ന്യൂഡെല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍ നിന്ന് വ്യതിചലിക്കുന്ന പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം തിങ്കളാഴ്ച നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭീകരാക്രമണത്തെക്കുറിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് കാരണമാവുകയും നിശിത വിമര്‍ശനം ഉയരുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ ഉത്തരവ്.
ഭീകരാക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം നടന്ന സര്‍വകക്ഷി യോഗത്തില്‍, ഭീകരാക്രമണത്തിന് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
എന്നാല്‍ നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അസ്വസ്ഥരാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയുടെ നിലപാട് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയെന്നും ബിജെപിക്ക് ആയുധമായെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
എക്സിലെ ഒരു പോസ്റ്റില്‍, വ്യക്തിഗത നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ നിലപാട് പ്രതിഫലിപ്പിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, അംഗീകൃത എഐസിസി ഭാരവാഹികള്‍ എന്നിവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികള്‍ ഗൗരവമാെടുത്ത് വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നതിനായി കോണ്‍ഗ്രസ് ഔദ്യോഗിക പ്രസ്താവന ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാര്‍ട്ടിയുടെ വീക്ഷണത്തിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ പറഞ്ഞ നേതാക്കളെ ആന്തരികമായി ശാസിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
പഹല്‍ഗാം വിഷയത്തില്‍ ഭാവിയില്‍ നടത്തുന്ന ഏതൊരു ആശയവിനിമയവും കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാട് കര്‍ശനമായി പാലിക്കണമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാനുമായി യുദ്ധത്തിന്റെ ആവശ്യമില്ലെന്നും പകരം സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. കൊലപാതകങ്ങള്‍ നടത്തുന്നതിന് മുമ്പ് ഭീകരര്‍ മതത്തെക്കുറിച്ച് ചോദിച്ചിരുന്നുവെന്ന ഇരകളുടെ കുടുംബങ്ങളുടെ അവകാശവാദത്തെ ചോദ്യം ചെയ്തുകൊണ്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് വിജയ് വദേതിവാറും വിവാദം സൃഷ്ടിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്