മുംബൈ: തെരഞ്ഞെടുപ്പ് സംബന്ധിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് തെരഞ്ഞെടുപ്പ് വിദഗ്ധന്‍ സഞ്ജയ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി നാസിക്കിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്ന് കാണിക്കുന്ന കണക്കുകള്‍ ലോക്‌നീതി-സിഎസ്ഡിഎസിന്റെ (സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റിസ്) സഹഡയറക്ടറായ സഞ്ജയ് കുമാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത സഞ്ജയ് കുമാര്‍, വിവരങ്ങള്‍ ക്രോഡീകരിക്കുന്നതില്‍ തെറ്റ് പറ്റിയെന്ന് വെളിപ്പെടുത്തി ക്ഷമചോദിച്ച് രംഗത്തെത്തി.
എന്നാല്‍ അപ്പോഴേക്കും ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ കോളിളക്കമായി മാറിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഈ വിവരങ്ങള്‍ വെച്ച് പ്രസന്റേഷന്‍ അവതരിപ്പിക്കുകയും വോട്ട് മോഷ്ടിച്ച് വീണ്ടും അധികാരത്തിലെത്താന്‍ മോദി സര്‍ക്കാരിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വഴിവിട്ട് സഹായിച്ചെന്ന് ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും പ്രതിപക്ഷവുമായി പരസ്യമായ വാക്കുതര്‍ക്കവും നടന്നു. ഇതിന് പിന്നാലെയാണ് തന്റെ കണക്കുകള്‍ തെറ്റിപ്പോയെന്ന ഏറ്റുപറച്ചിലുമായി സഞ്ജയ് കുമാര്‍ രംഗത്തെത്തിയത്.
സഞ്ജയ് മാപ്പ് പറഞ്ഞെങ്കിലും കേസുമായി മുന്നോട്ടുപോകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ജനങ്ങള്‍ വിവരങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലെ വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ് അഭ്യര്‍ത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്