കൊച്ചി: ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശങ്ങളും നടത്തി സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ചതിന് പിന്നാലെ ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടിച്ചെന്ന് നടി അന്ന രാജൻ. ഇക്കാര്യം അന്ന രാജൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വ്യക്തിപരമായ അധിക്ഷേപങ്ങൾ ഇനി സഹിക്കില്ലെന്നും ഇത്തരം സംഭവങ്ങളിൽ മുന്നറിയിപ്പില്ലാതെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും താരം വ്യക്തമാക്കി.
"ഓൺലൈനിൽ ശ്രദ്ധ നേടാൻ വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുന്നവരെക്കുറിച്ച് ഞാൻ പൊതുവെ ശ്രദ്ധിക്കാറില്ല. എന്നെക്കുറിച്ച് ചില യൂട്യൂബ് ചാനലുകൾ ഉള്ളടക്കങ്ങൾ പങ്കുവെച്ചിട്ടുണ്ടെങ്കിലും അത് വിനോദത്തിനോ നിരാശ തീർക്കാനോ ഉള്ളതാണെന്ന് കരുതി അവഗണിക്കുകയായിരുന്നു പതിവ്. എന്നാൽ ആരെങ്കിലും അതിരുവിട്ട് വ്യക്തിപരമായി ഉപദ്രവിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ലക്ഷ്യമിട്ട് അധിക്ഷേപിക്കുകയോ ചെയ്താൽ ഇനി മുന്നറിയിപ്പുകൾ ഉണ്ടാകില്ല. നേരിട്ട് നിയമനടപടിയിലേക്കാണ് പോകുക," എന്നും അന്ന രാജൻ പറഞ്ഞു.
വ്യൂസിനും ശ്രദ്ധയ്ക്കുമായി മറ്റൊരാളുടെ പേരോ ഉള്ളടക്കമോ ദുരുപയോഗം ചെയ്യുന്നതിന് മുമ്പ് അതിന്റെ ഉത്തരവാദിത്തം മനസ്സിലാക്കണമെന്നും താരം ഓർമ്മിപ്പിച്ചു.
നേരത്തെയും തന്റെ ചിത്രം അശ്ലീലമായി എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ അന്ന രാജൻ ശക്തമായി രംഗത്തെത്തിയിരുന്നു. ചിത്രം ദുരുദ്ദേശ്യത്തോടെ എഡിറ്റ് ചെയ്ത് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് താരം ആരോപിച്ചത്.
സംഭവത്തിൽ ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം അക്കൗണ്ട് റിപ്പോർട്ട് ചെയ്തതായും പൊലീസിൽ പരാതി നൽകുമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അന്ന് അന്ന രാജൻ വ്യക്തമാക്കിയിരുന്നു. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യരുതെന്നും നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും താരം അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
