ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ വന്‍ തെരഞ്ഞെടുുപ്പ് വാഗ്ദാനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി. ഗര്‍ഭിണികള്‍ക്ക് 21,000 രൂപയും വനിതാ വോട്ടര്‍മാര്‍ക്ക് പ്രതിമാസം 2,500 രൂപയും എല്‍പിജി സിലിണ്ടറുകള്‍ക്ക് 500 രൂപ സബ്സിഡിയും വാഗ്ദാനം ചെയ്താണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഫെബ്രുവരി 5 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ 'സങ്കല്‍പ് പത്ര' പുറത്തിറക്കിയത് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയാണ്.
ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 5 ലക്ഷം രൂപയുടെ അധിക പരിരക്ഷയും പ്രഖ്യാപിച്ചു. 'ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതി അതിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തില്‍ നടപ്പിലാക്കും. ഡല്‍ഹിയില്‍ എഎപി പദ്ധതിയെ എതിര്‍ക്കുന്നു,' നദ്ദ പറഞ്ഞു.
ഡെല്‍ഹിയിലെ സ്ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള പ്രകടനപത്രിക, എല്ലാ ഹോളിക്കും ദീപാവലിക്കും പാവപ്പെട്ടവര്‍ക്ക് സൗജന്യ സിലിണ്ടറുകള്‍ വാഗ്ദാനം ചെയ്യുന്നു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിച്ച ലഡ്കി ബഹിന്‍ യോജനയുടെ മാതൃകയിാണ് ഡെല്‍ഹിയിലെ ഓരോ സ്ത്രീക്കും പ്രതിമാസം 2,500 രൂപ ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഡെല്‍ഹിയിലെ വനിതാ വോട്ടര്‍മാര്‍ക്ക് എഎപി 2,100 രൂപ പണമായി വാഗ്ദാനം ചെയ്തപ്പോള്‍, കോണ്‍ഗ്രസ് അതിന്റെ 'പ്യാരി ദീദി യോജന' പ്രകാരം പ്രതിമാസം 2,500 രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.
എല്ലാ ചേരി ക്ലസ്റ്ററുകളിലും അടല്‍ കാന്റീനുകളിലൂടെ 5 രൂപയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ബിജെപി വാഗ്ദാനം ചെയ്തു. ദേശീയ തലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ നിലവിലുള്ള എല്ലാ ക്ഷേമപദ്ധതികളും തുടരുമെന്ന് നദ്ദ വ്യക്തമാക്കി. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര തുടങ്ങി എഎപി സര്‍ക്കാരിന്റെ പദ്ധതികള്‍ ബിജെപി അവസാനിപ്പിക്കുമെന്ന് എഎപി അവകാശപ്പെടുന്നതിനിടെയാണ് പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്