‍ കൂടെ കരുതാന്‍ ഭാര്യ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ അത് വാങ്ങി നല്‍കാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ആശുപത്രിയില്‍ വെച്ച് പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് കടുത്ത അലര്‍ജി അനുഭവപ്പെട്ടതും പിന്നീട് മരണം സംഭവിച്ചതും.

മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ടെക്‌സാസ് അധികൃതര്‍ ഇതുവരെ തയ്യാറാകാത്തത് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നാണ് ആരോപണം. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഈ കേസില്‍ കൃത്യമായ അന്വേഷണം വേണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകളും യു.എസ് കോണ്‍ഗ്രസ് അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam