വായനയുടെ വസന്തകാലം വരികയാണോ?

SEPTEMBER 8, 2024, 3:21 PM

ഹേയ് , വായന മരിച്ചു...! മരിക്കുക മാത്രമല്ല, മരവിച്ച്  മണ്ണോട് മണ്ണായിത്തീർന്നിരിക്കുന്നു...! എന്നൊക്കെ വലിയവായിൽ കൂകിവിളിച്ചു നടന്നവരുടെ മണ്ടയ്ക്ക് തന്നെ മുട്ടൻ തട്ടുകൊടുത്ത വില്ലാളിവീരനാണ്  അഖിൽ പി. ധർമ്മജൻ. പാതിരനേരം അങ്ങ് പാതിരപ്പള്ളിയിൽ ജനിച്ച അഖിൽ ആലപ്പുഴ എസ്.ഡി.വി. സ്‌കൂൾ, പാതിരപ്പള്ളി വി.വി.എസ്.ഡി.എൽ.പി. സ്‌കൂൾ യു.പി. സ്‌കൂൾ, മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂൾ പ്ലസ് ടുപഠനത്തിനു ശേഷം ജീവിക്കാനായി മെക്കാനിക്കൽ ഐ.ടി.ഐ. ബിരുദം നേടി.  പിന്നെ,  ഫിലിം മേക്കിങ്ങിൽക്കൂടി ഒരു ഡിപ്ലോമ അടിച്ചെടുത്തു.

എന്നാൽ എഴുത്തിന്റെ അസ്‌കിത ഏറിവന്നതോടെ ഫേസ്ബുക്കിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതിനിറയ്ക്കാൻ തുടങ്ങി. എന്നിട്ടും മതിവരാതെ 17-ാം വയസ്സിൽ ഒരു നോവൽ പടച്ചുണ്ടാക്കി. പിന്നെ അതിന്റെ പ്രസാധനവും വിതരണവും സ്വയം ഏറ്റെടുത്തു. ഇങ്ങനെ പങ്കപ്പാടുകൾ പലതും സഹിച്ച് സാഹിത്യലോകത്തേക്ക് വലിഞ്ഞുകയറിയ ടീയാനിപ്പോൾ വായനാലോകത്ത് വസന്തം വിരിയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു നോവൽ എഴുതി, സ്വയം പ്രസാധനം നടത്തി, നാടുനീളെ കൊണ്ടുനടന്ന് വിറ്റഴിച്ച  അഖിലിന്റെ മൂന്നാമത്തെ പുസ്തകം ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് മലയാളത്തിലെ ഇമ്മിണി വലിയഒന്നായ ഡിസി ബുക്‌സ് ആണ്. 

അഖിലിൻ പ്രഥമപുസ്തകത്തെ പ്രസിദ്ധീകരണ യോഗ്യമല്ലെന്നു പറഞ്ഞ് തള്ളിക്കളഞ്ഞ ഡിസി,  എഴുത്തുകാരനെ പാട്ടിലാക്കി  മൂന്നാം പുസ്തകം കൈക്കലാക്കി. അതിന്റെ പല എഡിഷനുകൾ പുറത്തിറക്കിക്കൊണ്ട് ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുകയാണ്.  അതാണ് ഡിസി. മനസ്സു വച്ചാൽ ഒന്നും അസാധ്യമല്ലെന്നു തെളിയിച്ച അഖിലിന്റെ സാഹിത്യ ജീവിതം ഇന്നും പലർക്കും അത്യത്ഭുതമാണ്. 

vachakam
vachakam
vachakam

എല്ലാവർക്കും കുട്ടിക്കാലത്ത് കഥകൾ കേൾക്കുവാൻ ഇഷ്ടമായിരിക്കും. എന്നാൽ അഖിൽ അങ്ങിനെയായിരുന്നില്ല. ടീയാന് കഥകൾ മറ്റുള്ളവരെ പറഞ്ഞുകേൾപ്പിക്കാനായിരുന്നു ഇഷ്ടം. ചൊട്ടയിലെ ആ ശീലം ചുടലവരെ കൊണ്ടുനടക്കണമെന്നാണ് മോഹം! കഥപറച്ചിലിനോടും ആ രീതിയിൽ എഴുതുന്ന കഥകളോടുമായിരുന്നു മൂപ്പർക്ക് താല്പര്യം.  കുട്ടിക്കാലത്ത് കഥപറയുന്ന കാര്യത്തിൽ ഈ വിദ്വാന്റെ  ഇരകൾ ഉറ്റ കൂട്ടുകാർ തന്നെയാണ്. അഖിൽ അവരോട് പറയുന്ന കഥകൾ അവർ അവരുടെ കൂട്ടുകാരോട് പറയും. അങ്ങനെ വായ്‌മൊഴികളിലൂടെ ഇത് സമാനപ്രായക്കാരുടെ കാതുകളിൽ എത്തും. അങ്ങനെ തന്റെ കഥകൾ കേൾക്കുവാൻ വലിയൊരു കൂട്ടം തന്നെ രൂപപ്പെട്ടുവരുന്നത് കണ്ട് ആനന്ദത്തോടെ അത്ഭുതപ്പെട്ടു നിന്നുപോയിട്ടുള്ളാ ഈവിദ്വാൻ. 

ഇവർക്ക് മുന്നിൽ കദനകഥകളും കള്ളക്കഥകളും കാട്ടുകഥകളും കടൽക്കഥകളും വേണ്ടുവോളം തട്ടിവിട്ടിരുന്നു. കള്ളകഥകൾ ആവർത്തിച്ചാവർത്തിച്ചു മടുത്തപ്പോൾ കണ്ടെത്തിയ ഉപായമായിരുന്നു എഴുത്ത്. കഥയെഴുത്തിന്റെ പരമ്പരാഗത രീതികളൊന്നും പുള്ളിക്കാരന് വശമില്ലായിരുന്നു. അതുകൊണ്ട് സാധാരണയായി ഒരു വ്യക്തി കഥ പറയുമ്പോൾ എങ്ങനെയാണോ അത് അവതരിപ്പിക്കുന്നത് ആ രീതിയിൽ തന്നെയാണ് ടീയൻ എഴുതി തുടങ്ങിയത്.

നോട്ട് ബുക്കുകളുടെ പിറകുവശങ്ങളിലൊക്കെ എന്റെ കഥകൾ എന്റെ കൈപ്പടയിൽ സ്ഥാനം പിടിച്ചു. ഈ എഴുതിവെക്കുന്ന കഥകൾ എന്റെ കൂട്ടുകാർ വാങ്ങിക്കൊണ്ടു പോകും. അവർ വായിച്ചശേഷം സ്‌കൂളുകളിലെ മറ്റു കുട്ടികൾക്കും അത് കൈമാറും. അവരുടെയെല്ലാം അഭിപ്രായത്തിൽ നിന്നുമാണ് കഥകൾ പറയുന്ന രീതിയിലുള്ള ഒരു കേൾവി സുഖം വായനയിലും കിട്ടുമെന്ന് മനസ്സിലായത്. ഈയൊരു സാഹചര്യമാണ് അഖിലിനെ കുത്തിയിരുന്നെഴുതാൻ പ്രേരിപ്പിച്ചത്. അതിനു ഫലമുണ്ടായി.

vachakam
vachakam
vachakam

ആദ്യ പുസ്തകമായ ഓജോബോർഡിന്റെ പ്രകാശനം കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ മിന്നുംതാരമായി. യക്ഷിയും മാടനും മറുതയും വിലസുന്നെന്നു നാട്ടുകാർ പറയുന്ന ഒരു മുടിഞ്ഞ ചുടുകാട്ടിൽ വച്ചായിരുന്നു ഓജോബോർഡിന്റെ കെട്ടഴിച്ച്  പ്രകാശിപ്പിച്ചത്.  രണ്ടാമത്തെ പുസ്തകമായ മൂന്നാമത്തെ പുസ്തകമാകട്ടെ,  റിയലിസ്റ്റിക് ഫിക്ഷൻ വിഭാഗത്തിലുള്ളതായിരുന്നതുകൊണ്ടാകാം ചെന്നൈ നഗരത്തെ കേന്ദ്രീകരിച്ചെഴുതിയ 'റാം c/o ആനന്ദി' എന്ന ആ നോവൽ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വച്ചുതന്നെയാണ് വെളിച്ചത്തെടുത്തത്. ഏതാണ്ട് രണ്ടുലക്ഷത്തിലേറെ ജനം വായിച്ച ഈ പുസ്തകത്തന്റെ 37 പതിപ്പുകളും പുറത്തിറങ്ങിയിരിക്കുന്നു. 

ഒരു എഴുത്തുകാരൻ പുസ്തകങ്ങൾ സ്വയം പബ്ലിഷ് ചെയ്യുക, അയാൾ തന്നെ അത് പല നഗരങ്ങളിലും ഗ്രാമങ്ങളിലുമായി കൊണ്ടുനടന്നു വിൽക്കുക, ഇതൊക്കെ പറയാൻ മാത്രമല്ല നടക്കുന്ന കാര്യം കൂടിയാണെന്നു തെളിയിച്ച ആളാണ് അഖിൽ.  ഇന്നിപ്പോൾ അഖിലിന്റെ പുസ്തകത്തിനായി വായനക്കാർ നെട്ടോട്ടമോടുന്ന സ്ഥിതിയും ഗതിയുമായി.  അടുത്ത കിത്താബിന്റെ പേരിലുമുണ്ട് പുതുമ രാത്രി 12 മണിന് ശേഷം എന്നാണ് അതിന്റെ പേര് പോലും.  അതിനായി മുട്ടിപ്പായി പ്രാർത്തനയോടെ കാത്തിരിക്കാം നമുക്ക്.

ജോഷി ജോർജ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam