ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026-27 സീസൺ ഒക്ടോബറിൽ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത. വരുന്ന സീസണിലും ആഷ്‌ലി വെസ്റ്റ് വുഡിനെ പരിശീലകനായി നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റ് ചർച്ചകൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. അവസാന സീസണിന്റെ പകുതിയിൽ പരിശീലകസ്ഥാനം ഏറ്റെടുത്ത ആഷ്‌ലി ബ്ലാസ്റ്റേഴ്‌സിന്റെ ശരാശരി ടീമിനെ ഉപയോഗിച്ച് അത്ഭുതങ്ങൾ സൃഷ്ടിച്ചിരുന്നു.
അതുകൊണ്ടുതന്നെ ഇത്തവണയും ആഷ്‌ലിയെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാക്കി നിലനിർത്തണമെന്ന് ആരാധകർ ആഗ്രഹിച്ചിരുന്നു. ആദ്യ ഘട്ടം ആഷ്‌ലിയുമായി കരാർ പുതുക്കാൻ വലിയ താൽപര്യം കാട്ടാതിരുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഇപ്പോൾ അദ്ദേഹവുമായി സജീവമായ ചർച്ചയിലാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം ചില ആവശ്യങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം.
അദ്ദേഹം ആവശ്യപ്പെടുന്ന ചില വിദേശ താരങ്ങളെയടക്കം ടീമിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലേക്ക് ടീം മാനേജ്‌മെന്റ് കടക്കേണ്ടതായുണ്ട്. ആഷ്‌ലിയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തയ്യാറാവാനാണ് സാധ്യത. ഇത്തവണ ശക്തമായ തിരിച്ചുവരവിനായുള്ള പരിശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുള്ളത്.
എന്തായാലും ബ്ലാസ്റ്റേഴ്‌സ് ടീമിൽ വലിയ അഴിച്ചുപണി ഇത്തവണ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇതിനോടകം പ്രധാനപ്പെട്ട പല താരങ്ങളും ബ്ലാസ്റ്റേഴ്‌സ് വിട്ട് കഴിഞ്ഞു. മുഹമ്മദ് സഹീഫ്, ഗോൾ കീപ്പർ സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, കെവിൻ യോക്ക് തുടങ്ങിയവരെല്ലാം ഇതിനോടകം ടീം വിട്ടു. ചില താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമവും ആരംഭിച്ചിട്ടുണ്ട്.
ഗോൾ കീപ്പർ ഹൃതിക് തിവാരിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ച ആരംഭിച്ചിട്ടുണ്ട്. ഗോൾകീപ്പർ തന്നെയാണ് അമരീനന്ദർ സിങ്ങുമായും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മലയാളി താരം മുഹമ്മദ് അജ്‌സൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡീഷ എഫ്‌സിയിലേക്ക് പോകാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
എന്തായാലും വരുന്ന സീസണിൽ അടിമുടി മാറ്റം ബ്ലാസ്റ്റേഴ്‌സ് വരുത്താൻ സാധ്യതയുണ്ട്. മുൻ നായകൻ അഡ്രിയാൻ ലൂണ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്. എന്നാൽ നാല് കോടി പ്രതിഫലമെങ്കിലും ഇപ്പോൾ ലൂണയെ ടീമിലേക്കെത്തിക്കാൻ ആവശ്യമാണ്. ഇത്രയും വലിയ തുകയ്ക്ക് ബ്ലാസ്റ്റേഴ്‌സ് ലൂണയെ ടീമിലേക്കെത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
പുതിയ നിക്ഷേപകരെ ക്ലബ്ബ് തേടുകയാണ്. ലുലു ഗ്രൂപ്പുമായടക്കം ചർച്ചകൾ നടക്കുകയാണ്. എന്നാൽ ഇതുവരെ ധാരണയിലേക്കെത്തിയിട്ടില്ലെന്നാണ് വിവരം. കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ നിക്ഷേപകരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെങ്കിലും ഐ.എസ്.എൽ കളിക്കാനുള്ള ആദ്യ ഘട്ട തുക കൈമാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണ ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച് ആശങ്കകളൊഴിഞ്ഞിരിക്കുകയാണ്.
എന്തായാലും ഇത്തവണ മഞ്ഞപ്പട ആരാധകരെ സന്തോഷിപ്പിക്കുന്ന തരത്തിൽ ബ്ലാസ്റ്റേഴ്‌സിന് കിടിലൻ പ്രകടനം നടത്താൻ സാധിക്കേണ്ടതായുണ്ട്. ആഷ്‌ലി വെസ്റ്റ് വുഡ് വന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് കിടിലൻ പ്രകടനത്തിലേക്കെത്താൻ സാധിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
