ഭരണം ഉറപ്പിച്ചു, ഇനി സംഘടന: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ചരടുവലി മുറുകുന്നു

MAY 22, 2026, 8:48 PM

തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായ വടംവലികള്‍ക്കും തര്‍ക്കങ്ങള്‍ക്കും പിന്നാലെ കോണ്‍ഗ്രസില്‍ പുതിയ കെ.പി.സി.സി. അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങളും സജീവമാകുന്നു. സംഘടനാതലത്തിലും ഭരണതലത്തിലും ഒരുപോലെ സ്വാധീനമുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അണിയറ നീക്കങ്ങളാണ് ഇപ്പോള്‍ തലസ്ഥാനത്ത് നടക്കുന്നത്.

കെ.പി.സി.സി പ്രസിഡന്റായിരുന്ന സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ് എന്നിവര്‍ പുതിയ മന്ത്രിസഭയില്‍ അംഗങ്ങളായതോടെയാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് പുതിയ മുഖങ്ങളെ തേടാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതരായത്. ഇതിനുപുറമേ മന്ത്രിസ്ഥാനത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷിനും പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്. പുതിയ പ്രസിഡന്റിനെക്കുറിച്ചുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി തുടക്കമിട്ടിട്ടില്ലെങ്കിലും, ഹൈക്കമാന്‍ഡിനെ നേരിട്ട് കണ്ട് താല്പര്യം അറിയിക്കാന്‍ പ്രമുഖ നേതാക്കള്‍ മത്സരിക്കുകയാണ്.

ഭരണവും സംഘടനയും തമ്മില്‍ യാതൊരുവിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകരുത് എന്ന കര്‍ശന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവെക്കുന്നത്. സര്‍ക്കാരുമായി പൂര്‍ണ്ണമായി സഹകരിച്ചുപോകുന്ന ഒരു നേതൃത്വമായിരിക്കണം കെ.പി.സി.സി.ക്ക് ഉണ്ടാകേണ്ടതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് പ്രമുഖ നേതാക്കളുടെ പേരുകള്‍ ഉയരുകയും പാര്‍ട്ടിയില്‍ പ്രാദേശികമായ ചേരിതിരിവ് പ്രകടമാവുകയും ചെയ്ത സാഹചര്യം നിലവിലുണ്ട്. ഈ മുറിവുകള്‍ ഉണക്കി പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാന്‍ ശേഷിയുള്ള ഒരാളെയായിരിക്കും അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുക. അതുകൊണ്ടു തന്നെ പുതിയ കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ നിലപാടിന് വലിയ പ്രാധാന്യമുണ്ടാകും.

ഭരണത്തിലെ പ്രമുഖ പദവികള്‍ ഒരു പ്രത്യേക വിഭാഗത്തിലേക്ക് കേന്ദ്രീകരിച്ച സാഹചര്യത്തില്‍, സംഘടനാ നേതൃത്വം ഇതരവിഭാഗങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. കെ.പി.സി.സി അധ്യക്ഷപദവിയിലേക്ക് തനിക്കുള്ള താല്പര്യം കൊടിക്കുന്നില്‍ സുരേഷ് ഇതിനകം തന്നെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇതുവരെ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള ആരും അധ്യക്ഷപദവിയില്‍ എത്തിയിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ശക്തമായ അവകാശവാദം ഉന്നയിക്കുന്നത്.

കൂടാതെ ബെന്നി ബെഹനാന്‍, ജോസഫ് വാഴയ്ക്കന്‍, ആന്റോ ആന്റണി, കെ.സി ജോസഫ്, മാത്യു കുഴല്‍നാടന്‍ എന്നിവരുടെ പേരുകളും സജീവമായി രംഗത്തുണ്ട്. മുതിര്‍ന്ന നേതാവെന്ന പരിഗണനയിലാണ് കെ.സി ജോസഫിന്റെ പേര് ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ പാര്‍ട്ടിക്കായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടും തനിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന ന്യായം ജോസഫ് വാഴയ്ക്കന്‍ അനുകൂലികള്‍ മുന്നോട്ടുവെക്കുന്നു.

അതേസമയം നിലവില്‍ ജനപ്രതിനിധികളായിരിക്കുന്നവര്‍ (എം.പി, എം.എല്‍.എമാര്‍) സംഘടനയുടെ തലപ്പത്തേക്ക് വരേണ്ടതില്ലെന്ന മാനദണ്ഡം ഹൈക്കമാന്‍ഡ് കര്‍ശനമാക്കിയാല്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പല പേരുകളും പട്ടികയില്‍ നിന്ന് പുറത്താകും. പൂര്‍ണമായും എഐസിസിയുടെ താല്‍പര്യപ്രകാരമായിരിക്കും പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡന്റ് പദവികളിലെ നിയമനം. എങ്കിലും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഒരു പൊതുസമ്മതനിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞാല്‍ പ്രഖ്യാപനം വേഗത്തിലുണ്ടാകും.

ഭരണനേട്ടങ്ങള്‍ക്കൊപ്പം പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തമായി നിലനിര്‍ത്തുക എന്ന ഇരട്ട വെല്ലുവിളിയാണ് പുതിയ അധ്യക്ഷനെ കാത്തിരിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങളും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും ഈ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ഘടകങ്ങളാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam