ന്യൂഡെല്‍ഹി: കഴിഞ്ഞ രണ്ട് ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒറ്റ അക്കത്തില്‍ ഒതുങ്ങിയ ബിജെപി, 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തകര്‍പ്പന്‍ വിജയങ്ങളുടെ പിന്‍ബലത്തില്‍ വരുന്ന ബിജെപി 39 സീറ്റുകള്‍ നേടുമെന്ന് ശരാശരി അഞ്ച് എക്‌സിറ്റ് പോളുകള്‍ കാണിക്കുന്നു. 70 അസംബ്ലി സീറ്റുകളുള്ള ഡല്‍ഹിയില്‍ 36 സീറ്റുകളാണ് ഭരണം പിടിക്കാന്‍ വേണ്ടത്. കോണ്‍ഗ്രസ് 1-2 സീറ്റുകള്‍ നേടുമെന്ന് ഏതാനും സര്‍വേകള്‍ പറയുന്നു.
അതേസമയം സര്‍വേ നടത്തിയവരില്‍ മൈന്‍ഡ് ബ്രിങ്കും വീപ്രെസൈഡും ഡെല്‍ഹിയില്‍ എഎപിയുടെ തിരിച്ചുവരവുണ്ടാകുമെന്ന് പ്രവചിക്കുന്നു. മൈന്‍ഡ് ബ്രിങ്ക് എഎപിക്ക് 44-49 സീറ്റുകള്‍ നല്‍കിയപ്പോള്‍ വീപ്രെസൈഡ് 46-52 സീറ്റുകള്‍ പ്രവചിച്ചു.
എന്നിരുന്നാലും, ദേശീയ തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് മാട്രിസ് പ്രവചിച്ചത്. ബിജെപിക്ക് 35-40 സീറ്റുകളും എഎപിക്ക് 32-37 സീറ്റുകളും മാട്രിസ് നല്‍കിയിട്ടുണ്ട്.
ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത് ബിജെപിക്ക് വന്‍ വിജയമാണ്. ബി.ജെ.പിക്ക് 39-49 സീറ്റുകള്‍ വരെ പിഎംമാര്‍ക്ക് പ്രവചിച്ചപ്പോള്‍ എഎപിക്ക് 21-31 സീറ്റുകളാണ് നല്‍കിയത്. ടൈംസ് നൗ-ജെവിസി ബിജെപിക്ക് 39-45 സീറ്റുകളും എഎപിക്ക് 22-31 സീറ്റുകളും പ്രവചിക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍, പീപ്പിള്‍സ് പള്‍സാണ് ബിജെപിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നല്‍കിയത് (51-60). എഎപിക്ക് 10-19 സീറ്റുകളാണ് അവര്‍ പ്രവചിച്ചിരിക്കുന്നത്.
എക്‌സിറ്റ് പോള്‍ ഫലങ്ങളെ ബിജെപി സ്വാഗതം ചെയ്തു. ഡെല്‍ഹിയില്‍ ആപ് എന്ന അപായം അവസാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്‌ദേവ പറഞ്ഞു. എക്‌സിറ്റ് പോളുകളെ തള്ളിയ എഎപി, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി തോല്‍ക്കുമെന്ന തെറ്റായ പ്രവചനമാണ് അവ നടത്തിയതെന്ന് കുറ്റപ്പെടുത്തി. കെജ്രിവാള്‍ നാലാമതും ഡെല്‍ഹി മുഖ്യമന്ത്രിയാകുമെന്ന് എഎപി നേതാവ് റീന ഗുപ്ത അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്