ന്യൂഡെല്‍ഹി: ബിജെപിയെ നേരിടാന്‍ ഒരുമിച്ച പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് വീണ്ടും തിരിച്ചടി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു. ഭാവിയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ വീണ്ടും ചേരുമെന്ന സൂചനയും ഫാറൂഖ് അബ്ദുള്ള നല്‍കി.
ഇന്ത്യന്‍ സഖ്യത്തിലെ ഘടകകക്ഷികളുമായുള്ള സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞു. 'സീറ്റ് വിഭജനത്തെ സംബന്ധിച്ചിടത്തോളം, നാഷണല്‍ കോണ്‍ഫറന്‍സ് സ്വന്തം ശക്തിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ രണ്ട് അഭിപ്രായമില്ല,' അബ്ദുള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യാ സഖ്യവും നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലുള്ള വിള്ളലുകള്‍ കഴിഞ്ഞ മാസം മുതല്‍ തന്നെ ദൃശ്യമായിരുന്നു. സീറ്റ് വിഭജനം ഉടന്‍ തീരുമാനിച്ചില്ലെങ്കില്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യേക സഖ്യം രൂപീകരിക്കുമെന്ന് ജനുവരിയില്‍ അബ്ദുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു.
പഞ്ചാബിലെയും ചണ്ഡീഗഡിലെയും 14 ലോക്സഭാ സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നാഷണല്‍ കോണ്‍ഫറന്‍സും മുന്നണി വിടുന്നത്. ഡെല്‍ഹിയില്‍ കോണ്‍ഗ്രസിന് ഏഴ് ലോക്‌സഭാ സീറ്റുകളില്‍ ഒന്ന് മാത്രമാണ് എഎപി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ടിഎംസി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ് ആദ്യ വെടി പൊട്ടിച്ചത്. പിന്നാലെ സഖ്യത്തിന്റെ ഉപജ്ഞാതാവായ നിതീഷ് കുമാര്‍ മുന്നണി വിട്ട് ബിജെപിയോടൊപ്പം ചേര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്