ന്യൂഡെല്‍ഹി: പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ (സിഇസി) നിയമിക്കാനുള്ള പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും തിടുക്കപ്പെട്ടുള്ള 'അര്‍ദ്ധരാത്രി തീരുമാനം' അനാദരവും മര്യാദയില്ലാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എക്സില്‍ തന്റെ വിയോജിപ്പ് കുറിപ്പ് രാഹുല്‍ ഗാന്ധി പങ്കുവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ പാനലിന്റെ ഭാഗമായിരുന്ന ഗാന്ധി, സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്തതിന് കേന്ദ്രത്തെ വിമര്‍ശിച്ചു.
തിടുക്കപ്പെട്ട് എടുത്ത തീരുമാനം 'നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത'യെക്കുറിച്ചുള്ള ദശലക്ഷക്കണക്കിന് വോട്ടര്‍മാരുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് തന്റെ വിയോജനക്കുറിപ്പില്‍ പറഞ്ഞു.
''കമ്മിറ്റിയുടെ ഘടനയും പ്രക്രിയയും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഇതില്‍ വാദം കേള്‍ക്കാനിരിക്കെ, പുതിയ സിഇസിയെ തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അര്‍ദ്ധരാത്രി തീരുമാനിച്ചത് അനാദരവും മര്യാദയില്ലാത്തതുമാണ്,'' രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗവുമായ ഗ്യാനേഷ് കുമാറിനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അംഗങ്ങളായ സമിതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തെരഞ്ഞെടുത്തത്. സമിതിയിലെ മൂന്നാമത്തെ അംഗമായ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിയോജിപ്പറിയിച്ച് പ്രക്രിയയില്‍ നിന്ന് വിട്ടുനിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്