ഏകദിന ക്രിക്കറ്റിൽ 11 പന്തിൽ അർധസെഞ്ച്വുറി നേടിയ വൈഭവ് സൂര്യവംശിയുടെ ലോക റെക്കോർഡിനരികിലെത്തി ഓസ്ട്രേലിയൻ താരം ജാക് ഫ്രേസർ മക്ഗുർക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ വൺഡേ കപ്പിലാണ് സൗത്ത് ഓസ്ട്രേലിയൻ താരമായ ജാക് ഫ്രേസർ 14 പന്തിൽ അർധസെഞ്ച്വറി നേടിയത്. ക്വൂൻസ് ലാൻഡിനെതിരെ അഡലെയ്ഡിൽ സൗത്ത് ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് അടിച്ച് കൂട്ടിയത്.
24 വയസുള്ള ഓപ്പണിംഗ് ബാറ്റ്സ്മാൻ ജാക് ഫ്രേസർ സ്വന്തം പേരിലുള്ള ടൂർണമെന്റ് റെക്കോർഡ് തകർത്തു കൊണ്ടാണ് പതിനാല് പന്തുകളിൽ ഫിഫ്റ്റി നേടിയത്. 63 പന്തുകളിൽ 122 റൺസാണ് താരം നേടിയത്. പത്ത് ഫോറും ഒമ്പത് സിക്സറുകളും ഉൾപ്പെടുന്ന ഇന്നിംഗ്സ്.
ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിൽ നാലാമത്തെ വേഗമേറിയ അർധസെഞ്ച്വറിയാണ് ജാക് ഫ്രേസറിന്റേത്. സൗത്ത് ഓസ്ട്രേലിയയുടെ ക്യാപ്റ്റൻ നഥാൻ മക്സ്വീനിയും മികച്ച പ്രകടനം കാഴ്ചവെച്ചു. മക്സ്വീനി തന്റെ മൂന്നാമത് ലിസ്റ്റ് എ സെഞ്ച്വറി നേടി. 103 പന്തുകളിൽ 106 റൺസാണ് ക്യാപ്റ്റന്റെ സംഭാവന.
ടോം സ്ട്രാക്കർ എറിഞ്ഞ രണ്ടാം ഓവറിൽ 22 റൺസ് അടിച്ചുകൂട്ടിയാണ് സൗത്ത് ഓസ്ട്രേലിയൻ ടീമിന്റെ ഓപ്പണിംഗ് സഖ്യം കൂറ്റൻ സ്കോറിലേക്കുള്ള പ്രയാണം ആരംഭിച്ചത്. ആറാം ഓവറിൽ ഫ്രേസർ അർധസെഞ്ച്വറി പൂർത്തിയാക്കി. 22 പന്തുകളിൽ നിന്ന് ഫ്രേസർ 75 റൺസിലെത്തി. പിന്നീടാണ് സ്കോറിംഗ് വേഗം കുറഞ്ഞത്.
നേരത്തെ 29 പന്തുകളിൽ ലിസ്റ്റ് എ സെഞ്ച്വറി നേടി റെക്കോർഡിട്ട ഫ്രേസറിന് ആ റെക്കോർഡ് മറികടക്കാനുള്ള ഫോം ഉണ്ടായിരുന്നു. എന്നാൽ, പലപ്പോഴും എടുത്തുചാടി അടിച്ച് ഔട്ടാകുന്നതിന് അടുത്തുവരെ എത്തിയ ഫ്രേസർ 49 പന്തുകളിലാണ് സെഞ്ച്വറി തികച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
