തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാനൊരുങ്ങി സിപിഎം. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ഥി ചര്‍ച്ച നടക്കുമെന്നാണ് സൂചന. ഈ മാസം 16നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കണമെന്ന നിര്‍ദേശവും സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി മാനദണ്ഡങ്ങള്‍ പ്രകാരം തീരുമാനമെടുക്കാന്‍ സിപിഎം സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി. എത്ര എംഎല്‍എമാര്‍ മത്സരിക്കണം, വനിതാ പ്രാതിനിധ്യം എത്ര വേണം എന്നതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും. സ്ഥാനാര്‍ഥി പട്ടികയില്‍ യുവ പ്രാതിനിധ്യം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടുത്തയാഴ്ച നടന്നേക്കും.
അതോടെ ജനങ്ങളുടെ പ്രതിഷേധം ഒരുപരിധിവരെ ശമിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മികച്ച ജയസാധ്യതയുണ്ടെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ സമരവും നവകേരള സദസും എല്‍ഡിഎഫിന് മേല്‍ക്കൈ നല്‍കിയെന്നാണ് സംസ്ഥാന സമിതിയുടെ കണക്കുകൂട്ടല്‍.
എല്‍ഡിഎഫിലെ സീറ്റ് വിഭജനം ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ സിപിഎം-15, സിപിഐ-4, കേരള കോണ്‍ഗ്രസ് (എം)-1 എന്നിങ്ങനെയാണ് മത്സരിക്കുന്ന കക്ഷികളും സീറ്റിന്റെ എണ്ണവും. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വന്ന കേരള കോണ്‍ഗ്രസിന് കഴിഞ്ഞ തവണ അവര്‍ യുഡിഎഫ് ടിക്കറ്റില്‍ ജയിച്ച കോട്ടയം തന്നെ ലഭിക്കും. സിപിഎമ്മും സിപിഐയും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ തന്നെയാവും മത്സരിക്കുക.
കേരള കോണ്‍ഗ്രസ് എം രണ്ടാമതൊരു സീറ്റ് കൂടി ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയിരുന്നു. ആര്‍ജെഡിയും ഒരു ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഘടകകക്ഷികള്‍ തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്ന് നേതൃത്വം ആര്‍ജെഡിയെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥിതി തുടരണം എന്ന നിലപാടാണ് സീറ്റ് വിഭജനത്തില്‍ സിപിഎം സ്വീകരിച്ചത്. 2019 വരെ 16 സീറ്റില്‍ സിപിഐഎമ്മും നാല് സീറ്റില്‍ സിപിഐയുമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വന്നിരുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ എത്തിയതോടെയാണ് അവര്‍ മത്സരിച്ചു വന്നിരുന്ന കോട്ടയം സീറ്റ് നല്‍കാന്‍ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്