കോട്ടയം: പി.സി ജോര്‍ജ് എന്ന പേരുമായി പൂഞ്ഞാര്‍ മണ്ഡലം അത്രമേല്‍ ഇഴ ചേര്‍ന്നിരിക്കുകയാണ്. ഏത് മുന്നണിയില്‍ നിന്നാലും അതിന്റെ മേല്‍പ്പട്ടക്കാരെ വിമര്‍ശിക്കുകയും അതിന് നടപടി പേരിന് പോലും ലഭിക്കാതിരിക്കുകയും ചെയ്യുക എന്ന സൗഭാഗ്യവും രാഷ്ട്രീയത്തില്‍ പി.സിയ്ക്ക് മാത്രം.
'പി.സി.ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ' എന്ന സര്‍ട്ടിഫിക്കറ്റ് കൊടുത്തത് സാക്ഷാല്‍ കെ.എം മാണിയാണ്. മാണിയെയും ഉമ്മന്‍ചാണ്ടിയെയും വിമര്‍ശിച്ചപ്പോഴും രണ്ട് പേരും ചിരിയോടെ അതങ്ങ് തള്ളുകയായിരുന്നു. രാഷ്ട്രീയ കളരിയില്‍ സ്വന്തമായൊരു വഴിവെട്ടിയ പി.സി ജോര്‍ജ് ഇക്കുറി കളത്തില്‍ ഉണ്ടാകുമോ, ഇല്ലയോ എന്നതാണ് ചോദ്യം. അതിന് അദ്ദേഹത്തിന് കൃത്യമായ ഉത്തരമുണ്ട്. ബി.ജെ.പി. നേതൃത്വം എന്ത് പറയുന്നോ, അത് അനുസരിക്കണം. പറഞ്ഞാല്‍ മത്സരിക്കും, ജയിക്കും എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ അതിന് സാധ്യത കുറവെന്നും മകനും ബി.ജെ.പി വൈസ് പ്രസിഡന്റുമായ ഷോണ്‍ ജോര്‍ജ് പാലായില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പി.സി ജോര്‍ജ് പറയുന്നത്. അതിനാല്‍ പൂഞ്ഞാറില്‍ മറ്റൊരു നേതാവ് വരാനാണ് സാധ്യതയെന്നുമാണ് ജോര്‍ജിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിനിടെ ഒരിക്കല്‍ മാത്രമാണ് പി.സി ഇല്ലാതെ പൂഞ്ഞാറില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നത്. അത് 1991 ല്‍ ആയിരുന്നു.
കോട്ടയത്ത് ഉമ്മന്‍ചാണ്ടി, കെ.എം. മാണി എന്നിവര്‍ കഴിഞ്ഞാല്‍ ഒരുമണ്ഡലം കേന്ദ്രീകരിച്ച് ഇത്രയേറെ നാള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ മറ്റൊരു നേതാവും കോട്ടയത്തില്ല. പൂഞ്ഞാറാശാന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നവരും പി.സി. എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നവരും ഒരു കാര്യം സമ്മതിക്കും. ആ ശൈലി അദ്ദേഹത്തിന് മാത്രം. വെട്ടിത്തുറന്ന് സംസാരിച്ച് പലവട്ടം പുലിവാല് പിടിച്ച ജോര്‍ജ് പക്ഷേ, ബി.ജെ.പി പാളയത്തില്‍ മിതത്വ വഴിയിലാണ്. പാര്‍ട്ടി യോഗങ്ങള്‍ക്ക് അദ്ദേഹം ഇപ്പോള്‍ അനിവാര്യനാണ്. വാക്കുകൊണ്ട് തീപിടിപ്പിച്ച് അദ്ദേഹം ആളെ കൈയിലെടുക്കും. ഇപ്പോള്‍ അല്പം ശ്രദ്ധയും ജാഗ്രതയുമുണ്ടെന്ന് മാത്രം. അദ്ദേഹത്തെ തേടി വലിയ പദവികള്‍ വരുമെന്നാണ് അനുയായികളുടെ പക്ഷം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
