ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിയുടെ ബ്രിട്ടീഷ് പൗരത്വമുള്ള ഭാര്യ എലിസബത്തിനെ പാക്കിസ്ഥാനുമായും ഐഎസ്‌ഐയുമായും ബന്ധപ്പെടുത്തി നടത്തിയ ആരോപണത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് എവിടെ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് കോണ്‍ഗ്രസ്. ഹിമന്ത ശര്‍മ്മയുടെ ആരോപണങ്ങള്‍ക്ക് എന്ത് തെളിവുണ്ടെന്നും എന്തുകൊണ്ടാണ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നും കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി ചോദിച്ചു.
''ഏത് പാകിസ്ഥാന്‍ പൗരന്റെ പേരാണ് അദ്ദേഹം പറയുന്നതെന്ന് എനിക്കറിയില്ല. ആദ്യം, ഈ വിവരം എവിടെ നിന്നാണ് വന്നതെന്ന് മുഖ്യമന്ത്രി പറയണം. ഇതിന് എന്ത് തെളിവാണ് അദ്ദേഹത്തിന്റെ പക്കല്‍ ഉള്ളത്? ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത്?' അല്‍വി ചോദിച്ചു.
മുഖ്യമന്ത്രി ഇത്രയും തരംതാഴുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
''രാഷ്ട്രീയത്തിന്റെ നിലവാരം ഇത്ര താഴാന്‍ പാടില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്. മാധ്യമങ്ങളില്‍ സംസാരിച്ച് പ്രതിപക്ഷ നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നത് ഉചിതമല്ല,' ഇത്തരം പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ഭാര്യയും ബ്രിട്ടീഷ് പൗരയുമായ എലിസബത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അലി ഷെയ്ഖ് എന്ന പാകിസ്ഥാന്‍ പൗരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും ആ ബന്ധത്തിന് രാജ്യത്തിന്റെ സുരക്ഷയിലും പരമാധികാരത്തിലും എന്തെങ്കിലും സ്വാധീനമുണ്ടോയെന്ന് പരിശോധിക്കാനും അസം മന്ത്രിസഭ ഞായറാഴ്ച സംസ്ഥാനത്തെ പോലീസിനോട് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് റാഷിദ് അല്‍വിയുടെ പരാമര്‍ശം.
കാലാവസ്ഥാ വ്യതിയാന മേഖലയില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ലീഡ് പാക്കിസ്ഥാന്റെ സ്ഥാപകനാണ് അലി തൗക്കീര്‍ ഷെയ്ഖ്. ഇസ്ലാമാബാദില്‍ ചെലവഴിച്ച സമയത്ത് എലിസബത്ത് ഗൊഗോയ് സംഘടനയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്ന് ഹിമന്ത ശര്‍മ്മ ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്