തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒന്‍പതിന് തന്നെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിവെക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗത്തില്‍ ബിജെപി ഒഴികെയുള്ള കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തീരുമാനം ആയില്ല.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ച സമയക്രമം പാലിച്ച് തന്നെയാകും എസ്‌ഐആര്‍ എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് കമ്മിഷന്റെ വാശിയെങ്കില്‍ എസ്‌ഐആറുമായി സഹകരിക്കില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത സിപിഎം പ്രതിനിധി എം.വി. ജയരാജന്‍ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം. 84 ശതമാനത്തിലേറെപ്പേര്‍ക്ക് എന്യുമറേഷന്‍ ഫോറം വിതരണംചെയ്തെന്നു പറയുന്നത് കള്ളക്കണക്കാണ്. ഡിസംബര്‍ നാലിനകം ഫോറം പൂരിപ്പിച്ച് തിരികെവാങ്ങുമെന്നത് അസാധ്യവും.
പൂരിപ്പിച്ചുകിട്ടിയ ഫോറത്തിന്റെ കണക്കും കമ്മിഷന്‍ പറയുന്നില്ല. എസ്‌ഐആറിനുള്ള 30,000 ജീവനക്കാരാണ് തദ്ദേശതിരഞ്ഞെടുപ്പിനും ജോലി ചെയ്യേണ്ടത്. ഇക്കാര്യങ്ങളെല്ലാം കമ്മിഷനെ സര്‍വീസ് സംഘടനകള്‍ അറിയിച്ചതാണ്. സമയം ഡിസംബര്‍ 30 വരെയെങ്കിലും നീട്ടിയാല്‍ എന്താണ് കുഴപ്പമെന്ന് ജയരാജന്‍ ചോദിച്ചു. എസ്‌ഐആര്‍ നീട്ടിവെക്കണമെന്ന ആവശ്യം ബിജെപിയിതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശനിയാഴ്ചയിലെ യോഗത്തിലും ആവര്‍ത്തിച്ചു.
അതേസമയം വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിപിഎം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടികളുമായി സഹകരിച്ച് പരമാവധി വോട്ടുചേര്‍ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ധാരണയായി. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ രാഷ്ട്രീയനിലപാട് ഉയര്‍ത്തിപ്പിടിക്കണമെങ്കില്‍ നിയമപോരാട്ടംകൂടി വേണ്ടതുണ്ടെന്ന പൊതുവികാരമാണ് പാര്‍ട്ടിയിലുണ്ടായത്. വെള്ളിയാഴ്ച ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗത്തിന്റെ അനുമതിയോടെയാണ് സംസ്ഥാനത്തിന്റെ നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
