ന്യൂഡെല്‍ഹി: മുസ്ലീം കോണ്‍ട്രാക്ടര്‍മാര്‍ക്ക് ടെന്‍ഡറുകളില്‍ 4% സംവരണം നല്‍കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം വിവാദമായി. കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ സ്വാധീനിച്ചുവെന്നും ബിജെപി ആരോപിച്ചു.
'കര്‍ണാടക സര്‍ക്കാരിന്റെ മുസ്ലീങ്ങള്‍ക്കുള്ള 4% സംവരണം രാഹുല്‍ ഗാന്ധിയുടെ പൂര്‍ണ്ണ രക്ഷാകര്‍തൃത്വത്തോടെയാണ് പാസാക്കിയത്. ഞങ്ങള്‍ ഇത് പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്,' ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ നീക്കം രാഹുല്‍ ഗാന്ധിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രസാദ് പറഞ്ഞു.
ശനിയാഴ്ച സിദ്ധരാമയ്യ മന്ത്രിസഭ കര്‍ണാടക ട്രാന്‍സ്‌പേരന്‍സി ഇന്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് (കെടിപിപി) നിയമത്തില്‍ ഭേദഗതികള്‍ അംഗീകരിച്ചു. ഇത് ഒരു കോടി രൂപ വരെയുള്ള ടെന്‍ഡറുകളില്‍ മുസ്ലീം കോണ്‍ട്രാക്ടര്‍മാര്‍ക്ക് 4 ശതമാനം സംവരണം നല്‍കുന്നതിന് വഴിയൊരുക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം ഇപ്പോള്‍ കാറ്റഗറി-2 ബി പ്രകാരം മുസ്ലീം സമുദായത്തിനായി സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞിരുന്നു.
ഈ വിഷയം കര്‍ണാടകയില്‍ മാത്രമായി ഒതുങ്ങുന്നതല്ലെന്നും രാജ്യവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും ബിജെപി കുറ്റപ്പെടുത്തി. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു നീക്കമാണിതെന്ന് ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു.
പൂര്‍ണ്ണമായും ഭരണഘടനാ വിരുദ്ധമാണ് നീക്കമെന്നും ട്രെയിന്‍ ടിക്കറ്റിലും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമോയെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
'ബിജെപി ഇതിനെ എതിര്‍ക്കുന്നു, ഞങ്ങള്‍ ഇതിനെ എതിര്‍ത്തുകൊണ്ടേയിരിക്കും... ഇന്ത്യന്‍ ഭരണഘടന പ്രകാരം മതാധിഷ്ഠിത സംവരണം അനുവദനീയമല്ല... സര്‍ക്കാര്‍ കരാറുകളിലെ സംവരണം പൂര്‍ണ്ണമായും ഭരണഘടനാ വിരുദ്ധമാണ്. സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ ഇത് അനുവദിക്കാം, പക്ഷേ ഒരു മതവിഭാഗത്തിന് നേരിട്ട് നല്‍കാന്‍ അനുവാദമില്ല,' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്