ഭോപ്പാല്‍: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് മധ്യപ്രദേശ് രാഷ്ട്രീയം. പാര്‍ട്ടി നേതൃത്വത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാണെന്ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വി.ഡി ശര്‍മ കഴിഞ്ഞ ദിവസമാണ് അവകാശപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകനുമായ നകുല്‍ കമല്‍നാഥ് ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന അഭ്യൂഹം പരന്നിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ പേര് നീക്കം ചെയ്ത നകുലിന്റെ നീക്കം ഒരു ചുവടുമാറ്റത്തിന്റെ ആദ്യ പടിയാണെന്നാണ് രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്. നകുലിനൊപ്പം കമല്‍നാഥും കോണ്‍ഗ്രസ് വിട്ടേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച കമല്‍നാഥ് ഡല്‍ഹിയിലേക്ക് നടത്തിയ യാത്രയും അഭ്യൂഹത്തിന് ആക്കം കൂട്ടുന്നു.
കോണ്‍ഗ്രസ് നേതാവ് അശോക് സിംഗിനെ രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് നോമിനേറ്റ് ചെയ്യുന്നതിന് മുമ്പ് പാര്‍ട്ടി നേതൃത്വം തന്നോട് കൂടിയാലോചിക്കാത്തത് കമല്‍നാഥിനെ ചൊടിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ കമല്‍നാഥ് കോണ്‍ഗ്രസ് വിടുമോ എന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ സംഭവിക്കില്ലെന്നാണ് മുതിര്‍ന്ന നേതാവ് ദിഖ് വിജയ സിംഗ് പറയുന്നത്.
'കഴിഞ്ഞ ദിവസം രാത്രിയില്‍ ഞാന്‍ കമല്‍നാഥുമായി സംസാരിച്ചു. അദ്ദേഹം ചിന്ദാവാരയിലാണുള്ളത്. നെഹ്‌റു-ഗാന്ധി കുടുംബത്തോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച നേതാവാണ് കമല്‍നാഥ്. സോണിയ ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും കുടുംബത്തെ വിട്ട് അദ്ദേഹം പോകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട'- ദിഗ് വിജയ സിംഗ് പറഞ്ഞു.
അതേസമയം മധ്യപ്രദേശിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാണെന്നാണ് ബിജെപി അധ്യക്ഷന്‍ വി.ഡി ശര്‍മ്മ പറയുന്നത്. കമല്‍നാഥോ അദ്ദേഹത്തിന്റെ മകനോ പാര്‍ട്ടിയിലേക്ക് വന്നാല്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്