ഫെബ്രുവരി 19ന് പാകിസ്താനിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരം കളിക്കുമെന്ന് ഇംഗ്ലണ്ട്. താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങളിലും ഭരണകൂട ഭീകരതയിലും പ്രതിഷേധിച്ച് അഫ്ഗാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരം ഇംഗ്ലണ്ട് ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി)ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ മത്സരം മുൻകൂട്ടി നിശ്ചയിച്ച പോലെ നടക്കുമെന്നും സ്ഥിരീകരിച്ചു.
അഫ്ഗാനിൽ വനിതാ ടീം ഇല്ലാത്തതിനാലും ഫെബ്രുവരി 26ന് ലാഹോറിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നിന്ന് പുരുഷ ദേശീയ ടീമിനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 160 ബ്രിട്ടീഷ് എംപിമാരുടെ ഒരു ക്രോസ് പാർട്ടി ഗ്രൂപ്പ് കഴിഞ്ഞ മാസം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് കത്തെഴുതിയിരുന്നു. ഇതിനെ തുടർന്ന് യുകെ സർക്കാരുമായും ഐസിസിയുമായും വ്യാഴാഴ്ച ഇസിബി യോഗം ചേർന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ യോഗത്തിലാണ് ബ്രിട്ടീഷ് നേതാക്കളുടെ ബഹിഷ്‌കരണ ആഹ്വാനം ഇസിബി തള്ളിയത്.
അഫ്ഗാനിലെ പ്രശ്‌നത്തിന്റെ ഗൗരവവും തീവ്രതയും അംഗീകരിച്ച ഇസിബി സ്ത്രീകളെയും പെൺകുട്ടികളെയും താലിബാൻ അടിച്ചമർത്തുന്നത് ഭയാനകമാണെന്നും അഫ്ഗാനിസ്ഥാനിൽ വനിതാ ക്രിക്കറ്റ് നിരോധിച്ചത് അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതാണെന്നും പ്രസ്താവിച്ചു. എന്നിരുന്നാലും വ്യക്തിഗത മത്സരങ്ങൾ ബഹിഷ്‌കരിക്കുന്നതിനേക്കാൾ ഫലപ്രദമായ സമീപനം ആഗോള ക്രിക്കറ്റ് സമൂഹത്തിൽ നിന്നുള്ള ഏകോപിത പ്രതികരണമായിരിക്കുമെന്ന് ബോർഡ് വാദിച്ചു. സാധാരണക്കാരായ നിരവധി അഫ്ഗാനികൾക്ക് ക്രിക്കറ്റ് ഇപ്പോഴും ആസ്വാദനത്തിന്റെയും സന്തോഷത്തിന്റെയും ഉറവിടമാണെന്നും ഇസിബി പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു.
ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടും ഉൾപ്പെടുന്നത്. ഫെബ്രുവരി 26നാണ് അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടുന്നത്. ക്രിക്കറ്റിൽ പുതിയൊരു ശക്തിയായി അഫ്ഗാനിസ്ഥാൻ ഉയർന്നുവരുമ്പോഴാണ് ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളുടെ ഭാഗത്ത് നിന്നും താലിബാൻ ഭരണകൂടത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നത്. 2023 ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു. പിന്നാലെ 2024ലെ ടി20 ലോകകപ്പിൽ സെമിയിൽ എത്താനും അഫ്ഗാന് സാധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്