യു.ഡി.എഫ് മന്ത്രിസഭാ ചര്‍ച്ചകള്‍ സജീവം; കോണ്‍ഗ്രസില്‍ അഞ്ച് പേര്‍ക്ക് ധാരണ, ലീഗില്‍ അനിശ്ചിതത്വം തുടരുന്നു

MAY 16, 2026, 5:51 AM

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ചര്‍ച്ചകള്‍ സജ്ജീവമായി തുടരുന്നു. വി.ഡി തീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് മന്ത്രിമാരുടെ കാര്യത്തില്‍ പ്രാഥമിക ധാരണയായതായാണ് ഹൈക്കമാന്‍ഡ് കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന.

സാമുദായിക സമവാക്യങ്ങളും പ്രാദേശിക പ്രാതിനിധ്യവും കൃത്യമായി പാലിച്ചുകൊണ്ടുള്ള പട്ടിക തയ്യാറാക്കാനാണ് മുന്നണിയിലെ ശ്രമം. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഏറക്കുറേ ഉറപ്പായിട്ടുണ്ട്. കൂടാതെ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍, കുണ്ടറയില്‍ നിന്നുള്ള ജനപ്രതിനിധി പി.സി വിഷ്ണുനാഥ്, കായംകുളത്ത് നിന്നുള്ള ജനപ്രതിനിധി എം. ലിജു എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസില്‍ നിലവില്‍ ധാരണയായിട്ടുള്ളത്.

ഇവര്‍ക്ക് പുറമേ കൊല്ലം ജില്ലയില്‍ നിന്നുള്ള വനിതാ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് ബിന്ദുകൃഷ്ണയും മന്ത്രിസ്ഥാനം ഏറക്കുറേ ഉറപ്പിച്ചിട്ടുണ്ട്. അതിനിടെ, പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തിയത് അദ്ദേഹത്തെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുവെന്ന സൂചനകള്‍ക്ക് ബലം നല്‍കിയിട്ടുണ്ട്. അതേസമയം ഒറ്റക്കക്ഷി എം.എല്‍.എമാരുള്ള ഘടകകക്ഷികള്‍ക്ക് ടേം വ്യവസ്ഥയിലാണ് മന്ത്രിസ്ഥാനം ആലോചിക്കുന്നത്. സി.പി ജോണിന് അഞ്ച് വര്‍ഷം പൂര്‍ണ ടേം നല്‍കുമ്പോള്‍, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍ എന്നിവര്‍ക്ക് രണ്ടര വര്‍ഷം വീതം നല്‍കാനാണ് കോണ്‍ഗ്രസ് ഫോര്‍മുല.

തനിക്ക് മന്ത്രിസ്ഥാനം നല്‍കാമെന്ന് മുന്നണി നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും എന്നാല്‍ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും മാണി സി. കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ മന്ത്രിമാരുടെ എണ്ണത്തെച്ചൊല്ലി മുസ്ലിം ലീഗില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന കര്‍ശന നിലപാടിലാണ് ലീഗ് നേതൃത്വം. എന്നാല്‍ നാല് മന്ത്രിസ്ഥാനങ്ങളും കാബിനറ്റ് പദവിയുള്ള മറ്റൊരു പദവിയും (സ്പീക്കര്‍/ചീഫ് വിപ്പ്) നല്‍കാം എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്.

ലീഗ് ക്യാമ്പില്‍ നിന്നും പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പി.കെ ബഷീറിനെ മന്ത്രിയാക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കെ.എം. ഷാജി, എന്‍. ഷംസുദ്ദീന്‍, വി.ഇ. അബ്ദുല്‍ ഗഫൂര്‍, പാറക്കല്‍ അബ്ദുള്ള, എ.കെ.എം. അഷ്‌റഫ് എന്നിവരുടെ പേരുകളും ലീഗിന്റെ സജീവ പരിഗണനയിലാണ്.

വകുപ്പ് വിഭജനവും മന്ത്രിമാരുടെ എണ്ണവും സംബന്ധിച്ച അന്തിമ പ്രഖ്യാപനം വരും മണിക്കൂറുകളില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം യു.ഡി.എഫ് നേതൃത്വം ഔദ്യോഗികമായി പുറത്തുവിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam