പത്മാ പുരസ്‌കാരവും രാഷ്ട്രീയ വിവാദങ്ങളും

JANUARY 28, 2026, 8:03 AM

ഇത്തവണത്തെ പത്മ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ കേരളത്തില്‍ വാക്‌പോരും വിവാദങ്ങളും മുറുകുകയാണ്. പത്മഭൂഷണ്‍ ലഭിച്ച എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ലക്ഷ്യമിട്ടാണ് വിവാദങ്ങള്‍ തലപ്പൊക്കിയത്.

ഇതിനിടെ എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യ നീക്കങ്ങളില്‍ നിന്ന് പെട്ടെന്നുണ്ടായ പിന്‍മാറ്റത്തിന് പിന്നിലെ രാഷ്ട്രീയവും നിലപാടും വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. ഈ ഐക്യശ്രമം ഒരു കെണിയാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍വാങ്ങിയതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചത്. വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിക്കൊണ്ടായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം.

പിന്‍മാറ്റത്തിന് പിന്നിലെ കാരണങ്ങള്‍

ഐക്യ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎ നേതാവ് കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി എത്തുന്നതിലെ വൈരുദ്ധ്യമാണ് എന്‍എസ്എസിനെ മാറി ചിന്തിപ്പിച്ചത്. ഐക്യം എന്നത് ഒരു ചതിക്കുഴിയാണെന്ന് തോന്നിയെന്നും അതില്‍ വീഴേണ്ടതില്ലെന്ന് സംഘടന തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം തുറന്ന് പറഞ്ഞത്.

ഐക്യ ചര്‍ച്ചകള്‍ക്ക് തുഷാര്‍ വെള്ളാപ്പള്ളി മൂന്ന് ദിവസത്തെ സമയം ചോദിച്ചിരുന്നു. എന്നാല്‍ ഒരു രാഷ്ട്രീയ മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന തുഷാറിന് എങ്ങനെ സമുദായ ഐക്യ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനാകുമെന്ന് സുകുമാരന്‍ നായര്‍ ചോദ്യമുയര്‍ത്തി. ഡയറക്ടര്‍ ബോര്‍ഡ് അടിയന്തരമായി വിളിച്ചുചേര്‍ത്ത് താന്‍ തന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. ബോര്‍ഡ് ഐകകണ്ഠ്യേന പിന്‍മാറ്റത്തെ പിന്തുണച്ചു. ഇതില്‍ പുറത്തുനിന്നുള്ള ആരുടെയും ഇടപെടലില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

വെള്ളാപ്പള്ളി നടേശനാണ് ഐക്യം എന്ന ആവശ്യം ആദ്യം മുന്നോട്ടുവെച്ചതെന്ന് സുകുമാരന്‍ നായര്‍ വെളിപ്പെടുത്തിയത്. വെള്ളാപ്പള്ളിക്കെതിരായ വിമര്‍ശനങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ചപ്പോഴാണ് അദ്ദേഹം ഫോണില്‍ വിളിച്ച് ഐക്യത്തെക്കുറിച്ച് സംസാരിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ അധ്യായം പൂര്‍ണ്ണമായും അവസാനിച്ചുവെന്നും എസ്എന്‍ഡിപിയുമായുള്ള ഐക്യത്തിന്റെ വാതില്‍ ഇനി തുറക്കില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

പത്മ വിവാദം

വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ ലഭിച്ചതിനെക്കുറിച്ച് തനിക്ക് ആക്ഷേപമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പത്മ പുരസ്‌കാരങ്ങളില്‍ താല്പര്യമില്ല. ആഗ്രഹിച്ചിരുന്നെങ്കില്‍ അത് നേരത്തെ തന്നെ ലഭിക്കുമായിരുന്നുവെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

സമുദായ ഐക്യം എന്നതിനേക്കാള്‍, അതിന്റെ പിന്നിലെ രാഷ്ട്രീയ അജണ്ടകളെ എന്‍എസ്എസ് ഭയക്കുന്നു എന്ന സൂചനയാണ് ഈ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. വെള്ളാപ്പള്ളിയുമായി തുടങ്ങിയ സൗഹൃദം രാഷ്ട്രീയപരമായ വിയോജിപ്പുകളെത്തുടര്‍ന്ന് പാതിവഴിയില്‍ അവസാനിച്ചിരിക്കുകയാണ്. 

കേരളം രാഷ്ട്രീയമായി പിടിക്കാനുള്ള പടവുകള്‍ കെട്ടിയൊതുക്കുന്ന ബിജെപിക്ക് അതിനുള്ള സാമൂഹികാന്തരീക്ഷം ഒരുക്കാനുതകുന്ന വിധമാണ് പദ്മാപുരസ്‌കാരത്തില്‍ സംസ്ഥാനത്തിന് ലഭിച്ച അംഗീകാരം എന്നാണ് വിലയിരുത്തല്‍. ബിജെപിയോട് ഒരുവിട്ടുവീഴ്ചയ്ക്കും ഒരുകാലത്തും തയ്യാറാകാത്ത കമ്യൂണിസ്റ്റ് നേതാവായ വി.എസ് അച്യുതാനന്ദനെയാണ് മരണാനന്തരബഹുമതിയായി പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചത്. ഒപ്പം, മൂന്നാംവട്ടം പിണറായിസര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തണമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും മുസ്ലിംവിരുദ്ധ പ്രസ്താവനയിലൂടെ വിവാദത്തിലിടംപിടിക്കുകയും ചെയ്ത വെള്ളാപ്പള്ളി നടേശന് പദ്മഭൂഷനും നല്‍കി. 

ഇത് രണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. കേന്ദ്രത്തിന്റെ ശത്രുതാമനോഭാവം പ്രചാരണായുധമാക്കുന്ന സിപിഎമ്മിന് നല്‍കുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കാവും പദ്മപുരസ്‌കാരമെന്ന സൂചന ചില സംഘപരിവാര്‍കേന്ദ്രങ്ങള്‍ നല്‍കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam