തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ.ബി ഗണേഷ്‌കുമാറാണെന്ന ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.ബി ഗണേഷ് കുമാര്‍. താന്‍ ഉമ്മന്‍ചാണ്ടിയെ ചതിച്ചുവെന്ന് ഉമ്മന്‍ചാണ്ടിപോലും പറഞ്ഞിട്ടില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. എന്തെങ്കിലും രാഷ്ട്രീയം ഉണ്ടെങ്കില്‍ അത് പറയാം. വായില്‍ വിരല്‍ ഇട്ടാല്‍ കടിക്കും. മേലില്‍ ഇത് പറയരുതെന്നും മന്ത്രി വ്യക്തമാക്കി.
തനിക്കും കുറേ പറയാനുണ്ട്. ഉമ്മന്‍ചാണ്ടിയാണ് തന്നെ ചതിച്ചത്. ഒരു കുടുംബ വഴക്കിന് മന്ത്രിയെ രാജിവെപ്പിച്ചു. തന്റെ രണ്ടു മക്കളെയും വേര്‍പിരിച്ചത് ഉമ്മന്‍ചാണ്ടിയാണ്. കാര്യങ്ങള്‍ പറയുമ്പോള്‍ അന്തസ്സ് വേണം. ഒരു കേസ് കൊട്ടാരക്കര കോടതിയില്‍ കിടപ്പുണ്ട്. ഒരാള്‍ പോലും അതില്‍ ഹാജരാവുന്നില്ല. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു മന്ത്രിസ്ഥാനം തരാം എന്ന് പറഞ്ഞിട്ട് എവിടെയെന്നും അദ്ദേഹം ചോദിച്ചു.
കൊടികുന്നില്‍ സുരേഷിന് ഇതറിയാം. ഒരു ചതിയന്‍ ആണെങ്കില്‍ കസേരയില്‍ ഇരിക്കില്ലായിരുന്നു. അതിനുശേഷവും താന്‍ തിരഞ്ഞെടുപ്പ് ജയിച്ചു. പറയാന്‍ ഇറങ്ങിയാല്‍ കൂടി പോകും. ചാണ്ടി ഉമ്മന്‍ നിര്‍ത്തുന്നതാണ് അദ്ദേഹത്തിന് നല്ലത്. പത്തനാപുരത്ത് വികസനമുണ്ട് പുതുപ്പള്ളിയില്‍ എന്തുണ്ടെന്നും അദ്ദേഹം ചോദിച്ചു. തലയില്‍ തുണിയിട്ട് ഇന്നുവരെ വോട്ട് പിടിക്കാന്‍ പോയിട്ടില്ല. ആരോടും ജാതിയും മതവും ചോദിച്ചിട്ടില്ല. താന്‍ പത്തനാപുരത്ത് ജയിക്കുമോ എന്ന് നാട്ടുകാരോട് ചോദിക്കൂവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്‍ പത്തനാപുരത്ത് നടന്ന പരിപാടിയില്‍ പറഞ്ഞത്. തന്റെ പിതാവും ആര്‍.ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു. സോളാര്‍ പരാതിക്കാരിയുടെ പരാതി 18 പേജില്‍നിന്ന് 24 പേജ് ആയി കൂടിയതിനുപിന്നില്‍ ഗണേഷ്‌കുമാറാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ കൊട്ടാരക്കര കോടതിയില്‍ കേസ് നടക്കുന്നുണ്ട്.
ഒരിക്കല്‍ നീതി ലഭിക്കുമെന്നാണ് വിശ്വാസം. കാരണം ഉമ്മന്‍ചാണ്ടി നീതിക്കു നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ സിഡി തേടി ഗണേഷ്‌കുമാര്‍ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കുമൊക്കെ യാത്രചെയ്തു. എന്നിട്ട് സിഡി കിട്ടിയോയെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
