ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ടാസ്മാക്) മദ്യ അഴിമതിക്കെതിരെ തിങ്കളാഴ്ച പ്രഖ്യാപിച്ച പ്രതിഷേധ പരിപാടിക്ക് മുന്നോടിയായി തമിഴ്നാട് ബിജെപി നേതാവ് അണ്ണാമലൈ, മുന്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, സംസ്ഥാന സെക്രട്ടറി വിനോജ് പി സെല്‍വം എന്നിവരുള്‍പ്പെടെയുള്ള തമിഴ്നാട് ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ 11 മണിക്ക് നിശ്ചയിച്ചിരുന്ന പ്രതിഷേധം ഇതോടെ തടസ്സപ്പെട്ടു. നേതാക്കളെ പ്രതിഷേധ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ കസ്റ്റഡിയിലെടുത്തു.
'അവര്‍ ഞങ്ങളെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. ഞങ്ങളുടെ മുന്നൂറ് പ്രവര്‍ത്തകരെ ഒരു വിവാഹ ഹാളില്‍ അടച്ചിരിക്കുന്നു. ടാസ്മാകില്‍ നടന്നതായി ആരോപിക്കപ്പെടുന്ന 1,000 കോടി രൂപയുടെ അഴിമതിയെ ഞങ്ങള്‍ അപലപിക്കുന്നു,' തമിഴിസൈ സൗന്ദര്‍രാജന്‍ പ്രതികരിച്ചു.
ഡിഎംകെ സര്‍ക്കാര്‍ ഭയം കാരണം ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും തടവിലാക്കിയിരിക്കുകയാണെന്ന് അണ്ണാമലൈ ആരോപിച്ചു.
ടാസ്മാക് ഉള്‍പ്പെട്ട മദ്യക്കച്ചവടത്തെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനിടെയാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. ടാസ്മാക് പ്രവര്‍ത്തനങ്ങളില്‍ 1,000 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട്, അമിത വില, കൈക്കൂലി, അഴിമതി എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകള്‍ ഇഡി ഫയല്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏജന്‍സി അടുത്തിടെ തമിഴ്നാട്ടിലുടനീളം ഒന്നിലധികം റെയ്ഡുകള്‍ നടത്തി.
ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ഡിഎംകെ സര്‍ക്കാര്‍ പ്രതികരിച്ചു. ബിജെപിയുടെ പ്രതിഷേധം വിവാദമുണ്ടാക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യമിടുന്നെന്നും ഡിഎംകെ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്