തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പതിനാറു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്നലെ തന്നെ തീരുമാനമെടുത്തിരുന്നു. എല്ലാവരുമായി ചര്‍ച്ച നടത്തിയശേഷമാണ് പാര്‍ട്ടി തീരുമാനമെടുത്തത്. അതിന് ഇനി മാറ്റമില്ലെന്നും സതീശന്‍ വ്യക്തമാക്കി.
അതേസമയം പദ്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നില്‍ സിപിഎമ്മിന് പങ്കുണ്ടെന്നാണ് സതീശന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ഒരു റിട്ടയേഡ് ഐപിഎസ് ഓഫീസറാണ് ബിജെപിയുമായി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. റിട്ടയര്‍ ചെയ്തിട്ടും പ്രധാന സ്ഥാനം കൊടുത്ത് ഇയാളെ ഇരുത്തിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ ബിജെപിയില്‍ പോയപ്പോള്‍ ഏറ്റവും സന്തോഷമുണ്ടായത് സിപിഎം നേതാക്കള്‍ക്കാണെന്ന് വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ ബിജെപിയില്‍ പോയത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാനസികമായി വിഷമമുണ്ടാക്കും ഞങ്ങളെ ദുര്‍ബലപ്പെടുത്തും എന്നൊക്കെയായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അത് തെറ്റിപ്പോയി. വരാനിരിക്കുന്ന നാളുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെ അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് സംഘപരിവാറുമായി പോരാടുന്നതെന്ന് കൃത്യമായി ബോധ്യമാകും. ഇനിയും മനസിലാകാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വ്യക്തമാകുമെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് സംഘപരിവാറുമായി ചില ഇടനിലക്കാരുണ്ട്. അതില്‍ ഒരു ഇടനിലക്കാരനാണ് പദ്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നില്‍. അദ്ദേഹമാണ് ഇതില്‍ ഇടപെട്ടിരിക്കുന്നത്.
ആരും പോകുന്നത് ഞങ്ങളോട് പറഞ്ഞിട്ടില്ല. പദ്മജയ്ക്ക് പരാതി പറയാന്‍ ഒരു അവസരവും ഉണ്ടാക്കിയിട്ടില്ല. സാധാരണയില്‍ കവിഞ്ഞ് അനര്‍ഹമായി അവര്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കേരളം മുഴുവന്‍ ഓടി നടക്കുന്ന മഹിളാ കോണ്‍ഗ്രസ് നേതാക്കളുണ്ട്. അവരോട് കാണിക്കാന്‍ പറ്റാത്ത നീതി പദ്മജയോട് കോണ്‍ഗ്രസ് ചെയ്തിട്ടുണ്ടെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്