തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ആസ്തി കണക്കാക്കാനൊരുങ്ങി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ പല സ്വത്തുവകകളും നേതാക്കള്‍ സ്വന്തം പേരിലാക്കിയത് തിരിച്ചുപിടിക്കാനും നടപടി തുടങ്ങി. പാര്‍ട്ടി സ്വത്ത് അന്യാധീനപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ദേശീയതലത്തില്‍ ആരംഭിച്ച 'വീണ്ടെടുക്കല്‍ യത്ന'ത്തിന്റെ ഭാഗമായാണ് നടപടി.
പാര്‍ട്ടിയുടെ ആസ്തി കണക്കാക്കാന്‍ എഐസിസി വിശദമായ ഫോം സംസ്ഥാന ഘടകങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. ഡിസിസി, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് കമ്മിറ്റികള്‍ എന്നിങ്ങനെ ഓരോ തട്ടിലും സ്വന്തമായി ഓഫീസുള്ളവ, വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവ തുടങ്ങിയ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. ഓഫീസ് നിര്‍മിക്കാന്‍ പാര്‍ട്ടി ധനശേഖരണം നടത്തുകയും എന്നാല്‍ സ്ഥലം ചില നേതാക്കള്‍ സ്വന്തം പേരില്‍ ആധാരമാക്കുകയും ചെയ്ത സംഭവങ്ങളുണ്ട്.
ബന്ധപ്പെട്ട ഘടകത്തിന്റെ പ്രസിഡന്റിന്റെ പേര് രേഖപ്പെടുത്തേണ്ടി വരുമെങ്കിലും പാര്‍ട്ടി ഭാരവാഹിയെന്ന ഔദ്യോഗിക സ്ഥാനത്തിന്റെ പേരിലാകണം ആധാരം. തുടര്‍ന്ന് ആ സ്ഥാനത്ത് വരുന്ന ആളിന് ഉടമസ്ഥാവകാശം ലഭിക്കണം. എന്നാല്‍, വ്യക്തിയുടെ പേരില്‍ സ്ഥലവും കെട്ടിടവും രജിസ്റ്റര്‍ ചെയ്ത സംഭവങ്ങളുമുണ്ട്. ചിലരാകട്ടെ, താത്പര്യമുള്ള ചിലരെക്കൂടി ഉള്‍പ്പെടുത്തിയ ട്രസ്റ്റുകളുടെ പേരിലാണ് പാര്‍ട്ടി ഓഫീസ് സമ്പാദിച്ചിരിക്കുന്നത്. കരമടയ്ക്കുന്നത് വ്യക്തിയുടെയോ ട്രസ്റ്റിന്റെയോ പേരിലാണ്. ഇതിനുപകരം പാര്‍ട്ടിയുടെ പേരില്‍ കരമടയ്ക്കാന്‍ കഴിയണമെന്നാണ് എഐസിസി നിര്‍ദേശം.
സ്വത്ത് അന്യാധീനപ്പെടുന്നതിനെക്കുറിച്ച് കെപിസിസിക്ക് ചില പരാതികള്‍ ലഭിച്ചിരുന്നു. ഇവയില്‍ ആധാരത്തിന്റെ പകര്‍പ്പെടുത്തുള്ള പരിശോധന നടന്നുവരുന്നു. വ്യക്തിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ചില കെട്ടിടങ്ങള്‍ക്ക് ബന്ധപ്പെട്ട ഭാരവാഹിയുടെ മരണത്തിന് ശേഷം മക്കള്‍ അവകാശം ഉന്നയിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
കോട്ടയം ജില്ലയില്‍ ഐഎന്‍ടിയുസിയുടെ ഒരു ഓഫീസ് കെട്ടിടം പഴയ ഭാരവാഹി വീട്ടിലെ അത്യാവശ്യം പ്രമാണിച്ച് വിറ്റിരുന്നു. പാലക്കാട് ജില്ലയില്‍ പാര്‍ട്ടിയുടെ ഒരു മണ്ഡലംകമ്മിറ്റി ഓഫീസ്, ഭാരവാഹി മാറിയപ്പോള്‍ പൂട്ടിയതായും പരാതി ലഭിച്ചു. ഈ ഓഫീസും നേതാവിന്റെ പേരിലായിരുന്നു. കോഴിക്കോട്, കൊല്ലം ജില്ലകളില്‍നിന്ന് ഓഫീസ് അന്യാധീനമാകുന്നതിനെക്കുറിച്ച് പരാതികളുണ്ട്. അന്തരിച്ച ചില ഉയര്‍ന്ന നേതാക്കളുടെ പേരിലും മറ്റും പൊതുവായി പണം പിരിച്ച് പ്രാദേശികമായി ഉയര്‍ത്തിയ ചില സ്മാരകങ്ങള്‍ ട്രസ്റ്റുകളുടെ പേരിലാണ്. ഇവ പാര്‍ട്ടിയുടെ പേരില്‍ ആധാരം ചെയ്യാനുള്ള ശ്രമം നടക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്