ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞൈടുപ്പില്‍ കേരളത്തില്‍ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 26 ന് വോട്ടെടുപ്പും ജൂണ്‍ നാലിന് ഫലവും അറിയാം.
സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും ചില മണ്ഡലങ്ങളില്‍ ബിജെപി കൂടി സ്വാധീനം ചെലുത്തുന്നതിനാല്‍ ത്രികോണ മത്സര സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. എല്‍ഡിഎഫും യുഡിഎഫും 20 ലോക്സഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എന്‍ഡിഎയില്‍ 16 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇനി നാല് സീറ്റുകളിലേക്ക് കൂടി ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. നിലവില്‍ 2016 മുതല്‍ സംസ്ഥാനം ഭരിക്കുന്നത് സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫാണ്. എന്നാല്‍ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 ല്‍ 19 സീറ്റും യുഡിഎഫിനൊപ്പമായിരുന്നു. ആ ചരിത്രം ആവര്‍ത്തിക്കാനാണ് യുഡിഎഫ് ഇത്തവണയും ലക്ഷ്യമിടുന്നത്. അതിനാല്‍ സിറ്റിംഗ് എംപിമാരില്‍ ഭൂരിഭാഗം പേരും ഇത്തവണ യുഡിഎഫിനായി മത്സരിക്കുന്നുണ്ട്.
വടകരയില്‍ സിറ്റിംഗ് എംപിയായ കെ. മുരളീധരന്‍ തൃശൂരിലേക്ക് മാറിയതും വടകരയിലേക്ക് ഷാഫി പറമ്പില്‍ എംഎല്‍എ മത്സരത്തിനെത്തുന്നതും മാത്രമാണ് വ്യത്യാസം. മുസ്ലീം ലീഗിന്റെ രണ്ട് എംപിമാര്‍ പരസ്പരം മണ്ഡലം മാറിയാണ് മത്സരിക്കുന്നത്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയതിനാല്‍ ജോസഫ് വിഭാഗത്തിന്റെ ഫ്രാന്‍സിസ് ജോര്‍ജിനാണ് നറുക്ക് വീണത്. അത് മാറ്റി നിര്‍ത്തിയാല്‍ 2019 ലെ അതേ പാറ്റേണിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി, കണ്ണൂരില്‍ കെ. സുധാകരന്‍, കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ്, എറണാകുളത്ത് ഹൈബി ഈഡന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി എന്നിവരാണ് ജനവിധി തേടുക. തിരുവനന്തപുരത്ത് ശശി തരൂര്‍, കോഴിക്കോട് എം.കെ രാഘവന്‍, പാലക്കാട് വി.കെ ശ്രീകണ്ഠന്‍, ചാലക്കുടിയില്‍ ബെന്നി ബെഹ്നാന്‍, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി) എന്നിവരും മത്സരിക്കും. കഴിഞ്ഞ തവണ എല്‍ഡിഎഫ് നേടിയ ഏക സീറ്റായ ആലപ്പുഴയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് മത്സരിക്കുന്നത്.
ഇന്ത്യ സഖ്യമായിട്ടാണ് കേന്ദ്രത്തില്‍ ബിജെപിക്കെതിരേ പോരാട്ടമെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസ്-സിപിഎം നേര്‍ക്കുനേരാണ് മത്സരം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍ തന്നെ മത്സരിക്കുന്നതുകൊണ്ടു തന്നെ ഇന്ത്യ സഖ്യത്തിന്റെ നേതൃനിരയിലുള്ള രണ്ട് നേതാക്കളാണ് ഇത്തവണ കേരളത്തില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എതിരാളി സിപിഐ ദേശീയ നേതാവ് ആനി രാജയാണ്.
ഇത്തവണ എല്‍ഡിഎഫ് മന്ത്രിയും സിറ്റിംഗ് എംഎല്‍എമാരുമടക്കം കരുത്തരെയാണ് മത്സരത്തിന് ഇറക്കിയിരിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് സിപിഐ കേന്ദ്ര കമ്മിറ്റി അംഗം ആനി രാജയാണ്. ആലത്തൂരില്‍ മന്ത്രി കെ. രാധാകൃഷ്ണനും വടകരയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജയുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. മുന്‍ മന്ത്രിമാരായ തോമസ് ഐസക് (പത്തനംതിട്ട), രവീന്ദ്രനാഥ് (ചാലക്കുടി) എന്നിവരും മത്സര രംഗത്തുണ്ട്. മലപ്പുറത്ത് വസീഫ്, പൊന്നാനിയില്‍ കെഎച്ച് ഹംസ, കോഴിക്കോട് എളമരം കരീം, കാസര്‍കോട് ബാലകൃഷ്ണന്‍, കണ്ണൂരില്‍ എംവി ജയരാജന്‍, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, കൊല്ലത്ത് മുകേഷ്, പാലക്കാട് എ വിജയരാഘവന്‍, തൃശൂരില്‍ വിഎസ് സുനില്‍ കുമാര്‍, മാവേലിക്കരയില്‍ അരുണ്‍കുമാര്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, കോട്ടയത്ത് തോമസ് ചാഴിക്കാടന്‍, എറണാകുളത്ത് കെജെ ഷൈന്‍, ആറ്റിങ്ങലില്‍ വി ജോയ് എന്നിവരാണ് എല്‍ഡിഎഫിനായി കളത്തിലിറങ്ങുന്ന മറ്റുള്ളവര്‍.
എന്‍ഡിഎക്കായും ശക്തരായ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപി, പത്തനംതിട്ടയില്‍ അനില്‍ ആന്റണി, കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി, ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, ആറ്റിങ്ങലില്‍ വി. മുരളീധരന്‍, കോഴിക്കോട് എം.ടി രമേശ്, പാലക്കാട് സി. കൃഷ്ണകുമാര്‍, മലപ്പുറത്ത് അബ്ദുള്‍ സലാം, പൊന്നാനിയില്‍ നിവേദിത സുബ്രഹ്മണ്യന്‍, വടകരയില്‍ പ്രഫുല്‍ കൃഷ്ണ, കണ്ണൂരില്‍ രഘുനാഥ് എന്നിവര്‍ ജനവിധി തേടും.
സിഎഎ തന്നെയാണ് ബിജെപിക്കെതിരേയുള്ള പ്രചാരണ ആയുധം. കോണ്‍ഗ്രസിന് ഒരുപടി മുമ്പേ എന്നോണം കേരളത്തില്‍ സി.എ.എ. നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസും സിഎഎയ്‌ക്കെതിരേ ശക്തമായി രംഗത്തുണ്ട്. അതേസമയം 2019-ലേതു പോലെയൊരു രാഹുല്‍ ഗാന്ധി തരംഗം ഇത്തവണയില്ലെന്ന് സിപിഎം വിലയിരുത്തുന്നു. കഴിഞ്ഞ തവണ ന്യൂനപക്ഷം മാറിച്ചിന്തിച്ചത് രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനം മുമ്പില്‍ കണ്ടിട്ടായിരുന്നു. അത്തരമൊരു സാഹചര്യം ഇല്ലാത്തതിനാല്‍ പല മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. ശബരിമല വിഷയം ശക്തമായ 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാര്യമായ നേട്ടം കൊയ്യാനായില്ലെങ്കിലും കോണ്‍ഗ്രസിന് ശബരിമല വിഷയം ഏറെ സഹായകരമായിട്ടുണ്ട്.
അതുപോലെ തന്നെ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത് വലിയ തലവേദനയാണ് പാര്‍ട്ടിക്ക് സൃഷ്ടിക്കുന്നത്. മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ മകള്‍ പത്മജ വേണു ഗോപാല്‍, എ.കെ ആന്റണയുടെ മകന്‍ അനില്‍ ആന്റണി തുടങ്ങി സംസ്ഥാനത്തും കേന്ദ്രത്തിലും നേതാക്കള്‍ ബിജെപിയിലേക്ക് കുടിയേറിയത് കോണ്‍ഗ്രസിനെ വലയ്ക്കുന്നുണ്ട്. ഇത് സിപിഎം പ്രചാരണ ആയുധമാക്കുന്നുണ്ട്. സൈബര്‍ ഇടങ്ങളില്‍ 'ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി' എന്ന പ്രചാരണ ടാഗുകളും ഉയരുന്നത് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നു.
അതേസമയം എസ്എഫ്‌ഐക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍, സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരം, അഴിമതി ആരോപണങ്ങള്‍, സപ്ലൈകോ പ്രതിസന്ധി, സിദ്ധാര്‍ഥന്‍ ഉള്‍പ്പെടെയുള്ളവരുടെ മരണങ്ങള്‍, വന്യജീവി ആക്രമണം, പെന്‍ഷന്‍ മുടക്കം തുടങ്ങി സംസ്ഥാന സര്‍ക്കാരിനെതിരേ നിരവധി വിഷയങ്ങളാണ് പ്രതിപക്ഷത്തിന് ആയുധമാക്കാനായി നിലവിലുള്ളത്.
അതായത് ജനവിരുദ്ധവികാരത്തിന് നടുവില്‍ നിന്നാണ് സിപിഎം തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. കേന്ദ്രം പുറത്തിറക്കിയ ഭാരത് അരിക്ക് പകരം കെ അരി കൊണ്ടുവന്ന് സര്‍ക്കാര്‍ പ്രതിരോധം തീര്‍ത്തെങ്കിലും പെന്‍ഷന്‍ മുടങ്ങിയത് തിരിച്ചടിയായി. ഇതിന് പ്രതിവിധിയെന്നോണം രണ്ട് ഗഡുക്കള്‍ നല്‍കാമെന്ന പ്രഖ്യാപനം നടത്തി സര്‍ക്കാര്‍ താത്കാലിക ആശ്വാസം കണ്ടെത്തി.
ഇത്തവണ രണ്ടക്കം കേരളത്തില്‍ നിന്ന് ഉണ്ടാകും എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. തൃശൂരും, തിരുവനന്തപുരവുമാണ് ബിജെപി നോട്ടമിട്ടിരിക്കുന്നത്. ബിജെപിയുടെ സാധ്യതാ സീറ്റുകളില്‍ മുഖ്യമായ ഒന്നായിരുന്നു തിരുവനന്തപുരം. എന്നാല്‍ ഇപ്പോള്‍ ആ മുന്‍ഗണന മാറി തൃശൂര്‍ ബിജെപി എടുക്കും എന്ന തരത്തിലേക്ക് മാറി. മാസങ്ങള്‍ക്ക് മുമ്പേ തന്നെ പ്രധാനമന്ത്രി തൃശൂരിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും തൃശൂരില്‍ ശക്തമായൊരു പോരാട്ടം കാഴ്ചവെക്കാന്‍ വേണ്ടിയായിരുന്നു.
പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുത്ത് ബിജെപിയില്‍ എത്തിച്ചത് തൃശൂരില്‍ നേട്ടമാകുമെന്ന് വിചാരിച്ചെങ്കിലും തക്കസമയത്ത് കോണ്‍ഗ്രസ് കെ മുരളീധരനെ തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയാക്കി ആപ്പ് വെച്ചത് ബിജെപിക്ക് തിരിച്ചടിയായി. മുരളീധരന്‍ തൃശൂരില്‍ മത്സരരംഗത്തെത്തിയതോടെ പത്മജ പ്രചാരണ രംഗത്ത് വേണ്ട എന്ന നിലപാടിലാണ് ബിജെപി. ഇനി കേരളം വേദിയാകുന്നത് ഇതുവരെ കാണാത്ത രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കാണ്. വിജയം ആര്‍ക്കെന്ന് ബുദ്ധിപൂര്‍വം പൊതുജനം തീരുമാനിക്കട്ടെ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്