മുംബൈ: രാഷ്ട്രീയമായി തെറ്റിപ്പിരിഞ്ഞ അര്‍ദ്ധ സഹോദരന്‍മാരായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിക്കാനുള്ള സാധ്യതയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്വാഗതം ചെയ്തു. ഈ വിഷയത്തില്‍ ബിജെപിക്ക് കാര്യമൊന്നുമില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.
''അവര്‍ ഒന്നിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഇത് സംഭവിക്കുകയാണെങ്കില്‍ ആര്‍ക്കും സങ്കടപ്പെടാന്‍ കാരണമില്ല. ഒരാള്‍ ഒരു ആഹ്വാനം നല്‍കി, മറ്റൊരാള്‍ അതിനോട് പ്രതികരിച്ചു. നമ്മള്‍ എന്തിന് അതില്‍ ഇടപെടണം?'' ഫഡ്നാവിസ് പ്രതികരിച്ചു.
മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) മേധാവി രാജ് താക്കറെയും ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയും സംസ്ഥാനത്തിന്റെയും മറാത്തി ജനതയുടെയും താല്‍പ്പര്യങ്ങള്‍ക്കായി ഒന്നിക്കാന്‍ തയ്യാറാണെന്ന് ശനിയാഴ്ച പറഞ്ഞതിനെത്തുടര്‍ന്നാണ് അര്‍ദ്ധ സഹോദരന്‍മാരുടെ രാഷ്ട്രീയ പുനഃസമാഗമത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്.
ചലച്ചിത്ര നിര്‍മ്മാതാവ് മഹേഷ് മഞ്ജരേക്കറുമായുള്ള ഒരു പോഡ്കാസ്റ്റിലാണ് തന്റെ കസിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത രാജ് താക്കറെ സൂചിപ്പിച്ചത്. 'എനിക്ക് മഹാരാഷ്ട്രയുടെ താല്‍പ്പര്യം വലുതാണ്, മറ്റെല്ലാം രണ്ടാമതാണ്. അതിനായി എനിക്ക് ചെറിയ തര്‍ക്കങ്ങള്‍ മാറ്റിവെക്കാനാവും, ഉദ്ധവുമായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്. അദ്ദേഹവും അതിന് തയ്യാറാണോ എന്ന് മാത്രം തിരക്കുക,' അദ്ദേഹം പറഞ്ഞു. പിന്നാലെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് ഉദ്ധവും വ്യക്തമാക്കി.
അതേസമയം താക്കറെമാരുടെ പുനസമാഗമ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ശിവസേന നേതാവും ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ തയാറായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്